SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.14 PM IST

മിനിമം ബാലൻസിന്റെ പേരിലെ 'പിഴിച്ചിൽ'

Increase Font Size Decrease Font Size Print Page

minimum-balance-

സേവിംഗ്സ് ബാങ്ക് അക്കൗണ്ട് എന്നത് ഒരു സ്ഥിരനിക്ഷേപ മാർഗമല്ല. ബാങ്കിംഗ് സേവനങ്ങളിലെ ഈ അടിസ്ഥാന സംവിധാനത്തിലൂടെയാണ് സാധാരണക്കാരുടെ നിത്യേനയുള്ള സാമ്പത്തിക ഇടപാടുകളെല്ലാം നടക്കുന്നത്. ശമ്പളം ഉൾപ്പെടെ പല സ്രോതസുകളിൽ നിന്ന് ലഭിക്കുന്ന പണവും,​ നിത്യച്ചെലവുകൾക്ക് വിനിയോഗിക്കേണ്ടിവരുന്ന പണവും ഒക്കെ 'ചലിക്കുന്നത്​" സേവിംഗ്സ് അക്കൗണ്ടുകൾ വഴിയാണ്. ഇന്ന് പതിനായിരമോ ഇരുപതിനായിരമോ ബാലൻസ് ഉള്ള അക്കൗണ്ടിൽ,​ അടുത്ത കുറേ ആഴ്കളിൽ ആയിരം രൂപ പോലും തികച്ചുണ്ടാവണമെന്നില്ല. പക്ഷേ,​ നിശ്ചിത കാലപരിധിയിൽ സേവിംഗ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഉണ്ടാകണമെന്ന് കടുത്ത നിഷ്കർഷയുള്ള ബാങ്കുകളുണ്ട്. കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർദ്ദേശമനുസരിച്ച് എസ്.ബി.ഐ ഉൾപ്പെടെ ദേശസാൽകൃത ബാങ്കുകളിൽ പലതും മിനിമം ബാലൻസിന്റെ പേരിൽ അക്കൗണ്ട് ഉടമയിൽ നിന്ന് പിഴ ഈടാക്കുന്നത് അവസാനിപ്പിച്ചെങ്കിലും,​ സ്വകാര്യ ന്യൂജെൻ ബാങ്കുകളിൽ മിക്കവയും ഇപ്പോഴും 'പിഴിച്ചിൽ" തുടരുക തന്നെയാണ്.

സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ ബാങ്കുകൾ പിഴ ചുമത്തുന്നത് നിറുത്തലാക്കണമെന്ന് പാർലമെന്റിന്റെ പെറ്റീഷൻസ് കമ്മിറ്റി ശുപാർശ ചെയ്തിരിക്കുകയാണ്. 2024- 25 കാലയളവിൽ രാജ്യത്തെ ചില പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും ചേർന്ന് മിനിമം ബാലൻസിന്റെ പേരിൽ പിഴത്തുകയായി അക്കൗണ്ട് ഉടമകളിൽ നിന്ന് ഈടാക്കിയത് 4817 കോടി രൂപയാണ് എന്നറിയുമ്പോഴാണ് ഇക്കാര്യത്തിലെ അവരുടെ 'ശുഷ്കാന്തി" ബോദ്ധ്യപ്പെടുക. വർഷങ്ങളായി ഇടപാടുകളില്ലാതെ നിഷ്ക്രിയമായി കിടക്കുന്ന അക്കൗണ്ടുകൾ മരവിപ്പിക്കുകയോ,​ അത്തരം അക്കൗണ്ടുകൾക്ക് പിഴ ചുമത്തുകയോ ചെയ്യുന്നത് മനസിലാക്കാം. അതല്ലാതെ,​ നിശ്ചിത മാസങ്ങൾ കൂടുമ്പോൾ അക്കൗണ്ടിൽ അയ്യായിരമോ പതിനായിരമോ രൂപ ബാക്കിയുണ്ടായിരിക്കണമെന്ന് ശഠിക്കുന്നത്,​ ബാങ്കിംഗ് വ്യവസ്ഥയിൽ നിന്നുതന്നെ സാധാരണക്കാരെ അകറ്റാനേ ഇടയാക്കൂ.

മിനിമം ബാലൻസ് സൂക്ഷിക്കാത്ത അക്കൗണ്ടുകൾക്ക് പിഴ ചുമത്താൻ റിസർവ് ബാങ്ക് തന്നെയാണ് 2015-ൽ അനുമതി നല്കിയത്. എന്നാൽ,​ പരമാവധി പേരെ ബാങ്ക് അക്കൗണ്ട് ഉടമകളാക്കുകയെന്ന കേന്ദ്ര സർക്കാർ നയമനുസരിച്ചുള്ള പദ്ധതികൾ ഒരുവശത്ത് മുന്നേറുമ്പോൾ,​ മറുവശത്ത് കുറേ ബാങ്കുകൾ ഈ കൊള്ള നടത്തുന്നത് നീതീകരിക്കാനാവില്ലെന്നാണ് പെറ്റീഷൻസ് കമ്മിറ്രി ചൂണ്ടിക്കാട്ടിയത്. ഇങ്ങനെ പിഴ ചുമത്തപ്പെട്ടവർ ഏറെയും ദരിദ്രരാണെന്നും കമ്മിറ്റി നിരീക്ഷിച്ചു. അതിനാൽ,​ അന്യായമെന്ന് വിലയിരുത്താവുന്ന ഈ പിഴ ഈടാക്കൽ അവസാനിപ്പിക്കാൻ ധന മന്ത്രാലയവും റിസർവ് ബാങ്കും ബാങ്കുകൾക്കായി മാ‌ർഗരേഖ പുറപ്പെടുവിക്കണമെന്നാണ് കമ്മിറ്റിയുടെ നിർദ്ദേശം. തിരുവനന്തപുരം വലിയശാല സ്വദേശിയും ബംഗളൂരുവിൽ വ്യവസായിയുമായ പരമേശ്വരൻ കൃഷ്ണയ്യർ 2024 ആഗസ്റ്റിൽ ലോക്സഭാ സ്പീക്കർക്കു നല്കിയ പരാതിയാണ് പെറ്രീഷൻസ് കമ്മിറ്റി പരിഗണിച്ചത്.

രാജ്യത്ത് ഇപ്പോഴും ബാങ്ക് അക്കൗണ്ട് ഇല്ലാത്തവരുടെ എണ്ണം 1.90 കോടി വരുമെന്നാണ് കണക്ക്. അത്,​ ഉത്തരേന്ത്യൻ,​ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഉൾമേഖലകളിലും മറ്റുമുള്ളവരുടെ കാര്യം. പക്ഷേ,​ പെറ്റീഷൻസ് കമ്മിറ്റിയുടെ ശുപാർശയ്ക്കു കാരണമായ പരാതിയിൽ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്,​ ബംഗളൂരുവിൽ പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാരുടെ 'മിനിമം ബാലൻസ് ബുദ്ധിമുട്ടുക"ളാണ്. അക്കൗണ്ടിൽ നാലോ അഞ്ചോ മാസത്തേക്ക് പതിനായിരം രൂപ തികച്ചില്ലാത്തവരെല്ലാം ദരിദ്രരാണെന്നല്ല അർത്ഥം. ന്യൂ ജെൻ ബാങ്കുകളുടെ കുഴത്തറുപ്പിന് ഇരകളാകുന്നവരിൽ അധികവും ഇടത്തരക്കാരാണെന്നതാണ് സത്യം. കമ്മിറ്റി ശുപാർശയനുസരിച്ച് റിസർവ് ബാങ്ക് എത്രയും വേഗം ബാങ്കുകൾക്കായി മാർഗനിർദ്ദേശം പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷിക്കാം.

TAGS: 11
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY