
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേർന്ന് തയ്യാറാക്കിയ 52 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ സാദ്ധ്യതാ പട്ടിക കേന്ദ്ര നേതൃത്വത്തിന് സമർപ്പിച്ചെങ്കിലും ആർ.എസ്.എസിന്റെ അഭിപ്രായം കൂടി പരിഗണിക്കണമെന്ന് നിർദ്ദേശം. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം ആലുവയിൽ ബി.ജെ.പി, ആർ.എസ്.എസ് നേതാക്കളുടെ സംയുക്തയോഗം ചേർന്നു. സ്ഥാനാർത്ഥി നിർണയത്തിൽ തിടുക്കം വേണ്ടെന്നും കേന്ദ്രനേതൃത്വം നിർദ്ദേശിച്ചിട്ടുണ്ട്.
പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയും സംസ്ഥാന തിരഞ്ഞെടുപ്പ് പ്രഭാരിയുമായ വിനോദ് താവ്‌ഡെ,സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ,കേന്ദ്രമന്ത്രി ശോഭാ കരന്തലജെ,സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ,മുൻ സംസ്ഥാന അദ്ധ്യക്ഷൻമാരായ കെ.സുരേന്ദ്രൻ,സി.കെ.പത്മനാഭൻ,പി.കെ.കൃഷ്ണദാസ്, വി.മുരളീധരൻ,കുമ്മനം രാജശേഖരൻ,കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ,സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എസ്.സുരേഷ്,ശോഭാസുരേന്ദ്രൻ,അനൂപ് ആന്റണി,എം.ടി.രമേശ് എന്നിവരും പി.സുധീർ,ഷോൺ ജോർജ്,കെ.കെ.അനീഷ് കുമാർ,നവ്യഹരിദാസ് തുടങ്ങിയവരുമാണ് തിരഞ്ഞെടുപ്പ് കമ്മിറ്റിയിലുള്ളത്. നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റു നാല് സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥികൾക്കൊപ്പം വിവിധ ഘട്ടങ്ങളിലായിട്ടാകും കേരളത്തിലേയും സ്ഥാനാർത്ഥി പ്രഖ്യാപനം കേന്ദ്ര നേതൃത്വം നടത്തുക.
മത്സരിക്കുക 90 മണ്ഡലങ്ങളിൽ
1. ബി.ജെ.പി 90 മണ്ഡലങ്ങളിലാകും മത്സരിക്കുക. 50ഒാളം മണ്ഡലങ്ങളിൽ ബി.ഡി.ജെ.എസ്, ട്വന്റി20 ഉൾപ്പെടെയുള്ള ഘടകകക്ഷികൾ മത്സരിക്കും
2. മികച്ച വിജയസാദ്ധ്യതയുള്ള 10 മണ്ഡലങ്ങൾ, മികച്ച പ്രകടനത്തിന് സാദ്ധ്യതയുള്ള 42 മണ്ഡലങ്ങൾ, മറ്റ് 48 മണ്ഡലങ്ങൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായിട്ടാകും ബി.ജെ.പി സ്ഥാനാർത്ഥി നിർണയം
സാന്നിദ്ധ്യമറിയിച്ച് നേതാക്കൾ
സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചില്ലെങ്കിലും ചില മണ്ഡലങ്ങളിൽ പ്രമുഖ നേതാക്കൾ സജീവമായി തുടങ്ങിയിട്ടുണ്ട്. നേമത്ത് രാജീവ് ചന്ദ്രശേഖർ,കഴക്കൂട്ടത്ത് വി.മുരളീധരൻ, കാട്ടക്കടയിൽ പി.കെ.കൃഷ്ണദാസ്,മഞ്ചേശ്വരത്ത് കെ.സുരേന്ദ്രൻ, പാലായിൽ ഷോൺ ജോർജ്,തിരുവല്ലയിൽ അനൂപ് ആന്റണി,ചെങ്ങന്നൂരിൽ സന്ദീപ് വാചസ്പതി എന്നിവർ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. വട്ടിയൂർക്കാവിൽ ശോഭാ സുരേന്ദ്രൻ,ആർ.ശ്രീലേഖ,നടൻ കൃഷ്ണകുമാർ,തിരുവനന്തപുരത്ത് കരമന ജയൻ,ചെങ്കൽ രാജശേഖരൻ നായർ,ആറന്മുളയിൽ കുമ്മനം രാജശേഖരൻ,കാസർകോട്ട് എം.എൽ.അശ്വനി,ആറ്റിങ്ങലിൽ പി.സുധീർ,തൃശൂരിൽ എം.ടി.രമേശ്,മലമ്പുഴയിൽ സി.കൃഷ്ണകുമാർ,കൊടുങ്ങല്ലൂരിൽ ബി.ഗോപാലകൃഷ്ണൻ എന്നിവരെ പരിഗണിക്കുന്നു. കായംകുളം,ഹരിപ്പാട്,ചെങ്ങന്നൂർ,അരൂർ, പാലക്കാട് എന്നിവിടങ്ങളിലും ശോഭാ സുരേന്ദ്രനെ പരിഗണിക്കുന്നു. മുൻ ഡി.ജി.പി ജേക്കബ് തോമസിനെ തൃശൂരിലോ ഒല്ലൂരിലോ ഇരിങ്ങാലക്കുടയിലോ മത്സരിപ്പിക്കാനും ആലോചനയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |