SignIn
Kerala Kaumudi Online
Saturday, 14 February 2026 11.51 AM IST

വികസനം പഠനവിധേയമാവുമ്പോൾ

Increase Font Size Decrease Font Size Print Page

ems

വിപ്ലവം ഒരു തുടർ പ്രക്രിയ ആണെന്ന് അഭിപ്രായപ്പെട്ടത് വ്ലാഡിമിർ ലെനിനോടൊപ്പം ഒക്ടോബർ വിപ്ലവത്തിലും സോവിയറ്റ് യൂണിയൻ സ്ഥാപിക്കുന്നതിലും നിർണായക പങ്കു വഹിച്ച ലിയോൺ ട്രോട്സ്കിയാണ്. പക്ഷെ, പിൽക്കാകാലത്ത് ട്രോട്സ്കി ദാരുണമായി കൊല ചെയ്യപ്പെട്ടു. വിപ്ലവം പോലെ തന്നെ പഠനവും ഒരു തുടർ പ്രക്രിയ തന്നെ. പ്രത്യേകിച്ച് വിപ്ലവത്തെപ്പറ്റിയുള്ള പഠനം. കേരളത്തിൽ ഇപ്പോൾ സി.പി.എം വീണ്ടും പഠനത്തിന് ഒരുങ്ങുകയാണ്. വിപ്ലവത്തെപ്പറ്റിയല്ല, വികസനത്തെപ്പറ്റി.

പഠനം വികസനത്തെക്കുറിച്ചാവുമ്പോൾ, സാമ്പത്തികവും സാമൂഹ്യവും സാംസ്‌കാരികവുമായുള്ള പഠനം ആവുമ്പോഴേ, അത് സമഗ്രമാവുകയുള്ളുവല്ലോ. എ.കെ.ജി പഠന, ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലുള്ള കേരള പഠന കോൺഗ്രസ്‌ ഈ 21ന് ആരംഭിക്കുകയാണ്. ആ വിവരം പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി തന്നെ രണ്ടാഴ്ച മുമ്പ് പ്രത്യേക വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. കേരള പഠന കോൺഗ്രസിന്റെ അഞ്ചാം പതിപ്പാണ് ഇത്. അതായത്, ഇതിനു മുമ്പ്, മൂന്ന് പതിറ്റാണ്ടിനുള്ളിൽ നടന്നത് നാല് പഠന കോൺഗ്രസുകൾ. ഒരു മാദ്ധ്യമ പ്രവർത്തകൻ എന്ന നിലയ്ക്കും അതിലേറെ,​ ഒരു വികസന- സാമ്പത്തികശാസ്ത്ര വിദ്യാർത്ഥി എന്ന നിലയിലും കഴിഞ്ഞ നാല് കോൺഗ്രസുകളിലും സംബന്ധിച്ച ഈയുള്ളവന് വികസന പഠനത്തെപ്പറ്റി എഴുതാതെ വയ്യ.

ബേബിയുടെ വാർത്താ സമ്മേളനത്തിന്റെ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞപ്പോഴാണ്, ഒന്നാം പഠന കോൺഗ്രസിനു മുന്നോടിയായി, അന്ന് ജനറൽ സെക്രട്ടറി ആയിരുന്ന ഇ.എം.എസ്‌ നമ്പൂതിരിപ്പാട്, എ.കെ.ജി സെന്ററിൽ വിളിച്ചുചേർത്ത പത്രസമ്മേളനം ഓർമ്മവന്നത്. ഇ.എം.എസിന്റെ പത്രസമ്മേളനങ്ങളിൽ അപൂർവങ്ങളിൽ അപൂർവമായിരുന്നു അത്. 'സമകാലിക രാഷ്ട്രീയം സംസാരിക്കാനല്ല ഇന്നിവിടെ നിങ്ങളെ വിളിച്ചത് " എന്ന് ആദ്യമേ പറഞ്ഞിട്ടാണ് അദ്ദേഹം ആരംഭിച്ചത്. 'അതുകൊണ്ട് അത്തരം ചോദ്യങ്ങൾ വേണ്ട, അവയ്ക്ക് ഉത്തരവും പ്രതീക്ഷിക്കേണ്ട " എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിങ്ങിനിറഞ്ഞിരുന്ന പത്രലേഖകർ സ്വാഭാവികമായും നിരാശരായി. ഇ.എം.എസ്, രാഷ്ട്രീയം ചർച്ച ചെയ്യാൻ കൂട്ടാക്കാത്ത ആദ്യത്തേതും അവസാനത്തേതുമായ വാർത്താസമ്മേളനം ആയിരുന്നു അന്നത്തേത്. വേറിട്ടൊരു രാഷ്ട്രീയമാണ് അന്ന് ആ രാഷ്ട്രീയ ഭീക്ഷ്മാചാര്യൻ സംസാരിച്ചത്- കേരള വികസനത്തിന്റെ രാഷ്ട്രീയം. അന്ന് ആ അവസരത്തിൽ, പതിവിനു വിപരീതമായി സമകാലിക രാഷ്ട്രീയ പ്രശ്നങ്ങൾ ചർച്ച ചെയ്യേണ്ടതില്ല എന്ന് തീരുമാനിച്ചതിനു പിന്നിൽ ഇ.എം.എസിന്റെ പ്രബുദ്ധമായൊരു സ്വാർത്ഥത ഉണ്ടായിരുന്നിരിക്കാം. വിഷയം വികസനത്തിലും കേരള പഠനത്തിലും ഒതുക്കി നിറുത്തിയാൽ മാത്രമേ, അടുത്ത ദിവസത്തെ വാർത്തകളുടെ 'ഫോക്കസ് " പാർട്ടി സംഘടിപ്പിക്കുന്ന പഠന കോൺഗ്രസ്‌ എന്ന പുതിയ പരിപാടിയിൽ ആവുകയുള്ളൂ എന്ന് അദ്ദേഹം ചിന്തിച്ചിട്ടുണ്ടാവാം.

വളരെയേറെ പാടിപ്പുകഴ്ത്തിയിരുന്ന 'കേരള വികസന മാതൃക"യെപ്പറ്റി ഒരു വ്യത്യസ്ത വീക്ഷണം സാക്ഷാൽ ഇ.എം.എസ് തന്നെ മുന്നോട്ടുവച്ചത് അന്ന് ആ പത്രസമ്മേളനത്തിലായിരുന്നു. അല്പം വിമർശനപരമായാണ് അദ്ദേഹം 'കേരള മാതൃക"യെ വിലയിരുത്തിയത്. വിദ്യാഭ്യാസം, ആയുരാരോഗ്യം എന്നിങ്ങനെയുള്ള മാനവ വികസന സൂചികകൾ പ്രകാരം കേരളം വളരെ മുന്നിലാണെങ്കിലും വ്യാവസായിക, കാർഷിക രംഗങ്ങളിൽ ഏറെ പിന്നാക്കം നിൽക്കുന്നു എന്ന രസിക്കാത്ത വികസന സത്യത്തിലേക്ക് അദ്ദേഹം വിരൽചൂണ്ടി. കേരള വികസനാനുഭവത്തിന്റെ ഒരു വസ്തുനിഷ്ഠമായ വിലയിരുത്തലിനും കൊട്ടിഘോഷിക്കപ്പെട്ടിരുന്ന കേരള മാതൃകയുടെ ഒരു പുനർവായനയ്ക്കും വേദിയൊരുക്കാനായിരുന്നു,​ പ്രഥമ പഠന കോൺഗ്രസ്‌.

കേരളത്തിന്‌ ഒരു ബദൽ വികസന മാതൃക ഉരുത്തിരിയേണ്ട സമയം സമാഗതമായിരുന്നു. ആദ്യ പരീക്ഷണം എന്ന നിലക്ക്, 1994-ൽ നടന്ന ഒന്നാം കേരള പഠന കോൺഗ്രസിന് ചില പോരായ്മകളും പാളിച്ചകളും ഉണ്ടായത് സ്വാഭാവികം. പക്ഷെ പിന്നെയും സംഘടിപ്പിക്കപ്പെട്ടു,​ മൂന്ന് പഠന കോൺഗ്രസുകൾ- 2005, 2011, 2016 വർഷങ്ങളിൽ. പ്രതീക്ഷയ്ക്കു വിരുദ്ധമായി, ആദ്യത്തേതിൽ നിന്ന് അത്ര വ്യത്യസ്തമായിരുന്നില്ല അവ മൂന്നും . ഇനി ഉറ്റു നോക്കുന്നത്, ഒരു പതിറ്റാണ്ടിന്റെ സംഭവബഹുലമായ ഇടവേളയ്ക്കു ശേഷം നടക്കാൻ പോകുന്ന അഞ്ചാം പഠന കോൺഗ്രസിലേക്കാണ്. സാമ്പത്തിക, സാമൂഹ്യ സാഹചര്യം ഒട്ടേറെ മാറിമറിഞ്ഞ കേരളം ഇനി എങ്ങോട്ട്, എങ്ങനെ എന്നതാണ് ഇവിടെ ഉയരേണ്ട ചോദ്യം.

വാസ്തവത്തിൽ കേരളം ഇന്ന് അഭിമാനംകൊള്ളുന്ന നേട്ടങ്ങൾക്ക് തുടക്കമിട്ടത് സ്വാതന്ത്ര്യത്തിനു മുമ്പ്, ജനായത്ത സർക്കാരുകളുടെ കാലത്തിനും മുമ്പാണ്. തിരുവിതാംകൂറിൽ രാജഭരണത്തിൻ കീഴിൽ ഈ നേട്ടങ്ങൾക്ക് അടിത്തറ പാകിയിരുന്നു എന്ന വാദമുണ്ട്. തുടർന്നുവന്ന ജനകീയ ഭരണകൂടങ്ങൾക്ക്, ഇടത് ആയാലും വലത് ആയാലും, എത്രത്തോളം അവ മുന്നോട്ട് കൊണ്ടുപോവാനായി, എന്തൊക്കെ പുതിയ സംഭാവന നൽകാനായി എന്നത് വികസന വിദഗ്ദ്ധർ വിലയിരുത്തേണ്ടതാണ്. രാഷ്ട്രീയ നേതൃത്വവും ഇക്കാര്യത്തിൽ ആത്മപരിശോധന നടത്തേണ്ടതുണ്ട്. പക്ഷെ, നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കവേ, അത്തരത്തിലൊരു ആത്മപരിശോധന രാഷ്ട്രീയ നേതൃത്വത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത് വ്യാമോഹമാവും.

കേരളം യഥാർത്ഥത്തിൽ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്നത് 'Development Dilema" എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന അവസ്ഥയാണ്. വികസനാവശ്യങ്ങൾ അനുദിനം വർദ്ധിക്കുകയും അവ നേടിയെടുക്കുന്നതിനുള്ള വിഭവ സ്രോതസുകൾ ശോഷിക്കുകയും ചെയ്യുന്ന ഒരവസ്ഥ. അതിനെ 'വികസന പ്രതിസന്ധി" എന്ന് വിശേഷിപ്പിക്കാനാവുമോ എന്നറിയില്ല. എന്തായാലും ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ നാം കൈവരിച്ച നേട്ടങ്ങൾ മുന്നോട്ടു കൊണ്ടുപോവാൻ മാത്രമല്ല, നിലനിറുത്തിക്കൊണ്ടു പോവാൻ പോലും ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ കേരളം എത്തിയിട്ടുണ്ട് എന്നത് മറച്ചുവച്ചിട്ട് കാര്യമില്ല. വിദേശ മൂലധനം ഇടതു പക്ഷത്തിനു പോലും സ്വീകാര്യമായി മാറുന്നത് ഒരുപക്ഷെ,​ ഈ സാഹചര്യത്തിലാവാം.

അതേയവസരത്തിൽ, അല്പം പ്രത്യാശയ്ക്ക് വകനൽകുന്ന ഒരു പ്രസ്താവന അഞ്ചാം പഠന കോൺഗ്രസിന്റെ സംഘാടകരിൽ നിന്നുണ്ടായത് ആശ്വാസകരം. വികസന രംഗത്തെ കേരളത്തിന്റെ വെല്ലുവിളികൾ അഭിമുഖീകരിക്കാൻ, ഇന്ന് ഒരു രാഷ്ട്രീയ കക്ഷിക്കോ ഒരു മുന്നണിക്കോ ഒറ്റയ്ക്കു സാധിക്കില്ലെന്നും, അതിന് കൂട്ടായ ശ്രമവും കൂട്ടുത്തരവാദിത്വവും വേണമെന്നും സംഘാടകർ അഭിപ്രായപ്പെടുന്നു എന്നതാണ് പ്രത്യാശ ഉയർത്തുന്നത്. ആ ബോദ്ധ്യത്തിലൂന്നിയാവും പഠന കോൺഗ്രസിന്റെ സംഘാടനം എന്ന് പ്രതീക്ഷിക്കാം.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.