SignIn
Kerala Kaumudi Online
Monday, 23 February 2026 7.09 AM IST

(പുസ്തകം)​ വിജയൻ മാഷും കാരശ്ശേരിയും

Increase Font Size Decrease Font Size Print Page
s

എം.എൻ. വിജയൻ

സംഭാഷണങ്ങൾ

മലയാളി ആവേശപൂർവം സ്വീകരിച്ച എഴുത്തുകാരനും പ്രഭാഷകനുമായ എം.എൻ. വിജയൻ മാഷുമായി പല കാലത്ത് ഡോ. അസീസ് തരുവണ നടത്തിയ സംഭാഷണങ്ങളുടെ സമാഹാരം. വരാനിരിക്കുന്ന ഇരുളിമയാർന്ന കാലത്തെക്കുറിച്ചുള്ള പ്രവചന സ്വഭാവമുള്ള നിരീക്ഷണങ്ങൾ ഈ സംഭാഷണങ്ങളിൽ ഉടനീളം കാണാനാവും. ആഗോളീകരണത്തിന്റെ അപകടങ്ങളെക്കുറിച്ചും ഫാഷിസത്തിന്റെ പുതുരൂപങ്ങളെക്കുറിച്ചും വളരെ നേരത്തേ സംസാരിച്ചുതുടങ്ങിയ ആളാണ് വിജയൻ മാഷ്. രാഷ്ട്രീയം,​ ഫാഷിസം,​ വർഗീയത,​ മന:ശാസ്ത്രം,​ സംസ്കാരം തുടങ്ങി,​ വായനയെ ഗൗരവത്തോടെ സമീപിക്കുന്നവരിൽ കൗതുകവും ആകാംക്ഷയും ജനിപ്പിക്കുന്നതാണ് ഈ സംഭാഷണങ്ങൾ.

പ്രസാധകർ:

ഒലിവ്,​ കോഴിക്കോട്

തുഞ്ചൻ പറമ്പിലെ

ബ്ളീച്ച്

എം.എൻ. കാരശ്ശേരിയുടെ ഗൗരവമാർന്ന ലേഖനങ്ങൾ വായിച്ചവർക്കും,​ പ്രസംഗങ്ങൾ കേട്ടവർക്കും 'തുഞ്ചൻ പറമ്പിലെ ബ്ളീച്ച്" എന്ന കൃതി വലിയ കൗതുകമായിരിക്കും. കാരണം,​ ഇത് കാരശ്ശേരി തന്നിലേക്കും തനിക്കു ചുറ്രിലേക്കും നോക്കി നടത്തുന്ന ചിരിയുടെ എഴുത്താണ്. 21 തമാശ ലേഖനങ്ങളുടെ സമാഹാരമാണ് ഇതെന്ന് ആമുഖമായി പറയുന്ന കാരശ്ശേരി,​ ഈ സ്വഭാവത്തിലുള്ള തന്റെ ആദ്യത്തെ പുസ്തകമാണ് ഇതെന്നും പറയുന്നു. വായനക്കാരോട് ഗ്രന്ഥകാരന്റെ ഒരു അഭ്യർത്ഥനയുമുണ്ട്: 'ഈ സമാഹാരം (സംഹാരം?​)​ വായിച്ചുകഴിഞ്ഞിട്ട് അല്പംപോലും ചിരി വരാത്തവർ ഇക്കിളിപ്പെടുത്താൻ ആരെയെങ്കിലും ഏർപ്പാടാക്കി ഒന്നു ചിരിക്കണേ. അതിനു വരുന്ന ചെലവ് ‍ഞാൻ ഏറ്റു!" തോമസ് ജേക്കബിന്റെ മനോഹരമായ അവതാരികയും.

പ്രസാധകർ:

ഒലിവ്,​ കോഴിക്കോട്

ഞാനും മറ്റും

തുടർച്ചയൊന്നും പറയാനില്ലാത്ത,​ ഓർമ്മക്കുറിപ്പുകൾ എന്നു വിളിക്കാവുന്ന നൂറ്റിരണ്ട് കുഞ്ഞുകുഞ്ഞ് ആത്മകഥനങ്ങളുടെ സമാഹാരമാണ് ശൈലൻ എഴുതിയ 'ഞാനും മറ്റും." ഇതിലെല്ലാം ഞാനുണ്ട്,​ ഇതെല്ലാം ഞാനാണ്" എന്ന് ആമുഖമായി ശൈലൻ പറയുന്നുണ്ടെങ്കിലും ഇതിലുള്ളത് അതെഴുതിയ ആൾ മാത്രമല്ലെന്നും,​ വായനക്കാരന് ഇതിൽ നിന്ന് അയാളെത്തന്നെ സ്വയം കണ്ടെടുക്കാനാവുന്നുണ്ടെന്നും ഓരോ വായനയിലും മനസിലാകും. ചിത്രങ്ങളും പേജുകളുടെ രൂപകല്പനയിലെ വൈവിദ്ധ്യവും ഈ പുസ്തകത്തെ വ്യത്യസ്തവും മനോഹരവുമാക്കുന്നുണ്ട്. കുറിപ്പുകൾ ഓരോന്നും തീരെ ചെറുതാകയാൽ,​ യാത്രയിലും മറ്റും വായിക്കാൻ എളുപ്പം.

പ്രസാധകർ:

ഒലിവ്,​ കോഴിക്കോട്

ബൊമ്മ കല്യാണം

ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിൽ തോറ്റുതീരുന്ന കുറേ മനുഷ്യരുടെ ദൈന്യങ്ങളിലൂടെയുള്ള യാത്രയാണ് ബൊമ്മ കല്യാണം എന്ന കഥാ സമാഹാരം. ഈ കൊച്ചു കഥാപുസ്തകത്തിൽ ആരും സാഹിത്യം തിരഞ്ഞുപോകരുതെന്ന് ആമുഖത്തിൽ എഴുതുന്ന കഥാകാരൻ,​ കണ്ടതും അനുഭവിച്ചതുമായ ജീവിതം തന്റേതായ ഭാഷയിൽ എഴുതിവയ്ക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും പറയുന്നു. ഈ സത്യസന്ധതയുടെ സൗന്ദര്യവും ലാളിത്യത്തിന്റെ ചാരുതയും തന്നെയാണ് 'ബൊമ്മ കല്യാണ"ത്തിലെ ഓരോ കഥയെയും അനുഭവമാക്കിത്തീർക്കുന്നത്. സീതിക്കായുടെ പൗരത്വം,​ ചോന്നോൻ,​ തെളിയാത്ത ജന്മങ്ങൾ,​ ബൊമ്മ കല്യാണം തുടങ്ങി പത്തു കഥകളുടെ സമാഹാരം.

പ്രസാധകർ:

ബുക്‌മാൻ,​ കോഴിക്കോട്

അവൾ അല്ല അവൾ

സങ്കീർണമായ മനുഷ്യജീവിതവും നിഗൂഢമായ ലോകക്രമവും തമ്മിലുള്ള തീക്ഷ്ണമായ ഏറ്റുമുട്ടലുകളുടെ,​ യാഥാർത്ഥ്യവും ഭാവനയും കെട്ടുപിണയുന്ന സർറിയലിസ്റ്റ് കഥകളുടെ സമാഹാരമാണ് ഡോ. ആർ. സത്യജിത്തിന്റെ 'അവൾ അല്ല അവൾ." ഹ്യൂമനോയിഡിസത്തിന്റെ ഈ കാലഘട്ടത്തിൽ മനുഷ്യത്വത്തിന്റെ പരിണാമങ്ങളെയും ആന്യവത്കരണങ്ങളെയും കഥാകാരൻ ഇതിലെ കഥകളിലൂടെ വിസ്മയകരമായി ആവിഷ്കരിക്കുന്നു. പത്തു കഥകളുടെ പുസ്തകത്തിൽ,​ ഡോ. ആർ. സത്യജിത്തിന്റെ കഥകളെക്കുറിച്ച് 'ചിതറിയ കാലത്തെ കോർത്തെടുക്കുമ്പോൾ" എന്ന,​ ആർ. ചന്ദ്രബോസ് എഴുതിയ പഠനവും.

പ്രസാധകർ:

സദ്ഭാവന ട്രസ്റ്റ്

തിരുവനന്തപുരം

ആ നാലു വർഷങ്ങൾ- 3.0

കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഒഫ് എൻജിനിയറിംഗിൽ പഠിച്ച്,​ യു.എ.ഇയിലെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന പൂർവവിദ്യാർത്ഥികൾ പഴയ കാലത്തിന്റെ ഓർമ്മകൾ പങ്കുവയ്ക്കുന്ന പുസ്തകമാണ് താഹിർ റഹിം,​ അനൂപ് പി.പി എന്നിവർ എ‌ഡിറ്റർമാരായ 'ആ നാലു വർഷങ്ങൾ- 3.0" എന്ന പുസ്തകം. തിരക്കേറിയ പ്രവാസ ജീവിതത്തിനിടയിലും മായാത്ത കലാലയ സൗഹൃദങ്ങൾ നിലനിറുത്താൻ 'മെയ്സ് ആലുംനി" നടത്തുന്ന അവിശ്വസനീയ ശ്രമങ്ങളുടെ നേർക്കാഴ്ചയാണ് ഇത്. 'മെയ്സി"ന്റെ പശ്ചാത്തലത്തിലാണ് ഇതിലെ ഓർമ്മകളെങ്കിലും,​ വായനക്കാരെ അവരുടെ സ്വന്തം കലാലയ കാലത്തേക്ക് കൈപിടിച്ചു നടത്തും,​ ഇതിലെ ഓരോ അദ്ധ്യായവും.

പ്രസാധകർ:

ഹരിതം ബുക്സ്

കോഴിക്കോട്

TAGS: BOOK REVIEW, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.