
കറാച്ചി: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യനില സംബന്ധിച്ച അമിക്കസ് ക്യൂറി റിപ്പോർട്ട് പുറത്തുവന്നതിനുപിന്നാലെ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി അദ്ദേഹത്തിന്റെ മകൻ കാസിം ഖാൻ രംഗത്ത്. തന്റെ പിതാവിന്റെ ആരോഗ്യം വഷളാകുന്നതിന് രാജ്യത്തെ സർക്കാരും സൈനിക നേതൃത്വവും നേരിട്ട് ഉത്തരവാദികളാണെന്ന് കാസിം ഖാൻ ആരോപിച്ചു. റിപ്പോർട്ടുകൾ പ്രകാരം ഇമ്രാൻ ഖാന്റെ വലത് കണ്ണിന്റെ കാഴ്‌ചശക്തിയുടെ 85 ശതമാനത്തിലധികവും നഷ്‌ടപ്പെട്ടെന്നും മനഃപൂർവ്വം ചികിത്സ നിഷേധിക്കപ്പെട്ടതിന്റെ അനന്തരഫലമാണിതെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. പാകിസ്ഥാൻ പ്രതിരോധ സേനാ മേധാവി അസിം മുനീറിനെയും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെയും കാസിം ഖാൻ വിമർശിച്ചു.
'ഇമ്രാന്റെ അവസ്ഥയ്‌ക്ക് കാരണം അധികാരത്തിലിരിക്കുന്ന ഭരണകൂടവും സൈനിക മേധാവിയും അവരുടെ പാവകളുമാണ്. എന്റെ പിതാവിനെ ഏകാന്തതടവിൽ പാർപ്പിക്കാൻ അവർ നീതിന്യായ വ്യവസ്ഥയെ കൃത്രിമമായി വളച്ചൊടിച്ചു'- കാസിം കുറിച്ചു.
അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് 2023 ഓഗസ്‌റ്റ് അഞ്ചുമുതൽ 73 കാരനായ ഇമ്രാൻ ഖാൻ റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ ഏകാന്ത തടവിലാണ്. ഇതുവരെ രണ്ട് വർഷവും നാലുമാസവും പിന്നിട്ട് കഴിഞ്ഞു. മുൻ ക്രിക്കറ്റ് താരം കൂടിയായ ഇമ്രാൻ ഖാൻ തന്റെ പേരിലുള്ള കേസുകൾ രാഷ്‌ട്രീയ പ്രേരിതമാണെന്നാണ് ആരോപിക്കുന്നത്.
ഫെബ്രുവരി പത്തിനാണ് ഇമ്രാൻ ഖാന്റെ ആരോഗ്യനില സംബന്ധിച്ച അമിക്കസ് ക്യൂറി റിപ്പോർട്ട് അഡ്വ. സൽമാൻ സഫ്‌ദാർ സുപ്രീംകോടതിയിൽ സമർപ്പിച്ചത്. വലതു കണ്ണിന്റെ കാഴ്‌ചശക്തിയുടെ 85 ശതമാനവും നഷ്‌ടമായെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇമ്രാന്റെ കണ്ണിൽ രക്തം കട്ടപിടിച്ചപ്പോൾ ജയിൽ അധികൃതർ മതിയായ ചികിത്സ ലഭ്യമാക്കാത്തതാണ് കാഴ്‌ചശക്തി നഷ്‌ടമാകാൻ കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഗൗരവമായി പരിഗണിച്ച് എത്രയും വേഗം നേത്രരോഗ വിദഗ്‌ദ്ധരുടെ സംഘത്തെ ചികിത്സയ്‌ക്കായി ഏർപ്പെടുത്തണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കാഴ്‌ചയ്‌ക്ക് മങ്ങലുണ്ടാകുന്നതായി നിരന്തരം ജയിൽ സൂപ്രണ്ടിനെ അറിയിച്ചിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ഇമ്രാൻ പറഞ്ഞതായും റിപ്പോർട്ടിൽ വിവരമുണ്ട്.
കാഴ്‌ചനഷ്‌ടമാകുന്നതായുള്ള ആരോപണങ്ങൾ ഉയർന്നതിനുപിന്നാലെ പാക് സുപ്രീംകോടതി അദ്ദേഹത്തിന്റെ ചികിത്സയ്‌ക്കായി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ അധികൃതരോട് നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽബോർഡ് രൂപീകരിക്കുകയും പിംസ് ആശുപത്രിയിലെ നേത്രരോഗ വിദഗ്‌ദ്ധരെത്തി പരിശോധന നടത്തുകയും ചെയ്തു. തുടർന്ന് വലത് കണ്ണിന്റെ കാഴ്‌ച നഷ്‌ടമായതായി വ്യക്തമായി. എന്നിട്ടും മതിയായ ചികിത്സ നൽകാൻ അധികൃതർ തയ്യാറായില്ല. ഒരു ഇഞ്ചക്ഷൻ മാത്രമാണ് നൽകിയതെന്ന കാര്യവും സൽമാൻ സഫ്‌ദാർ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |