
കൊല്ലം∙ ശബരിമലയിലെ ദ്വാരപാലക ശില്പക്കേസിലും കട്ടിളപ്പാളിക്കേസിലും തന്ത്രി കണ്ഠരര് രാജീവരർക്ക് കൊല്ലം വിജിലൻസ് കോടതി ജഡ്ജി സി.എസ്. മോഹിത് ജാമ്യം നൽകി. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും എം.എൽ.എയുമായിരുന്ന പദ്മകുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കട്ടിളപ്പാളി കേസിൽ സ്വാഭാവിക ജാമ്യം ലഭിക്കുമെങ്കിലും ദ്വാരപാലക പാളിക്കേസിൽ 90 ദിവസം തികഞ്ഞിട്ടില്ല.
മുൻ ബോർഡ് അംഗം കെ.പി. ശങ്കരദാസിന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.
അറസ്റ്റിലായി 41-ാം ദിവസമാണ് തന്ത്രിയുടെ ജാമ്യം.
ഇടപെട്ടത് ആചാരപരമായ കാര്യങ്ങളിൽ മാത്രമാണെന്നാണ് തന്ത്രി വാദിച്ചത്.
കട്ടിളപ്പാളിക്കേസിൽ 13-ാം പ്രതിയായി റിമാൻഡിൽ കഴിയവേ ദ്വാരപാലക പാളിക്കേസിൽ 16-ാം പ്രതിയാക്കുകയായിരുന്നു . രണ്ട് ജാമ്യ ഹർജികൾ നൽകിയെങ്കിലും കോടതി ഒരുമിച്ച് പരിഗണിക്കുകയായിരുന്നു.
അനധികൃത സമ്പാദ്യം തന്ത്രിക്കുണ്ടെന്നും അത് കണ്ടെത്തണമെന്നും ചൂണ്ടിക്കാട്ടി എസ്.ഐ.ടി എതിർത്തു.
ക്ഷേത്രത്തിന്റെ ചൈതന്യവും പരിപാവനതയും ആത്മീയമൂല്യവും കാത്തുസൂക്ഷിക്കാൻ ബാദ്ധ്യസ്ഥനായ തന്ത്രി, ആചാരലംഘനത്തിന് കൂട്ടുനിന്നു. പാളികൾ ഇളക്കിക്കൊണ്ടുപോയത് ബോർഡിന്റെ ശ്രദ്ധയിൽപ്പെടുത്താതെ കൊള്ളയ്ക്ക് കുറ്റകരമായ മൗനാനുവാദം നൽകി, പോറ്റിക്ക് സ്വർണപ്പാളികൾ കൈമാറുന്നത് തടഞ്ഞില്ല തുടങ്ങിയ വീഴ്ചകളാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്.
പത്തനംതിട്ടയിൽ
പ്രവേശിക്കരുത്
രണ്ട് ലക്ഷം രൂപ വീതമുള്ള രണ്ട് ആൾ ജാമ്യത്തിലാണ് പുറത്തിറങ്ങിയത്. ചൊവ്വ, ശനി ദിവസങ്ങളിൽ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസിൽ അന്വേഷണ ഉദ്യോഗസ്ഥനു മുൻപിൽ ഹാജരാകണം. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത് തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥകൾ. വസതി ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരാണ്.
അനുമതിയില്ലാതെ കേരളത്തിന് പുറത്ത് പോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത്, മാദ്ധ്യമങ്ങളോട് സംസാരിക്കരുത് തുടങ്ങിയവയാണ് മറ്റ് ഉപാധികൾ
.
പുറത്തിറങ്ങുന്ന ആറാമൻ
ജാമ്യം നേടി ജയിൽ മോചിതനാകുന്ന ആറാമത്തെയാളാണ് തന്ത്രി കണ്ഠരര് രാജീവര്. ആദ്യം ജാമ്യം നേടിയത് ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവാണ്. തുടർന്ന് മുൻ എക്സിക്യൂട്ടീവ് ഓഫീസർ എസ്. ശ്രീകുമാറിനു ജാമ്യം ലഭിച്ചു. ശബരിമലയിലെ എക്സിക്യുട്ടിവ് ഓഫീസറായിരുന്ന ഡി. സുധീഷ് കുമാറിന് കഴിഞ്ഞയാഴ്ച ജാമ്യം ലഭിച്ചു. ഈ മാസം അഞ്ചിന് മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കും 11ന് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും കമ്മിഷണറുമായിരുന്ന എൻ. വാസുവിനും ജാമ്യം ലഭിച്ചു. തന്ത്രിക്കും എസ്. ശ്രീകുമാറിനും മാത്രമാണ് 90 ദിവസം തികയും മുൻപേ ജാമ്യം ലഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |