SignIn
Kerala Kaumudi Online
Sunday, 22 February 2026 3.58 AM IST

റിയൽ കേരളാ സ്റ്റോറി

Increase Font Size Decrease Font Size Print Page
p

എന്താണ് റിയൽ കേരള സ്റ്റോറിയെന്ന് വെളളിയാഴ്ച വയനാട്ടിലെ മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തിൽ കണ്ടു. ഉരുൾ ദുരിതബാധിതരുടെ ദിനം മാത്രമായിരുന്നില്ല അത്. എല്ലാം നഷ്ടമായ ഒരു ജനതയെ നെഞ്ചോട് ചേർത്ത് പിടിച്ച് അവർക്കൊപ്പം നിന്ന രാജ്യത്തെ മുഴുവൻ ജനതയും സന്തോഷിച്ച ദിനം. പ്രതിസന്ധികൾ ഏറെ ഉണ്ടായി. അതിനെയെല്ലാം തരണം ചെയ്ത് കൊണ്ട് സർക്കാർ ഉരുൾ ദുരന്തത്തിൽ ഒറ്റപ്പെട്ടുപ്പോയവരെ ചേർത്ത് പിടിച്ചു. അതൊരു കരുതലായിരുന്നു. പിണറായി വിജയൻ സർക്കാരിന്റെ കരുതൽ. സർക്കാർ ഒപ്പമുണ്ടെന്ന് തുടക്കത്തിലേ മുഖ്യമന്ത്രി പറഞ്ഞപ്പോൾ ഉരുൾ ദുരിതബാധിതർക്ക് ഒട്ടും വിഷമിക്കേണ്ടി വന്നില്ല. പല പ്രതിസന്ധികളെയും സർക്കാരിന് നേരിടേണ്ടി വന്നു. അതിജീവിച്ച് മുന്നേറിയത് കൊണ്ട് എല്ലാം ലക്ഷ്യം കണ്ടു. ഉരുൾ ദുരിതബാധിതരായ 410 പേർക്ക് കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ സർക്കാർ വിലക്ക് വാങ്ങിയ ഭൂമിയിൽ ഉയർന്ന ടൗൺഷിപ്പിൽ ആദ്യ ഘട്ടമെന്ന നിലയിൽ 178 പേർക്ക് വീടായിരിക്കുന്നു!. അതിന്റെ നറുക്കെടുപ്പായിരുന്നു വെളളിയാഴ്ച മേപ്പാടിയിൽ കണ്ടത്. ഇവിടെ നിന്ന് ഏതാനും കിലോമീറ്റർ അകലെയാണ് അവർ 2024 ജൂലൈ 31വരെ ഒരമ്മ പെറ്റ മക്കളെപ്പോലെ കഴിഞ്ഞത്. ഒരുറക്കത്തിലാണ് അത് സംഭവിച്ചത്. അങ്ങ് പുഞ്ചിരിമട്ടത്തിനും മുകളിൽ നിന്ന് കുലം കുത്തിയൊഴുകിയെത്തിയ ഉരുൾ ഒരു ജനതയുടെ സ്വപ്നം ആകെ കവർന്നെടുത്തു. വിലപ്പെട്ട നാന്നൂറോളം ജീവനുകൾ പൊലിഞ്ഞു. ജഡം പോലും ഛിന്നഭിന്നമായി കിലോ മീറ്ററുകൾക്ക് അകലെയുളള ചാലിയാറിലേക്ക് ഒഴുകി. കണ്ണ് തുറന്നപ്പോൾ കണ്ട രംഗം ഭീകരമായിരുന്നു. പ്രദേശം മുഴുവൻ കൂറ്റൻ പാറക്കെട്ടുകളും വൻ മരങ്ങളും വന്നടിഞ്ഞ് കിടക്കുന്നു. വീട് നിന്നിടത്തുകൂടി ഉരുൾ പരന്നൊഴുകുന്നു. ഉരുളിനെ ഉൾക്കൊളളാനാകാതെ പുന്നപ്പുഴ അതിവിശാലമായി ഒഴുകുന്നു. അത്ഭുതകരമായി രക്ഷപ്പെട്ട നൂറ് കണക്കിന് കുടുംബങ്ങൾ. അതിൽ ഏതാണ്ട് എല്ലാവർക്കും മാരകമായ പരിക്കുകൾ. ഇവരെ സർക്കാറിന്റെ നേതൃത്വത്തിൽ സന്നദ്ധ സംഘടനകൾ അടക്കമുളളവർ ഏറ്റെടുത്തു. അതൊരു കരുതലായിരുന്നു.

കരുണ ഇവിടേക്ക് ഒഴുകിയെത്തി

കരുണ ഇവിടേക്ക് ഒഴുകിയെത്തി. അത് കടലോളം വലുതായിരുന്നു. ജാതിമത ഭേദമന്യേ ചൂരൽമലയിലും മുണ്ടക്കൈയിലും രക്ഷാപ്രവർത്തനം നടന്നു. രാജ്യം കണ്ട ഏറ്റവും വലിയ രക്ഷാപ്രവർത്തനം. അന്ന് മുതൽ തുടങ്ങിയ കരുതലിന് ഇതേവരെ ഒരു കോട്ടവും തട്ടാതെ സർക്കാർ ഇവർക്കൊപ്പം നിന്നു. ഉറ്റവരും ഉടയവരും നഷ്ടമായ ഒരു ജനതയെ ചേർത്ത് പിടിക്കാൻ സർക്കാർ കാണിച്ച ആത്മാർത്ഥതയാണ് എല്ലാം നഷ്ടമായവർക്ക് കിട്ടിയ ധൈര്യം. അവർ എവിടെയും പതറിയില്ല. എല്ലാത്തിനെയും അതിജീവിച്ചു. ഉരുൾ ദുരിതർ കാണിച്ച ആ തന്റേടമുണ്ടല്ലോ അതിനെയാണ് നാം ഒത്തൊരുമിച്ച് നമിക്കേണ്ടത്. വയനാട്ടിലെഏറ്റവും മനോഹരമായ മുണ്ടക്കൈ ചൂരൽമല പ്രദേശത്ത് ഒത്തൊരുമയോടെ കഴിഞ്ഞ ഒരു ജനത ആഗസ്റ്റ് പിറന്നതോടെ ഛിന്നഭിന്നമായി. അവർ വയനാടിന്റെ വിവിധ ഭാഗങ്ങളിൽ സർക്കാരിന്റെ കരുതലിൽ യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ വാടക വീടുകളിൽ കഴിഞ്ഞു. ഇവരെ സർക്കാർ ഒരു ബുദ്ധിമുട്ടും അറിയിക്കാതെ ചേർത്ത് പിടിച്ചു. നിരന്തരമായ ഇടപെടലുകളാണ് സർക്കാർ സംവിധാനത്തിലൂടെ ഇവർക്ക് അനുഭവിക്കാനായത്. സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞ് സർക്കാർ ഇവരെ കൈയൊഴിഞ്ഞെങ്കിൽ ഉരുൾ ദുരന്തത്തെക്കാൾ വലിയ ദുരന്തമായിരിക്കും ഇവർക്ക് ഒരുപക്ഷേ നേരിടേണ്ടി വരിക. മന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ മന്ത്രിമാർ നിരന്തരം ഓരോ പ്രവർത്തനങ്ങളും നിരീക്ഷിച്ചും വിലയിരുത്തിയും മുന്നോട്ട് നയിച്ചു. വയനാട്ടുകാരൻ കൂടിയായ മന്ത്രി ഒ.ആർ. കേളുവിന്റെ ഇടപെടൽ ഇവിടെ നിത്യവും ഉണ്ടായി. വയനാട്ടിൽ എത്തുമ്പോഴൊക്കെ നേരെ ടൗൺഷിപ്പിന്റെ പുരോഗതി വിലയിരുത്താൻ എപ്പോഴും സമയം കണ്ടെത്തി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ നിർമ്മാണ പ്രവർത്തി ഏറ്റവും മനോഹരമായി. യുദ്ധകാലാടിസ്ഥാനത്തിലാണ് വീടുകളുടെയും അനുബന്ധ കെട്ടിടങ്ങളുടെയും നിർമ്മാണം നടത്തിയത്. യാതൊരു പരാതിക്കും ഇടനൽകാതെ നിശ്ചിത സമയത്ത് തന്നെ ഒന്നാം ഘട്ടം ഉദ്ഘാടനത്തിനായി ഒരുക്കി നൽകി. മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ച ടൗൺഷിപ്പിന്റെ ഉദ്ഘാടനം നിർവഹിക്കുകയാണ്. രാജ്യത്തിന് തന്നെ മാതൃകയായി ഉരുൾ ദുരിതബാധിതർക്കുളള ടൗൺഷിപ്പ് മാറുകയാണ്. ഒരു പക്ഷെ ലോകത്ത് തന്നെ ഇത്തരമൊരു സംരംഭം ആദ്യമായിട്ടായിരിക്കും. കേരള സർക്കാർ അതിന് വേണ്ടി എല്ലാം മറന്ന് രംഗത്തിറങ്ങി. മുഴുവൻ സംവിധാനങ്ങളും ഇതിനായി കൈകോർത്തു. ഉത്സവഛായ കലർന്ന അന്തരീക്ഷത്തിൽ മുഖ്യമന്ത്രിയുടെ പക്കൽ നിന്ന് ഉരുൾ ദുരിതബാധിതർ താക്കോലുകൾ ഏറ്റുവാങ്ങുന്ന ഒരു ചരിത്ര നിമിഷത്തിനായിരിക്കും നാം സാക്ഷ്യം വഹിക്കുക. ഒരു ജനതയോടുളള കടപ്പാടാണ് ഇവിടെ ഇതുവഴി പ്രകടമാകുന്നത്.

കടകൾ, സംരംഭങ്ങൾ നഷ്ടപ്പെട്ടവർക്കും ധനസഹായം

മുണ്ടക്കൈചൂരൽമല ദുരന്തത്തിൽ കടകൾ, സംരംഭങ്ങൾ എന്നിവ നഷ്ടപ്പെട്ടവർക്ക് സർക്കാർ ധനസഹായം വേഗത്തിൽ വിതരണം ചെയ്യുമെന്ന് മന്ത്രി ഒ.ആർ. കേളു വ്യക്തമാക്കി. ടൗൺഷിപ്പിൽ ആദ്യഘട്ടത്തിൽ നിർമ്മാണം പൂർത്തീകരിക്കുന്ന 178 വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറുന്നതിനുള്ള നറുക്കെടുപ്പ് വേളയിൽ ഇത് പ്രഖ്യാപിച്ചത് ഇരട്ടി മധുരമായി. ദുരന്തത്തിൽ വീടുകൾ പൂർണമായി നഷ്ടപ്പെട്ട 178 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ ടൗൺഷിപ്പിൽ വീടുകൾ കൈമാറുന്നത്. നിർമ്മിക്കുന്ന 410 വീടുകൾക്കും കൃത്യമായ ഡിജിറ്റൽ നമ്പറുകൾ നൽകിയിട്ടുണ്ട്. ഒന്നാം സോണിലെ 115 വീട്, മൂന്നാം സോണിലെ 30 വീട്, നാലാം സോണിലെ 33 വീടുകളുമാണ് നറുക്കെടുപ്പിലൂടെ ഗുണഭോക്താക്കൾക്ക് ഉറപ്പാക്കിയത്. ആദ്യഘട്ടത്തിൽ കൈമാറിയ വീടുകളുടെയും ഏഴ് സെന്റ് സ്ഥലത്തിന്റെയും പട്ടയം അനുവദിച്ച ഉത്തരവ് വേദിയിൽ നിന്നും ഗുണഭോക്താക്കൾക്ക് കൈമാറി. വീടുകളുടെ വൈദ്യുതി കുടിവെള്ള കണക്ഷനുകൾ നിലവിൽ ജില്ലാ കളക്ടറുടെ പേരിലാണ് അനുവദിച്ചത്. വൈദ്യുതി കുടിവെള്ള കണക്ഷനുകളുടെ മൂന്ന് മാസത്തെ തുക സർക്കാർ അടയ്ക്കുന്നതാണ്. മൂന്ന് മാസത്തിന് ശേഷം കണക്ഷനുകൾ ഗുണഭോക്താക്കളുടെ വ്യക്തിഗത പേരിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള സാക്ഷ്യപത്രവും ഗുണഭോക്താക്കൾക്ക് നൽകി.

അഞ്ച് സോണുകളിലായി 410 വീടുകൾ

അഞ്ച് സോണുകളിലായി 410 വീടുകളാണ് ടൗൺഷിപ്പിൽ നിർമ്മിക്കുന്നത്. സോൺ ഒന്നിൽ 140 വീടുകളും സോൺ രണ്ടിൽ 55 വീടുകളും സോൺ മൂന്നിലും നാലിലും 51 വീടുകളും സോൺ അഞ്ചിൽ 113 വീടുകളുമാണ് നിർമ്മിക്കുന്നത്.ഇതോടെ 1662ൽ അധികം പേർക്ക് തണലൊരുക്കും. വീടുകളുടെ നറുക്കെടുപ്പ് ദിനത്തിൽ തന്നെ പട്ടയം മുതൽ റേഷൻ കാർഡുവരെ തത്സസമയം ഉറപ്പു വരുത്തി. ഇതിനായി അഞ്ച് വകുപ്പുകളുടെ കൗണ്ടർ തന്നെ മേപ്പാടിയിൽ വെളളിയാഴ്ച പ്രവർത്തിച്ചു. ഉരുൾ ദുരന്തത്തിൽ കുടുംബാംഗങ്ങൾ നഷ്ടമായ ശ്രുതിയും നറുക്കെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ സർവീസിൽ ജോലി നൽകിയാണ് സർക്കാർ ചേർത്ത് പിടിച്ചത്. ഉരുൾ ദുരിതർ പറയുന്നു, ഇത്രയൊക്കെ തരണം ചെയ്തില്ലെ, ഞങ്ങൾ ഇനിയും തരണം ചെയ്യും.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.