രാജ്യത്തിന് വേണ്ടി പോരാടി ജീവൻ വെടിഞ്ഞ ധീരസൈനികരുടെ ജീവിതം പറയുന്ന സിനിമകൾ ഇതിനുമുമ്പ് പലതവണ ഉണ്ടായിട്ടുണ്ട്. പട്ടാള സിനിമകളുടെ സംവിധായകൻ എന്നുപേര് കേട്ട മേജർ രവിയാണ് ഇത്തരം സിനിമകൾക്ക് വെള്ളവും വളവും നൽകിയിട്ടുള്ളത്. ആ പട്ടികയിലേക്കാണ് യുവനടൻ ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ സ്വപ്നേഷ് കെ.നായർ ഒരുക്കിയ എടക്കാട് ബറ്റാലിയൻ 06 എന്ന സിനിമയെത്തുന്നത്.
പട്ടാളക്കാരന്റെ കഥ
പേരുപോലെ തന്നെ ഷെഫീഖ് മുഹമ്മദ് എന്ന പട്ടാളക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. ആർമിയിൽ ക്യാപ്ടനായ അയാൾ നാട്ടിൽ ഉത്സവം കൂടാനെത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ആകെത്തുക.
ശക്തി കുറഞ്ഞ തിരക്കഥ
കമ്മട്ടിപ്പാടം എന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കിയ പി.ബാലചന്ദ്രനാണ് ഈ സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആദ്യന്തം വേഗം കുറഞ്ഞ സഞ്ചാരഗതി പ്രേക്ഷകരുടെ ആസ്വാദനമികവിനെ നല്ലവണ്ണം പരീക്ഷിക്കുന്നുണ്ട്. ആദ്യപകുതിയിൽ ഷെഫീക്കിന്റെ നാട്ടിലെ ജീവിതം പറയുന്ന സിനിമ പക്ഷേ തികച്ചും ഉപരിപ്ളവമായാണ് അതേക്കുറിച്ച് അനാവരണം ചെയ്യുന്നത്. ഉള്ളിലെ പട്ടാളക്കാരൻ നാട്ടിലെത്തിയാൽ യുവാക്കളുടെ മാതൃകയാണെന്നും അതിനാൽ തന്നെ അനീതി കണ്ടാൽ എതിർക്കുകയും ചെയ്യുന്ന പതിവ് ചേരുവയെ ഇവിടെയും സംവിധായകൻ വേണ്ടതുപോലെ ഉപയോഗിച്ചിട്ടുണ്ട്. പല രംഗങ്ങളിലും കൃത്രിമത്വം നിറഞ്ഞുനിൽക്കുന്നത് കാണാം. ബിരിയാണി ചെമ്പിനടിയിൽ പിടിച്ചുപോയതിന് പിന്നാലെ അച്ഛനു (പി.ബാലചന്ദ്രൻ) മായി ഷെഫീക്ക് നടത്തുന്ന വൈകാരിക സംഭാഷണം ഇതിന് കൃത്യമായ ഉദാഹരണമാണ്.
യുവതീ - യുവാക്കൾക്കിടയിൽ അതിവേഗം പടരുന്ന മയക്കുമരുന്ന് ഉപയോഗമെന്ന വിപത്തിനെ കുറിച്ച് സിനിമ പറയുന്നുണ്ടെങ്കിലും രണ്ടാം പകുതിയിൽ അതേക്കുറിച്ച് സിനിമ ചർച്ച ചെയ്യുന്നതേയില്ല. രണ്ടാംപകുതിയിൽ തീവ്രവാദവും ഏറ്റുമുട്ടലും മാത്രം ചർച്ചയാകുന്ന സിനിമ ദേശസ്നേഹത്തിന്റെ ഒരിക്കലും വറ്റാത്ത നീരുറവകളെ ഒന്നുകൂടി ഉത്തേജിപ്പിക്കാനുള്ള ശ്രമങ്ങൾ വേണ്ടതുപോലെ നടത്തുന്നുണ്ട്. ഇന്ത്യയെയും ലോകത്തേയും ഒരുപോലെ ഞെട്ടിച്ച് വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു സംഭവത്തെയും സിനിമ പറഞ്ഞുപോകുന്നു. ദേശസ്നേഹം കുറച്ച് കൂടുതൽ വിളമ്പാനും സംവിധായകൻ മറന്നിട്ടില്ല. മയക്കുമരുന്നിനടിപ്പെട്ട ഒരുകൂട്ടം യുവാക്കൾ പിന്നീട് നന്മമരങ്ങളാകുന്ന കാഴ്ചയും കാണാം. ട്വിസ്റ്റുകളില്ലാതെ കഥ പറഞ്ഞിട്ടുപോലും സിനിമ ഒരിക്കൽ പോലും എന്റർടെയ്‌നറാകുന്നില്ല. മയക്കുമരുന്നെന്ന വിപത്ത് ചർച്ച ചെയ്യുന്നുണ്ടെങ്കിലും അത് തികച്ചും ദുർബലമാണ്. സിനിമയുടെ ആകെത്തുകയെടുത്താൽ ശരാശരിയോളം പോലുമെത്താത്ത കാഴ്ചാനുഭവമായിരിക്കും ഈ സിനിമ.
ടൊവിനോയെന്ന ക്യാപ്ടൻ
ഷെഫീക്കിന്റെ വേഷത്തിലെത്തുന്ന ടൊവിനോ തോമസ് ക്യാപ്ടനായി മികച്ചുനിൽക്കുന്നുണ്ട്. എന്നാൽ, പൊലീസ് ഓഫീസറെ പോലെയോ കളക്‌ടറെയോ പോലുള്ള വേഷങ്ങൾ അവതരിപ്പിച്ച ടൊവിനോയെ സൈനിക വേഷത്തിൽ പ്രേക്ഷകർക്ക് മുന്നിൽ അണിയിച്ചൊരുക്കുക എന്നതിനപ്പുറം കഥാപാത്രത്തിന് എന്തെങ്കിലും ചെയ്യാനുണ്ടെന്ന് തോന്നുന്നില്ല. യുവ ക്യാപ്ടന്റെ വേഷത്തിൽ ടൊവിനോ ഫിറ്റാണെന്ന് മാത്രം പറയാനാകും.
രസിക്കാത്ത രസതന്ത്രം
നായികയായെത്തുന്നത് തീവണ്ടി എന്ന സിനിമയിലൂടെ ശ്രദ്ധേയയായ സംയുക്ത മേനോനാണ്. ടൊവിനോയും സംയുക്തയും നേരത്തെ ജോഡികളായപ്പോൾ മികച്ച രസതന്ത്രമാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. പക്ഷേ, ഈ സിനിമയിൽ ആ തന്ത്രം ഒട്ടും രസമില്ലാത്തതായി മാറുന്നുണ്ട്. ഒരുപക്ഷേ തിരക്കഥയിൽ കഥാപാത്രങ്ങൾക്ക് നൽകിയ പ്രാധാന്യമില്ലായ്‌മയാകാം ഈ രസക്കേടുകൾക്ക് കാരണം. നടി രേഖ, ജോയ് മാത്യു, സുധീഷ്, അഞ്ജലി, പൊന്നമ്മ ബാബു, നിർമ്മൽ പാലാഴി, സന്തോഷ് കീഴാറ്റൂർ, സലിം കുമാർ, സിബി കെ തോമസ്, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ.
കോഴിക്കോട് ജില്ലയിലെ എടക്കാട് ഗ്രാമത്തിന്റെ സൗന്ദര്യം കാമറാമാൻ സിനു സിദ്ധാർത്ഥ് നല്ലതുപോലെ പകർത്തിയിട്ടുണ്ട്. 'നീ ഹിമമഴയായി' എന്നു തുടങ്ങുന്ന ഗാനം നേരത്തെ തന്നെ യൂ ട്യൂബിൽ ഹിറ്റായിരുന്നു. അതൊഴികെയുള്ള ഗാനങ്ങൾക്ക് വലിയൊരു അനുഭവം സമ്മാനിക്കാൻ കഴിഞ്ഞിട്ടില്ല. ഈ പാട്ടിന് കൈലാസ് മേനോനാണ് സംഗീതം നൽകിയത്.
വാൽക്കഷണം: ബറ്റാലിയൻ ശക്തമല്ല
റേറ്റിംഗ്: 2
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |