SignIn
Kerala Kaumudi Online
Saturday, 14 February 2026 6.22 AM IST

ആരറിയുന്നു ഈ സ്നേഹത്തള്ളലിന്റെ പൊരുൾ

Increase Font Size Decrease Font Size Print Page
s

ചുവപ്പ് നിറത്തിലുള്ളകൊടിയാണ് ചെങ്കൊടി , മഞ്ഞനിറത്തിലുള്ള പട്ടാണ് മഞ്ഞപ്പട്ട്... ഇങ്ങനെയുള്ള പല പ്രയോഗങ്ങളും മലയാളത്തിൽ നമുക്ക് സുപരിചിതമാണ്. ഈ കൂട്ടത്തിലേക്ക് സംസ്ഥാനത്തെ കോൺഗ്രസിന്റെ വക ഒരു സംഭാവന- 'സ്നേഹത്തള്ള"ൽ. സ്നേഹം കൂടുമ്പോഴുള്ള തള്ളലാണ് സ്നേഹത്തള്ളൽ. പരസ്പര ധാരണയും ബഹുമാനവുമൊക്കെ അല്പം കൂടുതലായതിനാൽ കോൺഗ്രസിൽ പതിറ്റാണ്ടുകൾക്ക് മുമ്പു മുതലേ ഇത്തരം തള്ളലുണ്ടെങ്കിലും അതിന് ആരും പൊതുവായ ഒരു പേരു നൽകിയിരുന്നില്ല. ഏതായാലും ആ പോരായ്മ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ 'പുതുയുഗയാത്ര"യോടെ പരിഹരിക്കപ്പെട്ടു. നൂറിലേറെ സീറ്റുകളോടെ, പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷം യു.ഡി.എഫിനെ അധികാരത്തിലെത്തിക്കാൻ അഹോരാത്രം കഷ്ടപ്പെടുന്ന സ്ഥാനമോഹിയല്ലാത്ത സതീശന്റെ പുതുയുഗയാത്ര ഭാവിയിൽ രേഖപ്പെടുത്തപ്പെടുന്നതു പോലും സ്നേഹത്തള്ളലിന്റെ പേരിലാവും. ചരിത്രപ്രാധാന്യമുള്ള ഈ പേരിടീൽ കർമത്തിന് സാക്ഷ്യം വഹിക്കാനുള്ള ഭാഗ്യം സിദ്ധിച്ചത് കുറ്റ്യാടി നിവാസികൾക്കാണ് .

സ്നേഹത്തള്ളലുമായി ബന്ധപ്പെട്ട് പലവിധ തള്ളുകളും പല ഭാഗങ്ങളിൽ നിന്നും വരുന്നുണ്ട്. അടപ്രഥമനും അരവണയും കൂടി ഒന്നിച്ചുകിട്ടിയ സന്തോഷമാണ് കമ്മികൾക്ക്. സോഷ്യൽ മീഡിയയിൽ കമന്റി കമന്റി സഖാക്കൾ കുഴയുകയാണ്. കാരണം,​ അവരുടെ പാർട്ടിയിൽ സ്നേഹതള്ളലിനൊന്നും സ്ഥാനമില്ലല്ലോ. പുകഞ്ഞ കൊള്ളി പുറത്തെന്നതാണല്ലോ അവരുടെ സ്റ്റൈൽ. കോഴിക്കോട് എം.പിയും മുതിർന്ന നേതാവുമായ എം.കെ. രാഘവന് പ്രസംഗിക്കാൻ അവസരം കൊടുക്കുകയും വടകരക്കാരുടെ കണ്ണിലുണ്ണിയായ ഷാഫി പറമ്പിൽ എം.പിയെ പ്രസംഗിക്കാൻ വിളിക്കാതിരിക്കുകയും ചെയ്തിടത്താണ് സ്നേഹത്തള്ളലിന്റെ ഉത്ഭവം എന്നാണ് സ്ഥലത്തുണ്ടായിരുന്നവരുടെ ഭാഷ്യം. എന്നാൽ യാത്രാ നായകനായ വി.ഡി. സതീശൻ നൽകുന്ന വിശദീകരണം മറ്റൊന്നാണ്. 'യാത്ര കുറ്റ്യാടിയിൽ എത്തിയപ്പോൾ ഏറെ വൈകി,​ സമയം അതിക്രമിച്ചതിനാൽ ഇനി പ്രതിപക്ഷ നേതാവ് സംസാരിക്കട്ടെ എന്ന് ഷാഫി തന്നെയാണ് പറഞ്ഞത്. അത് പാടില്ല,​ എം.പി സംസാരിക്കണമെന്ന് പറഞ്ഞ് അദ്ധ്യക്ഷൻ പ്രമോദാണ് നിർബ്ബന്ധിച്ചത്. 'പക്ഷെ ഇത്രയും വിശദീകരിച്ച സതീശൻ,​ ഒരു കുംബത്തിലുണ്ടാവുന്നതുപോലുള്ള കാര്യങ്ങളല്ലെ അവിടെയും സംഭവിച്ചിരിക്കുന്നത് " എന്നുകൂടി പറഞ്ഞുവച്ചതിന്റെ പൊരുളാണ് പിടികിട്ടാത്തത്. ചാനൽ ക്യാമറകളുടെ മുന്നിലാണ് ഈ കാട്ടിക്കൂട്ടലുകൾ നടന്നതെന്നത് സതീശനും മറ്റു നേതാക്കളും അങ്ങു വിസ്മരിച്ചു. എന്നിട്ടാണ് ഇല്ലാത്ത വാർത്തകൾ പ്രചരിപ്പിച്ചു എന്നു പറഞ്ഞ് മാദ്ധ്യമങ്ങളെ പഴിക്കുന്നത്.

ജന്മം കൊണ്ടു കോൺഗ്രസുകാരനും സ്വഭാവം കൊണ്ടു ഗാന്ധിയനും ചതുരവടിവ് പ്രഭാഷകനും സർവോപരി അറിയപ്പെടുന്ന നിഷ്കളങ്കനുമായ മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ സ്നേഹത്തള്ളലിനിടെ വീണുപോയെന്നും പ്രചാരണമുണ്ടായി. എന്നാൽ അത് നുണപ്രചാരണമാണെന്നും വീണതുപോലെ തോന്നിയതാവാമെന്നുമാണ് മറ്റു നേതാക്കൾ പറഞ്ഞത്. ആകെ ബഹളമായമായതിനാൽ വീണോ ഇല്ലയോ എന്ന കാര്യത്തിൽ മുല്ലപ്പള്ളിക്കും അത്ര നിശ്ചയം പോരാ. ഒന്നെഴുന്നേറ്റു നിന്നു എന്ന കാര്യം അറിയാം. എല്ലാം കഴിഞ്ഞപ്പോൾ താൻ കസേരയിൽ ഇരിക്കുകയായിരുന്നു എന്നതിൽ മാത്രമാണ് അദ്ദേഹത്തിന് ഉറപ്പ്.

ഏറെ കാലങ്ങൾക്ക് മുമ്പ്,​ ലീഡർ കെ. കരുണാകരൻ കോൺഗ്രസുമായി അത്ര സ്വരച്ചേർച്ചയിൽ അല്ലാതിരുന്ന നാളുകളിൽ ലീഡറെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ തലസ്ഥാന നഗരമദ്ധ്യത്തിൽ ഒരു സ്നേഹത്തള്ളലുണ്ടായത്, കുറഞ്ഞ പക്ഷം കോൺഗ്രസുകാരെങ്കിലും ഓർക്കുന്നുണ്ടാവും. അന്നത്തെ ലാളനയിൽ ഉടുമുണ്ട് അഴിഞ്ഞുപോയ, പ്രസംഗകുലപതിയായ നേതാവ് വെള്ള കളസവുമിട്ടു മെഴുകുപ്രതിമ പോലെ നിൽക്കേണ്ടി വന്നത് നഗരവാസികൾക്ക് ലഭിച്ച കൗതുകകാഴ്ചയായിരുന്നു. പക്ഷെ അന്ന് സ്നേഹതള്ളൽ എന്ന പ്രയോഗം ഉത്ഭവിച്ചില്ലെന്നു മാത്രം.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗ ശേഷം കോട്ടയം കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിൽ ചാണ്ടിഉമ്മൻ വിജയിച്ച് കഴിഞ്ഞ് ഡി.സി.സി ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിലും കണ്ടു ഇതുപോലൊരു 'സ്നേഹത്തള്ള" ൽ. ആദ്യം ആരു സംസാരിക്കണമെന്നതിനെ ചൊല്ലിയാണ് അന്നത്തെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മൈക്കുകൾ കൊണ്ടു സ്നേഹത്തള്ളൽ നടത്തിയത്. സുധാകരന്റെ ഗീർവാണത്തിന് ശേഷം സതീശനോട് സംസാരിക്കാൻ ആവശ്യപ്പെട്ടതും പ്രതിപക്ഷ നേതാവ് 'മൗനിബാബ"യായതും ചാനലുകളിലെ അന്നത്തെ നല്ല റേറ്റിംഗുള്ള കോമഡി ഷോ ആയിരുന്നു.

ഏതാനും മാസങ്ങൾക്ക് മുമ്പ് കോഴിക്കോട് ഡി.സി.സി ഓഫീസ് ഉദ്ഘാടന ചടങ്ങിലും കാണാനായത് സാമാന്യം തെറ്റില്ലാത്തൊരു സ്നേഹത്തള്ളലായിരുന്നു. ഇരുത്തം വന്ന,​ മുതിർന്ന ഗാന്ധിയന്മാരാണ് ഈ സ്നേഹത്തള്ളലിന് വേണ്ടി അണിനിരന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡി.സി.സി മന്ദിരം ഈ തള്ളലോടെ കോൺഗ്രസ് ചരിത്രത്തിന്റെ ഭാഗവുമായി. നാടമുറിച്ച് ഉദ്ഘാടനം ചെയ്യാനെത്തിയത് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ,​ അന്നത്തെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ,​ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,​ ഡി.സി.സി അദ്ധ്യക്ഷൻ കെ. പ്രവീൺകുമാർ,​ ടി. സിദ്ദിഖ് എന്നിവരാണ് ചാനൽ ഫ്രെയിമുകളിൽ തങ്ങളുടെ സ്പേസ് ഉറപ്പാക്കാൻ വേണ്ടി സ്നേഹത്തള്ളലിൽ മാറ്റുരച്ചത്. പൊതു ചടങ്ങുകളിൽ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശം തയ്യാറാക്കാൻ കെ.പി.സി.സി നേതൃത്വത്തെ പ്രേരിപ്പിച്ച സംഭവം എന്ന ഖ്യാതിയും ഈ ചടങ്ങിന് ലഭിച്ചു. അന്നു തയ്യാറാക്കിയ മാർഗ്ഗനിർദ്ദേശം എല്ലാവരിലേക്കും എത്തിയോ എന്ന സംശയമാണ് ഇപ്പോൾ.

അങ്ങനെ കേരളത്തിലെ കോൺഗ്രസിന്റെ ചരിത്രം പരിശോധിച്ചാൽ ഇത്തരത്തിലുള്ള തള്ളലുകളുടെ ഒരു പരമ്പര തന്നെ കാണാനാവും. പക്ഷെ അന്നൊന്നും ആരും ഇത്ര ഓമനയായ ഒരു പ്രയോഗം നടത്തിയില്ലെന്ന് മാത്രം. പക്ഷെ ഇതിലൊന്നും അത്ര കുറ്റപ്പെടുത്തേണ്ട കാര്യമില്ല,​ കാരണം താണനിലത്തേ നീരോടൂ എന്ന ചൊല്ലുപോലെ സ്നേഹമുള്ളിടത്തല്ലേ ചെറിയ പിണക്കവും നുള്ളലും മാന്തലുമൊക്കെ ഉണ്ടാവൂ. മഹാത്മജിയുടെ അഹിംസാ സിദ്ധാന്തത്തിന്റെ പ്രചാരകരായതിനാൽ ഇങ്ങനെയൊക്കെ ചെയ്താലും പരസ്പരം പൊറുക്കാനും മറക്കാനുമൊക്കെയുള്ള മനസും അവർക്കുണ്ട്. പിരിഞ്ഞാലും ഒരു തള്ളലിൽ അവർ ഒന്നാവും.

ഇതുകൂടി കേൾക്കണേ

ജനങ്ങൾ മനസിൽ വലിയ സ്ഥാനങ്ങൾ കല്പിച്ച് ബഹുമാനിക്കുന്ന നേതാക്കൾ ഇങ്ങനെയൊക്കെ പെരുമാറുമ്പോൾ അവരും ആശയക്കുഴപ്പത്തിലാവും. അവരൊക്കെ തന്നെയാണോ ഇവർ എന്ന്.

TAGS: 11
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.