
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ആവേശം കൊടിയിറങ്ങി. ഇനി നിയമസഭാ തിരഞ്ഞെടുപ്പിന്റെ കേളികൊട്ട്. വീണ്ടുമൊരു തുടർഭരണം ലക്ഷ്യമിട്ടാണ് എൽ.ഡി.എഫ് കളത്തിലിറങ്ങുന്നതെങ്കിൽ നീണ്ടപത്തുവർഷം പ്രതിപക്ഷത്തിരുന്ന യു.ഡി.എഫിന്റെ ലക്ഷ്യം കേരളം പിടിക്കലാണ്. എൻ.ഡി.എ ആകട്ടെ തങ്ങളുടെ എ പ്ലസ് മണ്ഡലങ്ങളിലെല്ലാം വിജയക്കൊടിപാറിക്കാനുള്ള തയ്യാറെടുപ്പിലും.
അനൗദ്യോഗിക സീറ്റ്, സ്ഥാനാർത്ഥി നിർണയ ചർച്ചകളികൾക്കെല്ലാം ഇതിനോടകം മുന്നണികളും രാഷ്ട്രീയ നേതൃത്വങ്ങളും തുടക്കംകുറിച്ചിട്ടുണ്ട്. ഇടതു - വലതു മുന്നണികളുടെ നേതൃത്വത്തിൽ വടക്കു നിന്ന് തെക്കോട്ട് ജാഥകളും പുരോഗമിക്കുകയാണ്. ഇതിനിടെ കൂടുമാറ്റങ്ങളും കേരളം കണ്ടു. 'കോൺഗ്രസ് വിസ്മയത്തിന്" തുടക്കമിട്ടത് ഐഷ പോറ്റിയാണ്. പിന്നീടത് വി.എസ്. അച്യുതാനന്ദന്റെ മുൻ പേഴ്സണൽ അസിസ്റ്റന്റ് എ. സുരേഷ്, ചലച്ചിത്ര താരങ്ങളായ പ്രേംകുമാർ, ജയൻ ചേർത്തലവരെ എത്തിനിൽക്കുന്നു. കെ.ടി.ഡി.സി ചെയർമാൻ സ്ഥാനം രാജിവെച്ച സി.പി.എം നേതാവ് പി.കെ. ശശിയെ യു.ഡി.എഫ് പാളയത്തിലെത്തിക്കാനുള്ള കരുനീക്കങ്ങളും അണിയറയിൽ നടക്കുന്നുണ്ട്. പാലക്കാട്ടെ ബി.ജെ.പിയിലെ അസ്വസ്തരായ നേതാക്കളുമായും കോൺഗ്രസ് നേതൃത്വം ചർച്ചകൾ നടത്തുന്നുണ്ട്. കോൺഗ്രസിന്റെ ഈ വിസ്മയങ്ങൾ കേരളത്തിൽ പൊതുവിലും പാലക്കാട് ജില്ലയിൽ പ്രത്യേകിച്ചും യു.ഡി.എഫിന് മുതൽക്കൂട്ടാകുമോ എന്നറിയാനാണ് ഏവരും കാത്തിരിക്കുന്നത്.
പാലക്കാട് ജില്ലയിലെ ആകെയുള്ള 12 നിയമസഭാ മണ്ഡലങ്ങളിൽ രണ്ടെണ്ണമാണ് യു.ഡി.എഫിനൊപ്പമുള്ളത്. പാലക്കാടും മണ്ണാർക്കാടും ബാക്കിയുള്ള മണ്ഡലങ്ങളെല്ലാം എൽ.ഡി.എഫിനൊപ്പമാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ 5 സീറ്റ് പാലക്കാട് ജില്ലയിൽ കോൺഗ്രസ് ഉറപ്പിക്കുന്നുണ്ട്. മണ്ണാർക്കാട് ലീഗും സ്വന്തമാക്കും. ഇതോടെ നെല്ലറയിൽ എം.എൽ.എമാരുടെ എണ്ണത്തിൽ എൽ.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പം എത്താനാകുമെന്നാണ് യു.ഡി.എഫ് ക്യാമ്പ് പ്രതീക്ഷിക്കുന്നത്. അതിന് കോൺഗ്രസിന്റെ വിസ്മയങ്ങൾ തുണയാകുമെന്നും അവർ കരുതുന്നു. എന്നാൽ, പ്രബലരായ ആരെയും ഇതുവരെ സി.പി.എമ്മിൽ നിന്ന് അടർത്തിമാറ്റി കോൺഗ്രസിലേക്ക് എത്തിക്കാൻ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല, അതുകൊണ്ട് തന്നെ കോൺഗ്രസിന്റെ വിസ്മയം തുടക്കത്തിലേ പാളിയെന്നാണ് ഇടതുപക്ഷം വിലയിരുത്തുന്നത്. പ്രതിപക്ഷ നേതാവിന്റെ പുതുയുഗ ജാഥ പാലക്കാട് എത്തുമ്പോൾ വേദിയിൽ സി.പി.എം നേതാവ് പി.കെ.ശശിയെ എത്തിക്കാനായിരുന്നു ശ്രമമെങ്കിലും അതുണ്ടായില്ല. പാലക്കാട് മുൻ നഗരസഭ അദ്ധ്യക്ഷയും ബി.ജെ.പിയിലെ മുതിർന്ന നേതാവുമായ പ്രമീള ശശിധരനെയും കോൺഗ്രസിലെത്തിക്കാൻ നീക്കമുണ്ടായിരുന്നെങ്കിലും നടന്നില്ല.
പി.കെ.ശശി വിഷയത്തിൽ കരുതലോടെ സി.പി.എമ്മും കോൺഗ്രസും
കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്ത് നിന്ന് പി.കെ. ശശിയുടെ രാജി അപ്രതീക്ഷിതമായിരുന്നില്ല. തദ്ദേശതിരഞ്ഞെടുപ്പു മുതൽ അന്തരീക്ഷത്തിലുണ്ടായിരുന്ന രാജിക്കാര്യമാണ് കഴിഞ്ഞദിവസം ശശി സ്ഥിരീകരിച്ചത്. അതിന് ശേഷം സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും പ്രതികരണങ്ങൾ വളരെ കരുതലോടെയായിരുന്നു. സി.പി.എം പി.കെ. ശശിയെ കടന്നാക്രമിക്കാൻ ശ്രമിച്ചില്ല. ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു പറഞ്ഞത്, രാജി പാർട്ടിയുമായി ആലോചിച്ചിട്ടല്ല. പി.കെ. ശശി ഇപ്പോളും പാർട്ടി അംഗമാണ്. പാർട്ടി മാറുമെന്ന് വിശ്വസിക്കുന്നില്ല എന്നാണ്. പി.കെ. ശശി സ്വയം പുറത്തുപോവുന്നെങ്കിൽ പോവട്ടെയെന്നും രക്തസാക്ഷി പരിവേഷം നൽകേണ്ടതില്ലെന്നുമുള്ള നിലപാടാണ് ജില്ലാ നേതൃത്വത്തിനെന്നാണ് സൂചന. അതുപോലെ, പി.കെ. ശശി കോൺഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്നതിനപ്പുറമുള്ള പ്രതികരണങ്ങൾക്ക് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് മുതിർന്നില്ല.
സസ്‌പെൻഷൻ കാലത്തിനുശേഷം ജില്ലാ സെക്രട്ടേറിയറ്റിലേക്ക് പി.കെ.ശശി തിരിച്ചെത്തിയിരുന്നു. നിലവിലെ സെക്രട്ടറി ഇ.എൻ. സുരേഷ്ബാബു തന്റെയാളാണെന്നുവരെ ഒരുഘട്ടത്തിൽ ശശി വിശേഷിപ്പിച്ചെങ്കിലും പിന്നീട് ആ ബന്ധത്തിൽ വിള്ളൽവീണു. തദ്ദേശ തിരഞ്ഞെടുപ്പു കാലത്ത് മണ്ണാർക്കാട്ട് സി.പി.എം വിമതർ മത്സരരംഗത്ത് എത്തിയതിന് തുടർച്ചയായാണ് പി.കെ. ശശിയെ യു.ഡി.എഫ് പാളയത്തിലെത്തിക്കാനുള്ള ശ്രമം നടന്നത്. മാർച്ച് ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ പാലക്കാട്ടെത്തുന്നുണ്ട്. മാർച്ച് ആദ്യവാരം സി.പി.എമ്മിലെ അസംതൃപ്തർ യോഗം ചേർന്നേക്കുമെന്ന സൂചനയുമുണ്ട്. പി.കെ. ശശി യു.ഡി.എഫുമായി സഹകരിക്കുന്നത് ഗുണകരമാവുമെന്ന പ്രതീക്ഷ ഒരുവിഭാഗം മുന്നോട്ടുവെയ്ക്കുമ്പോൾ അദ്ദേഹത്തിനെതിരെ യു.ഡി.എഫ് നടത്തിയ സമരങ്ങളെക്കുറിച്ചുൾപ്പെടെ വിശദീകരിക്കേണ്ടി വരുമെന്ന ആശങ്ക മറുവിഭാഗത്തിനുണ്ട്.
പിണറായിയുടെ വിശ്വസ്തൻ
പി.കെ. ശശി എന്നും പിണറായിയുടെ വിശ്വസ്തനായിരുന്നു. വിവാദങ്ങൾ ഒന്നൊന്നായി ശശിയെ തേടിയെത്തിയപ്പോഴും കെ.ടി.ഡി.സി അദ്ധ്യക്ഷ സ്ഥാനത്തിന് ഇളക്കം തട്ടാതിരുന്നതും ആ അടുപ്പത്തിന്റെ കരുത്തായിരുന്നു. സംസ്ഥാനമൊട്ടുക്കും വി.എസ്. തരംഗം അലയടിച്ചപ്പോൾ എതിർചേരിയിൽ പിണറായി വിജയന് വേണ്ടി ജില്ലയിലെ പാർട്ടിയെ മുന്നോട്ടു നയിച്ച നേതാവാണ് പി.കെ. ശശി. ജില്ല വി.എസിനോട് കൂറുകാണിച്ച് നിന്നപ്പോഴെല്ലാം ഒറ്റയാൾ പട്ടാളമായി ശശി പിണറായി പക്ഷത്ത് നിലകൊണ്ടു. ജില്ലയിൽ ശക്തനായി നിലകൊണ്ടപ്പോഴൊന്നും അധികാരത്തിനായി തന്റെ നിലപാടുകൾക്ക് മാറ്റം വരുത്തിയിരുന്നില്ല. കാര്യകാരണങ്ങൾ മുഖം നോക്കാതെ തുറന്നടിച്ച് പറയുന്ന പ്രകൃതക്കാരനാണ് അദ്ദേഹം.
ഒറ്റപ്പാലത്ത് ശശിയും മലമ്പുഴയിൽ എ.സുരേഷും
സി.പി.എം നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന മുൻ എം.എൽ.എയും കെ.ടി.ഡി.സി ചെയർമാനുമായ പി.കെ.ശശിയെ പാർട്ടിയിലെത്തിച്ച് ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തിൽ മത്സരിപ്പിക്കാനാണ് കോൺഗ്രസ് നീക്കം. ഇത് സംബന്ധിച്ച് കോൺഗ്രസ് നേതൃത്വത്തിലെ ഉന്നതർ പി.കെ.ശശിയുമായി ചർച്ചകൾ നടത്തിയതായാണ് വിവരം. പാർട്ടി അച്ചടക്ക നടപടിയുടെ ഭാഗമായി മുൻ എം.എൽ.എ കൂടിയായ പി.കെ. ശശിയെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. ഇതിൽ കടുത്ത അതൃപ്തിയിലായിരുന്നു ശശി. തുടർന്ന് പിണറായി വിജയന്റെ നിർദ്ദേശപ്രകാരം ടി.പി. രാമകൃഷ്ണൻ ഉൾപ്പെടെയുള്ള നേതാക്കാൾ പി.കെ. ശശിയുമായി ചർച്ച നടത്തി ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുക്കാമെന്നും ഒഴിവ് വരുന്ന മുറയ്ക്ക് സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താമെന്നും ഉറപ്പ് നൽകിയിരുന്നു. എന്നാൽ, തനിക്കൊപ്പം പാർട്ടി വിട്ടയാളുകൾക്ക് നേരത്തെ ഉണ്ടായിരുന്ന പദവികൾ നൽകണെമെന്ന ഉപാധി ശശി മുന്നോട്ട് വെക്കുകയായിരുന്നു. ഇത് നേതൃത്വം അംഗീകരിച്ചിട്ടില്ല. ഇതോടെയാണ് പി.കെ. ശശി പാർട്ടി വിടുമെന്ന സൂചനകൾ ശക്തമായത്. ശശിയുമായി ചർച്ച നടക്കുകയാണെന്നും അന്തിമ തീരുമാനം എടുക്കുന്നതുവരെ ഒറ്റപ്പാലത്തേക്ക് ബദൽ സ്ഥാനാർത്ഥിയെ പ്രോത്സാഹിപ്പിക്കരുതെന്നും യു.ഡി.എഫ് ജില്ലാ നേതാക്കൾക്ക് അനൗപചാരികമായി നിർദ്ദേശം നൽകിയതായാണ് വിവരം.
സി.പി.എമ്മിന്റെ ഉറച്ച മണ്ഡലമാണ് ഒറ്റപ്പാലം. ഇവിടെ രാഷ്ട്രീയ സ്വാധീനമുള്ള പി.കെ. ശശി സ്ഥാനാർത്ഥിയായാൽ മത്സരഫലം മാറ്റാനാകുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ശശിക്ക് സി.ഐ.ടി.യുവിൽ ഉൾപ്പെടെ ഇപ്പോഴും വിശ്വസ്തമായ ഒരു സംഘടനാ അടിത്തറയുണ്ട്. താഴെത്തട്ടിലുള്ള തൊഴിലാളികൾക്കിടയിലും സഹകരണ മേഖലാ ശൃംഖലകൾക്കിടയിലും അദ്ദേഹത്തിന് വലിയ സ്വാധീനമുണ്ടെന്ന വിലയിരുത്തലാണ് യു.ഡി.എഫിനുള്ളത്. 2021ൽ, സി.പി.എമ്മിന്റെ കെ.പ്രേംകുമാർ ഒറ്റപ്പാലം മണ്ഡലത്തിൽ 15,152 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ശശി യു.ഡി.എഫിലേക്ക് വന്നാൽ ആ വിടവ് നികത്താനാകുമെന്നും മികച്ച പോരാട്ടം കാഴ്ചവെക്കാനാകുമെന്നുമാണ് കോൺഗ്രസ് കരുതുന്നത്.
മലമ്പുഴയിൽ നിലവിൽ മൂന്നാംസ്ഥാനത്താണ് യു.ഡി.എഫ്. വി.എസിന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്ന സുരേഷിന്റെ ഇമേജ് ഉപയോഗപ്പെടുത്തി മണ്ഡലത്തിലെ വോട്ടർമാർക്കിടയിൽ വലിയ ചലനമുണ്ടാക്കാമെന്നാണ് യു.ഡി.എഫ് കരുതുന്നത്. എന്നാൽ, മലമ്പുഴ മണ്ഡലത്തിൽ സുരേഷിലൂടെ കോൺഗ്രസിന് രാഷ്ട്രീയ പോരാട്ടം കാഴ്ചവെയ്ക്കാൻ കഴിയില്ലെന്ന വിലയിരുത്തലും ജില്ലാ നേതൃത്വത്തിലെ ഒരു വിഭാഗം നേതാക്കൾക്കുണ്ട്. കോൺഗ്രസ് വിസ്മയം എന്ന് വിശേഷിപ്പിച്ച് ഒപ്പം ചേർത്തിയ എ.സുരേഷിന്റെ സ്ഥാനാർത്ഥിത്വം നിലവിൽ മലമ്പുഴയിൽ രണ്ടാംസ്ഥാനത്തുള്ള ബി.ജെ.പിക്ക് അനുകൂലമായേക്കാമെന്നും അങ്ങനെയെങ്കിൽ അത് തിരിച്ചടിയാകുമെന്നും വിലയിരുത്തലുണ്ട്. വിസ്മയങ്ങൾ വോട്ടിംഗ് മെഷീനിലേക്കു കൂടി വ്യാപിപ്പിക്കാൻ കോൺഗ്രസിനും യു.ഡി.എഫിനും ആകുമോ എന്ന് കണ്ടുതന്നെ അറിയണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |