
കൊച്ചി: സൂര്യാഘാതം തടയുന്ന ഓസോൺ പാളിക്ക് കടുത്ത ഭീഷണി ഫ്രിഡ്ജും എ.സിയും ഉൾപ്പെടെ പുറംതള്ളുന്ന വാതകങ്ങൾ. ഹൈഡ്രോക്ലോറോഫ്ലൂറോ കാർബണാണ് വില്ലൻ. ഇതു തടയാൻ കർമ്മപദ്ധതി ശക്തമാക്കി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. പത്തുവർഷത്തിനകം ലക്ഷ്യം കാണും.
വിഷവാതകം പുറത്തുവിടുന്ന കംപ്രസറുകൾ ഒഴിവാക്കും. പകരം തെർമൽ, സോളാർ, ഹൈബ്രിഡ്, ബാറ്ററി സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന ശീതികരിണികൾ വിപണിയിലെത്തിക്കും. ഇതിനുള്ള നടപടി മന്ത്രാലയത്തിന് കീഴിലുള്ള ഓസോൺ സെല്ലിന്റെ മേൽനോട്ടത്തിൽ ആരംഭിച്ചു.
ഫ്രിഡ്ജും എ.സിയും ഏറ്റവുമധികം ഉപയോഗിക്കുന്ന വ്യാപാരശാലകൾ, ഐ.ടി സെന്ററുകൾ, കോർപറേറ്റ് സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ചാകും ആദ്യ പ്രവർത്തനം. ആഗോള താപന സാദ്ധ്യത കുറയ്ക്കുന്ന ഉപകരണങ്ങൾ (ലോ ഗ്ലോബൽ വാമിംഗ് പൊട്ടൻഷ്യൽ റഫ്രിജെറന്റ്സ്) വിപണിയിൽ സുലഭമാകുന്നതോടെ ഇവ മാത്രമേ ഉപയോഗിക്കാവൂ എന്ന് നിയമം കൊണ്ടുവരും. വാഹനങ്ങളിലും ഇത്തരം എ.സി ഘടിപ്പിക്കും.
ഇതു സംബന്ധിച്ചു സമഗ്രപഠനം നടത്താനുള്ള ഏജൻസികൾക്കായി മന്ത്രാലയം വിജ്ഞാപനമിറക്കി. ആറു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. റഫ്രിജെറന്റുകളുടെ ചോർച്ച തടയുക, കൂളിംഗ് ലോഡ് കുറയ്‌ക്കുക, കൃത്യമായി കൈകാര്യം ചെയ്യുന്നതിൽ ബോധവത്കരിക്കുക എന്നിവയും പദ്ധതിയിലുണ്ട്.
7800 ടൺ
രാജ്യത്തെ പ്രതിവർഷ ഹൈഡ്രോക്ലോറോഫ്ലൂറോ കാർബൺ ബഹിർഗമനം 7800 ടൺ. ഇത് ആഗോള ശരാശരിയുടെ 2 ശതമാനം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |