
വിമർശിച്ച് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്
അനുകൂലിച്ച് ബി.ജെ.പി
തിരുവനന്തപുരം: കേരള സ്റ്റോറി സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ട്രെയിലർ വിവാദത്തിൽ. ട്രെയിലറിനെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും രൂക്ഷമായി വിമർശിച്ചു. ഇഷ്ടമുള്ളവർ സിനിമ കാണട്ടെയെന്ന് ബി.ജെ.പി പ്രതികരിച്ചു. ട്രെയിലർ സാമൂഹ്യമാദ്ധ്യങ്ങളിലും ചൂടുപിടിച്ച കമന്റുകൾക്ക് വഴിതുറന്നു.
കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട സിനിമയെന്നാണ് പിണറായി വിജയന്റെ വിമർശനം. കേരളത്തോട് അസൂയ ഉള്ളവരാണ് സിനിമയ്ക്ക് പിന്നിലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കേരളത്തെ മോശമാക്കി കാണിക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കില്ല. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള സ്റ്റോറിയാണിതെന്ന് മന്ത്രി വി.ശിവൻകുട്ടിയുടെ പ്രതികരണം. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ട സാഹചര്യമുണ്ടായാൽ നിയമ നടപടിക്ക് പോകും.
കേരളത്തെ ജാതിയുടെ പേരിൽ വിഭജിക്കാനുള്ള ഏതൊരു ശ്രമവും പരിഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഇത് ഐക്യത്തിനും സഹവർത്തിത്വത്തിനും പേരുകേട്ട കേരളത്തിന്റെ കഥയല്ല. നുണക്കഥയ്ക്ക് പിന്നിൽ സംഘപരിവാർ അജൻഡയെന്ന് കെ.സി. വേണുഗോപാൽ വിമർശിച്ചു.
അതേസമയം, ആവിഷ്കാര സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്നായിരുന്നു ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. പത്തുകൊല്ലമായി ഒരു സമുദായത്തിന്റെ വോട്ടിനുവേണ്ടി മുഖ്യമന്ത്രി മൗനം പാലിക്കുന്നു. കേരള സ്റ്റോറി ഇഷ്ട്ടമുള്ളവർക്ക് കാണാം. അത് അവരുടെ അവകാശമാണ്.
ബീഫിനോടുള്ള പ്രിയം മുതൽ ബീഫ് വിഭവങ്ങൾ വരെയാണ് ട്രോളായും കമന്റുകളായും സോഷ്യൽ മീഡിയയിൽ നിറഞ്ഞത്.
വിശദീകരണം തേടി ഹൈക്കോടതി
'ദി കേരള സ്റ്റോറി 2 - ഗോസ് ബിയോൺഡ്" എന്ന സിനിമയുടെ പ്രദർശനാനുമതി റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി കേന്ദ്ര ഫിലിം സർട്ടിഫിക്കേഷൻ (സെൻസർ) ബോർഡിന്റെ വിശദീകരണം തേടി. നിർമ്മാതാക്കളായ സൺഷൈൻ പിക്ചേഴ്സിനും നോട്ടീസിന് നിർദ്ദേശിച്ചു.വിദ്വേഷ പ്രചാരണത്തിലൂടെ കേരളത്തെ അപമാനിക്കുന്നതാണ് സിനിമയുടെ ഉള്ളടക്കമെന്ന് ആരോപിച്ച് കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരി സമർപ്പിച്ച ഹർജിയിലാണ് നടപടി.ഹർജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.27നാണ് ചിത്രത്തിന്റ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിലെ സ്ത്രീകളുടെ കഥ പറയുന്ന സിനിമയ്ക്ക് 'കേരള സ്റ്റോറി" എന്ന് പേരിട്ടത് ബോധപൂർവ്വമാണ്.ഭീകരവാദം,നിർബന്ധിത മതപരിവർത്തനം തുടങ്ങിയവയെ കേരളവുമായി മാത്രം ബന്ധിപ്പിക്കുന്നത് സംസ്ഥാനത്തെ ജനങ്ങളെയാകെ അപമാനിക്കുന്നതിനും വർഗീയ ചേരിതിരിവിനും കാരണമാകുമെന്നാണ് പരാതി.
നടന്ന സംഭവങ്ങളെ ആസ്പദമാക്കി: സംവിധായകൻ
കേരള സ്റ്റോറി സിനിമയുടെ രണ്ടാം ഭാഗം നടന്ന സംഭവങ്ങളുടെ അടിസ്ഥാനത്തിൽ ചിത്രീകരിച്ചതാണെന്നും കണ്ണടച്ചാൽ സത്യം ഇല്ലാതാകില്ലെന്നും സംവിധായകൻ കാമാഖ്യാ നാരായൺ സിംഗ്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരുടെ വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിനിമയിലെ ഓരോ രംഗവും യാഥാർത്ഥമാണ്. ഇത്തരം സംഭവങ്ങൾ എല്ലാ ദിവസവും വാർത്തകളിൽ ഇടം നേടുന്നു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നു. 15-20 നടന്ന സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സിനിമയെടുത്തത്. സിനിമയ്ക്കായി നല്ല പഠനം നടത്തി. സമൂഹത്തിൽ സത്യം പുറത്തുകൊണ്ടുവരാനും ആളുകളെ ബോധവത്കരിക്കാനും ചലച്ചിത്രകാരൻ എന്ന നിലയിൽ ഉത്തരവാദിത്വമുണ്ട്. പ്രണയം നടിച്ച് പെൺകുട്ടികളെ കെണിയിൽ വീഴ്ത്തി മതം മാറ്റാൻ നിർബന്ധിക്കുന്നത് തെറ്റാണ്. അവർ ഈ രാജ്യത്തിന്റെ ജനസംഖ്യാശാസ്ത്രം മാറ്റാൻ ശ്രമിക്കുകയാണ്, അത് സമൂഹം അംഗീകരിക്കില്ല. രാജ്യത്തിനെതിരെ ഗൂഢാലോചന നടക്കുന്നു. കണ്ണു തുറന്ന് സത്യം മനസിലാക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.