
വാഷിംഗ്‌ടൺ: യുഎസിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ പൊലീസ് വാഹനം ഇടിച്ചുമരിച്ച ഇന്ത്യൻ വിദ്യാർത്ഥിനി ജാഹ്നവി കണ്ടുലയുടെ കുടുംബത്തിന് 29 ദശലക്ഷം ഡോളർ (262 കോടി) നഷ്ടപരിഹാരം നൽകും. സിയാറ്റിൽ നഗരസഭയാണ് ഇക്കാര്യം അറിയിച്ചത്. 2023ൽ വാഷിംഗ്‌ടണിലെ സിയാറ്റിലിൽവച്ചായിരുന്നു ആന്ധ്രാപ്രദേശ് സ്വദേശിയായ ജാഹ്നവി പൊലീസ് വാഹനമിടിച്ച് മരിച്ചത്.
അടിയന്തര കേസിനായി മണിക്കൂറിൽ 119 കിലോമീറ്റർ വേഗതയിൽ പാഞ്ഞുവന്ന പൊലീസ് ഓഫീസർ കെവിൻ ഡേവ് ഓടിച്ച വാഹനമാണ് യുവതിയെ ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിനുശേഷം മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനായ ഡാനിയൽ ഓഡറർ യുവതിയുടെ മരണത്തെ പരിഹസിച്ചുകൊണ്ട് സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇത് വലിയ പ്രതിഷേധത്തിന് കാരണമായി. ജാഹ്നവിയുടെ കുടുംബം നൽകിയ സിവിൽ കേസിനെത്തുടർന്നാണ് വൻതുക നഷ്ടപരിഹാരമായി നൽകാൻ തീരുമാനമായത്.
ജാഹ്നവി കണ്ടുലയുടെ മരണം അങ്ങേയറ്റം ഹൃദയഭേദകമായിരുന്നുവെന്നാണ് സിറ്റി അറ്റോർണി എറിക്ക ഇവാൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. നഷ്ടപരിഹാരം ജാൻവിയുടെ കുടുംബത്തിന് ആശ്വാസവും സമാധാനവും നൽകുമെന്ന് പ്രത്യാശിക്കുന്നു. ജാഹ്നവി കണ്ടുലയുടെ ജീവിതം വിലപ്പെട്ടതായിരുന്നു. കുടുംബത്തിനും സുഹൃത്തുക്കൾക്കും നമ്മുടെ സമൂഹത്തിനും പ്രധാനപ്പെട്ടതായിരുന്നുവെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |