കോട്ടയം : കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയുടെ എൻറോൾമെന്റ് പൂർത്തിയായപ്പോൾ വിവിധ ജില്ലകളിലായി 41.30 ലക്ഷം കുടുംബങ്ങൾ ആനുകൂല്യത്തിന് അർഹരായി. ഇന്നലെ വരെ 4.4 ലക്ഷം പേർക്കാണ് ആകെ 285.5 കോടി രൂപയുടെ സൗജന്യ ചികിത്സ ലഭിച്ചത്. കോംപ്രിഹെൻസീവ് ഹെൽത്ത് ഇൻഷ്വറൻസ് ഏജൻസി ഒഫ് കേരള (ചിയാക്) നടപ്പാക്കുന്ന പദ്ധതി അനുസരിച്ച് കിടത്തി ചികിത്സ വേണ്ടുന്ന അവസരങ്ങളിൽ ഒരു കുടുംബത്തിന് അഞ്ചു ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ ലഭിക്കും.
സംസ്ഥാന സർക്കാരിന്റെ സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി ചിസ്, ചിസ് പ്ലസ്, എസ് ചിസ് , കേന്ദ്ര സർക്കാരിന്റെ ആർ.എസ്.ബി.വൈ തുടങ്ങിയവയിൽ രജിസ്റ്റർ ചെയ്ത് കഴിഞ്ഞ മാർച്ച് 31 വരെ ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ ലഭിച്ച എല്ലാ കുടുംബങ്ങളും, ആയുഷ്മാൻ പദ്ധതിയുടെ പേരിൽ പ്രധാനമന്ത്രിയുടെ കത്ത് ലഭിച്ചവരുമാണ് ആനുകൂല്യത്തിന് അർഹരായുള്ളത്.
ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കാൻ 24 മണിക്കൂറെങ്കിലും കിടത്തി ചികിത്സ വേണമെന്ന് നിബന്ധനയുണ്ട്. ചികിത്സാ സമയത്തും ഡിസ്‌ചാർജ് ചെയ്ത് അഞ്ചു ദിവസം വരെയും പരിശോധനകളും മരുന്നുകളും സൗജന്യമാണ്. പദ്ധതിയിൽ പുതുതായി ചേരുന്നതിന് അക്ഷയകേന്ദ്രങ്ങൾ വഴി അപേക്ഷ ക്ഷണിച്ചതായി പ്രചരിക്കുന്ന സന്ദേശങ്ങൾ വ്യാജമാണെന്നും പുതിയ അപേക്ഷയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും ചിയാക് അധികൃതർ പറഞ്ഞു. സംശയങ്ങൾക്ക് 180020 02530, 180012 12530 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
ഇന്നലെ വരെ വിവിധ ജില്ലകളിൽ നിന്നുള്ള ക്ളെയിമുൾക്ക് അനുവദിക്കപ്പെട്ട തുക ഇങ്ങനെ (കോടിയിൽ): തിരുവനന്തപുരം: 32.37, കൊല്ലം: 21.56, പത്തനംതിട്ട 11.27, ആലപ്പുഴ 32.24, കോട്ടയം 18.68, ഇടുക്കി 6.62, എറണാകുളം 16.30, തൃശൂർ 17.68, പാലക്കാട് 22.72, മലപ്പുറം 32.11, വയനാട് 11.74, കോഴിക്കോട് 40.72, കണ്ണൂർ 15.04, കാസർകോട് 6.47.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |