SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.53 PM IST

സ്റ്റാലിന്റെ 'ബീഹാർ മോഡൽ' കരുനീക്കം, ഉറപ്പ് പാലിച്ചു,​ സ്ത്രീകളുടെ കൈകളിലെത്തി 5,​000 രൂപ

Increase Font Size Decrease Font Size Print Page
s

ചെന്നൈ: തമിഴ്നാട്ടിൽ ഭരണത്തുടർച്ച ലക്ഷ്യമിട്ട് എം.കെ. സ്റ്രാലിന്റെ 'ബീഹാർ മോഡൽ" കരുനീക്കം. സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 5000 രൂപ വീതം കൈമാറി. 'കലൈഞ്ജർ മഗളിർ ഉറിമൈ തൊഗൈ തിട്ടം" പദ്ധതി പ്രകാരമാണിത്. 1.31 കോടി സ്ത്രീകൾക്ക് ഇന്നലെ 5,000 രൂപ മുൻകൂറായി ലഭിച്ചു. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലെ 1,000 രൂപ ഓണറേറിയവും 2,000 രൂപയുടെ പ്രത്യേക വേനൽക്കാല പാക്കേജും ഉൾപ്പെടെയാണിത്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം തുക ഇരട്ടിയാക്കുമെന്നും സ്റ്റാലിൻ പ്രഖ്യാപിച്ചു. കുടുംബനാഥകൾക്ക് 6,550 കോടി രൂപയാണ് പ്രഖ്യാപിച്ചത്. ഇത്തവണ പൊങ്കൽ കിറ്റിനൊപ്പം 3,000 രൂപ വീതം 2,22,91,710 റേഷൻ കാർഡ് ഉടമകളായ സ്ത്രീകൾക്ക് നൽകിയിരുന്നു. ഇതു കൂടിയാകുമ്പോൾ സ്ത്രീകൾക്ക് സർക്കാരിൽ നിന്ന് ഒരു മാസം കിട്ടിയ തുക 8,000 ആകും. സ്ത്രീ വോട്ടുകൾ സമാഹരിക്കുകയും അവരെ പ്രചാരകരാക്കി ഭൂരിപക്ഷം സീറ്റുകൾ നേടുകയുമാണ് ഡി.എം.കെ ലക്ഷ്യം. അണ്ണാ ഡി.എം.കെ, ടി.വി.കെ പാർട്ടികൾ ഇതിനെതിരെ രംഗത്തെത്തിയെങ്കിലും ഡി.എം.കെയെ പ്രതിരോധിക്കാനായിട്ടില്ല.

ബീഹാർ മോഡൽ

ബീഹാറിൽ വീട്ടമ്മമാർക്ക് 10,000 രൂപ ഒറ്റത്തവണയായി നൽകിയ നീതീഷ് കുമാറിന്റെ നീക്കമാണ് സ്റ്റാലിന് പ്രചോദനമായത്.
75 ലക്ഷം വനിതകൾക്ക് ഇതിന്റെ ആനുകൂല്യം ലഭിച്ചു. ഫലം വന്നപ്പോൾ 242ൽ 202 സീറ്റും തൂത്തുവാരി.

'മുത്തുവേൽ കരുണാനിധി സ്റ്റാലിൻ എന്റെ സഹോദരിമാർക്ക് നൽകുന്ന വാഗ്ദാനമാണിത്. നമ്മൾ ഒരുമിച്ച് വിജയിക്കും. കൊവിഡ് കാലത്ത് തന്റെ സർക്കാർ അധികാരമേറ്റപ്പോൾ, ജീവൻ മാത്രമല്ല, ഉപജീവനമാർഗവും സംരക്ഷിച്ചു. അതിനായി 4,000 രൂപ നൽകി. മുൻ സർക്കാരിൽ നിന്ന് കിട്ടിയ സാമ്പത്തിക പ്രതിസന്ധിയും കേന്ദ്ര സർക്കാരിന്റെ വിവേചനവും മറികടന്നാണ് ഈ പദ്ധതികൾ നടപ്പിലാക്കുന്നത്."

-എം.കെ. സ്റ്റാലിൻ

ബദൽ പദ്ധതികളുമായി പ്രതിപക്ഷം

അണ്ണാ ഡി.എം.കെ അധികാരത്തിലെത്തിയാൽ പ്രതിമാസം വീട്ടമ്മമാർക്ക് 2,000 രൂപ വീതം നൽകുമെന്ന് വാഗ്ദാനമുണ്ടായിരുന്നു. അതു ലക്ഷ്യമിട്ടാണ് സ്റ്റാലിനും അതേ വാഗ്ദാനം നൽകിയത്. 'ഇതുക്കും മേലെ" വാഗ്ദാനങ്ങൾകൊണ്ടു മാത്രമെ തമിഴ് വോട്ടർമാരെ സ്വാധീനിക്കാനാകൂ. പണം വാഗ്ദാനം നൽകി വോട്ടു നേടുന്നതിനെ പ്രത്യക്ഷത്തിൽ വിജയ്‌യുടെ ടി.വി.കെ എതിക്കുന്നുണ്ടെങ്കിലും അവരുടെ മുന്നിലും വേറെ വഴിയില്ല.

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY