SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.54 PM IST

മാർക്ക് ദാന വിവാദം: ജലീൽ പരുങ്ങലിൽ, മന്ത്രിയെയും സിൻഡിക്കേറ്റിനെയും തള്ളി ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഉപാദ്ധ്യക്ഷൻ

Increase Font Size Decrease Font Size Print Page
minister-kt-jaleel

തിരുവനന്തപുരം: എം.ജി സർവകലാശാലയിലെ മാർക്ക് ദാന വിവാദത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിനെയും സിൻഡിക്കേറ്റിനെയും തള്ളി ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ.രാജൻ ഗുരുക്കൾ രംഗത്തു വന്നതോടെ മന്ത്രിയുടെ നിലപാട് സ്വന്തം കോട്ടയിൽ തന്നെ ആക്രമിക്കപ്പെടുന്ന നിലയിൽ പരുങ്ങലിലായി. സർവകലാശാലകളുടെ തീരുമാനങ്ങളിൽ ഇടപെടാൻ മന്ത്രിക്ക് അധികാരമില്ലെന്നും പരീക്ഷാഫലം വന്നു കഴിഞ്ഞാൽ മാർക്ക് കൂട്ടാനോ കുറയ്ക്കാനോ സിൻഡിക്കേ​റ്റിന് കഴിയില്ലെന്നും ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ വ്യക്തമാക്കി. വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് അദാലത്തുകൾ നടത്താൻ സർവകലാശാലകൾക്ക് അധികാരമുണ്ട്. അതിൽ മന്ത്റിയുടെ പേഴ്‌സണൽ സ്​റ്റാഫ് പങ്കെടുത്തത് നിയമവിരുദ്ധമാണ്. വൈസ് ചാൻസലർക്കാണ് അദാലത്ത് നടത്താനുള്ള അവകാശം. സർവകലാശാലകൾ എടുത്ത നിയമവിരുദ്ധമായ തീരുമാനങ്ങൾ റദ്ദാക്കണമെന്നും ഡോ.രാജൻ ഗുരുക്കൾ ആവശ്യപ്പെട്ടു.

പരീക്ഷാഫലം പ്രസിദ്ധീകരിച്ച ശേഷം അതുമായി ബന്ധപ്പെട്ട യാതൊരു കാര്യത്തിലും ഇടപെടാനോ പരിശോധിക്കാനോ സിൻഡിക്കേ​റ്റിന് അധികാരമില്ല. സിൻഡിക്കേ​റ്റിലെ പരീക്ഷാ നടത്തിപ്പിനുള്ള സമിതിക്ക് പോലും ഉത്തരപ്പേപ്പർ വിളിച്ചു വരുത്താനാവില്ല. പരീക്ഷാ കൺട്രോളറാണ് പരീക്ഷ നടത്തിപ്പിന് നിയമപ്രകാരം ചുമതലപ്പെട്ടത്. തോ​റ്റവർക്ക് മാർക്ക് കൂട്ടിനൽകാൻ സിൻഡിക്കേ​റ്റിന് അധികാരമില്ല. എന്തു സമ്മർദ്ദം വന്നാലും സർവകലാശാലകൾ നിയമവിരുദ്ധമായി പ്രവർത്തിക്കരുത്. മാർക്ക് കൂട്ടി നൽകുന്നത് ഉന്നത വിദ്യാഭ്യാസ രംഗത്തെ നിലവാരം നഷ്ടപ്പെടുത്തും. മേഴ്‌സി ചാൻസ് നൽകാൻ മാത്രമാണ് സിൻഡിക്കേറ്റിന് അധികാരം. ഉന്നത വിദ്യാഭ്യാസമന്ത്റി ഇക്കാര്യത്തിൽ തെ​റ്റുകാരനാണെന്ന് കരുതുന്നില്ല. മന്ത്റിയെ ആരോ ഇതിലേക്ക് വലിച്ചിഴച്ചതാണ്. സർവകലാശാലയുടെ ഭരണഘടനാപരമായ അധികാരങ്ങളിലും അവകാശങ്ങളിലും പ്രോ ചാൻസലറായ ഉന്നത വിദ്യാഭ്യാസമന്ത്റിക്ക് ഇടപെടാൻ നിയമമില്ല. വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങിൽ അതിഥിയായി പങ്കെടുക്കാം എന്നതിൽ കവിഞ്ഞൊരു അധികാരവുമില്ല. മന്ത്റിയുടെ പ്രൈവ​റ്റ് സെക്രട്ടറി അദാലത്തിൽ പങ്കെടുത്തത് അനൗചിത്യവുമാണ്- രാജൻ ഗുരുക്കൾ പറഞ്ഞു.

TAGS: KT JALEEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY