
തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയെ തുടർന്ന് നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ കാട്ടാക്കട കിള്ളി തൊളിക്കോട്ടുകോണം റസിയ മൻസിലിൽ എസ്.സുമയ്യ (26) ഇപ്പോഴും നീതിക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ഗൈഡ് വയർ ശരീരത്തിൽ സ്ഥിരമായ നിലയിലാണെന്നും കുഴപ്പങ്ങൾ ഉണ്ടാകില്ലെന്നും വിദഗ്ദ്ധ സമിതി പറയുമ്പോഴും ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നതിന്റെ ആശങ്കയിലാണ് സുമയ്യ.
ശസ്ത്രക്രിയാപിഴവ് വരുത്തിയ ഡോക്ടർക്കെതിരെ നടപടിയെടുക്കുകയോ സുമയ്യയ്‌ക്ക് നഷ്ടപരിഹാരം നൽകുകയോ സർക്കാർ ചെയ്തിട്ടില്ല. നഷ്ടപരിഹാരം നൽകുന്നത് പരിശോധിച്ചു വരികയാണെന്നാണ് ആരോഗ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. എന്നാൽ നാളിതുവരെ യാതൊരു നടപടിയുമില്ല. പെർമനന്റ് ലോക് അദാലത്തിൽ സുമയ്യ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫയൽ ചെയ്ത കേസിൽ ഏപ്രിലിൽ വാദം കേൾക്കാനിരിക്കുകയാണ്.
ജനറൽ ആശുപത്രിയിൽ 2023 മാർച്ച് 20ന് സുമയ്യയുടെ തൈറോയ്ഡ് ഗ്രന്ഥി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്‌തപ്പോഴാണ് ഗുരുതരമായ ശസ്ത്രക്രിയാ പിഴവുണ്ടായത്. ശസ്ത്രക്രിയയെ തുടർന്ന് മരുന്നു നൽകാനാണ് ഞരമ്പിൽ ഗൈഡ് വയർ ഇട്ടത്. എന്നാലിത് പുറത്തെടുത്തില്ല. പിന്നീട് ചുമയും ശ്വാസതടസവും തുടർന്നതിനാൽ രണ്ടര വർഷത്തിനുശേഷം നെഞ്ചിലെ എക്സ്റേ എടുത്തപ്പോഴാണ് ഗൈഡ് വയർ കുടുങ്ങിക്കിടക്കുന്നത് തിരിച്ചറിഞ്ഞത്. പരാതിയിൽ പരിഹാരമുണ്ടാകാത്തതോടെ സുമയ്യ ആരോഗ്യ ഡയറക്ടറേറ്റിന് മുന്നിൽ സമരം ചെയ്തപ്പോഴാണ് ഗൈഡ് വയർ പുറത്തെടുക്കുന്നതിനു ശ്രമം നടത്താൻ സർക്കാർ തീരുമാനിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |