
ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി നാളെ പരിഗണിക്കും. ആറുവർഷത്തെ ഇടവേളയക്ക്ശേഷമാണിത്.
കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അതീവ രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയമാണിത്. തിരഞ്ഞെടുപ്പിന് മുമ്പ് വാദം കേൾക്കൽ ഉണ്ടാകുമോ എന്നതിലാണ് ആകാംക്ഷ.
പുതിയ ഒൻപതംഗ ബെഞ്ച് രൂപീകരിച്ചുവേണം വാദം കേൾക്കാൻ.
10 മുതൽ 50 വയസു വരെയുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള അഞ്ചംഗ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയാണ് നിലവിലുള്ളത്. ജസ്റ്റിസ് ഇന്ദു മൽഹോത്ര മാത്രമാണ് വിയോജിച്ചുകൊണ്ട് പ്രത്യേക വിധിപ്രസ്താവം നടത്തിയത്. അഞ്ചുപേരും വിരമിച്ചു.
2018 സെപ്‌തംബർ 28ലെ വിധിയെ ചോദ്യംചെയ്‌തും അനുകൂലിച്ചും ഹർജികളുണ്ട്. ഒൻപതംഗ വിശാല ബെഞ്ച് രൂപീകരിച്ചെങ്കിലും അതിലെ ജസ്റ്റിസ് സൂര്യകാന്ത് ഒഴികെയുള്ളവർ വിരമിച്ചു. അദ്ദേഹമാണ് നിലവിലെ ചീഫ് ജസ്റ്റിസ്. അദ്ദേഹത്തിന്റെ അദ്ധ്യക്ഷതയിലുള്ള മൂന്നംഗബെഞ്ചു മുമ്പാകെയാണ് നാളെ വിഷയം വരുന്നത്.
ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വിപുൽ എം. പഞ്ചോലി എന്നിവർകൂടി ഉൾപ്പെട്ട ബെഞ്ച് സ്വീകരിക്കുന്ന നിലപാട് നിർണായകമാണ്. വിശാലബെഞ്ച് പുനഃസംഘടിപ്പിക്കുന്ന നടപടിയിലേക്ക് ഉടൻ കടക്കുമോയെന്നതാണ് പ്രധാനം.
ദാവൂദി ബോറ സമുദായത്തിലെ ചേലാകർമ്മവും മുസ്ലീം പള്ളികളിൽ പ്രവേശിക്കുന്നതിനുള്ള വിലക്കും ചോദ്യംചെയ്‌ത ഹർജികളും ഒപ്പമുണ്ട്. സമുദായത്തിന് പുറത്തുനിന്ന് വിവാഹം ചെയ്‌ത പാഴ്സി വനിതയെ അവരുടെ ക്ഷേത്രത്തിൽ പ്രവേശനം വിലക്കുന്നതിരെയുള്ള ഹർജികളും ഇവയ്‌ക്കൊപ്പം ലിസ്റ്റ് ചെയ്‌തിട്ടുണ്ട്. ആകെ 67 ഹർജികൾ. ലിംഗനീതി, സ്‌ത്രീകളുടെ അവകാശങ്ങൾ, മതസ്വാതന്ത്ര്യം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണെന്ന് നേരത്തെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഏറ്റവും ഒടുവിൽ 2020 ഫെബ്രുവരി 18നാണ് 9 അംഗ ബെഞ്ചിനു മുന്നിൽ ശബരിമല യുവതീപ്രവേശനം ലിസ്റ്ര് ചെയ്‌തിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |