
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന് ഒരാഴ്ച മാത്രം ശേഷിക്കേ,പോളിംഗിൽ വോട്ടെണ്ണം കുറഞ്ഞതിനെ കുറിച്ചായി മുന്നണികളുടെ ആശങ്ക. മേയ് 4നാണ് വോട്ടെണ്ണൽ. പോൾ ചെയ്ത വോട്ടുകൾ എണ്ണം വച്ച് കണക്കാക്കിയാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ താഴേക്ക് പോയി. 79.63% പോളിംഗ് നടന്നെങ്കിലും പകുതിയോളം മണ്ഡലങ്ങളിലും വോട്ടുകുറഞ്ഞു.
പോളിംഗ് ശതമാനം കൂടുന്നത് ഭരണവിരുദ്ധവികാരത്തിന്റെ സൂചനയാണെന്ന് യു.ഡി.എഫ് വാദിക്കുമ്പോൾ,വോട്ടെണ്ണം കുറഞ്ഞത് ഭരണതുടർച്ചയുടെ സൂചനയെന്ന് ഇടതു മുന്നണി ആശ്വസിക്കുന്നു. എസ്.ഐ.ആർ കഴിഞ്ഞതോടെ വോട്ട് കുറഞ്ഞിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ 2.84കോടി വോട്ടുണ്ടായിരുന്നെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ 2.71കോടിയായി കുറഞ്ഞു. 140 മണ്ഡലങ്ങളിലും വോട്ട് കുറവുണ്ടായി.
കഴക്കൂട്ടം,വട്ടിയൂർക്കാവ്,തിരുവനന്തപുരം,നേമം,അരുവിക്കര,പാറശാല,കാട്ടാക്കട,കോവളം,നെയ്യാറ്റിൻകര,അങ്കമാലി,പിറവം,പറവൂർ,വൈപ്പിൻ,തൃപ്പൂണിത്തുറ,കോതമംഗലം,എറണാകുളം തുടങ്ങിയവ ഉൾപ്പെടെ 71 മണ്ഡലങ്ങളിലാണ് വോട്ട് കുറവുണ്ടായത്. സ്ത്രീവോട്ടിംഗ് ശതമാനം കൂടിയത് മാത്രമാണ് സവിശേഷത.
സ്ട്രോംഗ് റൂം തുറക്കൽ
വീഡിയോയിൽ
ഓരോ നിയമസഭാ മണ്ഡലത്തിനായും 13 മുതൽ 16വരെ ടേബിളുകളാണ് വോട്ടണ്ണലിനായി ഒരുക്കുക. സ്ഥാനാർത്ഥികൾ,അംഗീകൃത പ്രതിനിധികൾ,റിട്ടേണിംഗ് ഓഫീസർ,അസി. റിട്ടേണിംഗ് ഓഫീസർ,തിരഞ്ഞെടുപ്പ് കമ്മിഷൻ നിരീക്ഷകൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ വീഡിയോയിൽ പകർത്തിയാണ് സ്‌ട്രോംഗ് റൂം തുറന്ന് വോട്ടിംഗ് യന്ത്രങ്ങൾ പുറത്തെടുക്കുന്നത്. എല്ലാ നടപടിക്രമങ്ങൾക്കും സി.സി.ടി.വി കവറേജ് ഉറപ്പാക്കും.
സീൽ പൊട്ടിച്ച് കൺട്രോൾ യൂണിറ്റ് പുറത്തെടുത്ത് കൗണ്ടിംഗ് ടേബിളിൽ വയ്ക്കും. സ്ഥാനാർത്ഥി,ഏജന്റ് എന്നിവരെ കൺട്രോൾ യൂണിറ്റിലെ സീൽ പരിശോധിക്കാൻ അനുവദിക്കും. (സംശയം ഉണ്ടായാൽ ആ യൂണിറ്റിലെ വോട്ടെണ്ണാൻ പാടില്ല. ഉടൻ തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കണം.)
റിട്ടേണിംഗ് ഓഫീസർ കൺട്രോൾ യൂണിറ്റിന്റെ സീരിയൽ നമ്പർ പരിശോധിച്ച് അതു വച്ചിരുന്ന പെട്ടിയുടെ നമ്പരുമായി ചേർന്നതാണെന്ന് ഉറപ്പാക്കണം. കൺട്രോൾ യൂണിറ്റ് സീൽ ചെയ്യാൻ ഉപയോഗിച്ച പിങ്ക് പേപ്പർ സീലിന്റെ സീരിയൽ നമ്പർ,ഔട്ടർ സ്ട്രിപ് സീൽ,സ്‌പെഷൽ ടാഗ് സീൽ എന്നിവ പരിശോധിക്കും.
സീലുകൾ എല്ലാം കൃത്യമാണെന്നു ബോധ്യപ്പെട്ടശേഷം കൺട്രോൾ യൂണിറ്റിലെ റിസൾട്ട് ബട്ടൺ അമർത്തി ഫലം പരിശോധിക്കുകയാണ് ചെയ്യുന്നത്. പോസ്റ്റൽ ബാലറ്റുകൾ എണ്ണിയ ശേഷമാണ് ഇ.വി.എമ്മുകളിൽ വോട്ടുകൾ എണ്ണുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |