
തിരുവനന്തപുരം: സുപ്രീംകോടതിയുടെ യുവതീപ്രവേശന വിധിവന്ന് 10 ദിവസം കഴിഞ്ഞപ്പോൾ ശബരിമല സമരത്തിൽ നിന്നും പിന്മാറുന്നുവെന്ന് കെ.പി.സി.സി തീരുമാനമെടുത്തത് തെറ്റാണെന്ന് പറയാൻ കോൺഗ്രസ് നേതൃത്വം തയ്യാറുണ്ടോയെന്ന് ഗോവ മുൻ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള. ശബരിമലയുടെ പേരിൽ ഇപ്പോൾ മുതലക്കണ്ണീരൊഴുക്കുമ്പോൾ അന്നെടുത്ത തീരുമാനം തെറ്റെന്ന് പറയേണ്ടതല്ലേ. ശബരിമലയുടെ പേരുപറഞ്ഞ് വി.ഡി.സതീശൻ നടത്തുന്ന യാത്ര കബളിപ്പിക്കലാണ്.
ശ്രീധരൻപിള്ള എഴുതിയ 'ശബരിമല സമരവും സുവർണാവസര വിധിയും', 'വൃക്ഷ വൈജ്ഞാനികം' പുസ്തകങ്ങളുടെ പ്രകാശനച്ചടങ്ങിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. അന്ന് രഹ്നഫാത്തിമ അടക്കം രണ്ടു സ്ത്രീകളെ പൊലീസ് വേഷം ധരിപ്പിച്ചാണ് ശബരിമലയിൽ എത്തിച്ചത്. അവരുടെ ഇരുമുടിക്കെട്ടിൽ ഓറഞ്ചും മുന്തിരിയും മാത്രമല്ല, മറ്റുചിലത് കൂടി ഉണ്ടായിരുന്നു. അത് പുറത്തുപറയാൻ ആഗ്രഹിക്കുന്നില്ല. ഈ സാഹചര്യത്തിൽ തന്ത്രിയോട് താൻ പറഞ്ഞതനുസരിച്ചാണ് നട അടച്ചത്. അതിന്റെ പേരിലാണ് തന്ത്രിയെ തെളിവില്ലാത്ത കേസിന്റെ പേരിൽ ഇപ്പോൾ ജയിലിലടച്ചത്.
പിണറായി വിജയനെ അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് മർദ്ദിച്ച് കാലൊടിച്ച സംഭവത്തെക്കുറിച്ച് പുസ്തകമെഴുതിയത് താനാണ്. എന്നാൽ, തനിക്കിപ്പോൾ ഇക്കാര്യം അഭിമാനമായി തോന്നുന്നില്ല. പിണറായിയുടെ കീഴിലാണ് ഇപ്പോൾ പൊലീസിന്റെ അനീതി നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു.
ഏത് രാഷ്ട്രീയപാർട്ടിയാണ് സത്യസന്ധമായി പ്രവർത്തിക്കുന്നതെന്ന് ജനങ്ങൾക്കറിയാൻ ഓരോ പാർട്ടിയും സ്വീകരിച്ച നിലപാടുകൾ ചർച്ചയ്ക്ക് വിധേയമാക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വിശ്വാസം സംരക്ഷിക്കുക എന്നത് കേന്ദ്ര സർക്കാരിന്റെ കൂടി ഉത്തരവാദിത്വമാണ്. 'ശബരിമല സമരവും സുവർണാവസര വിധിയും' എന്നപുസ്‌തകം ഒ.രാജഗോപാലിന് നൽകി പായിപ്ര രാധാകൃഷ്ണനും 'വൃക്ഷ വൈജ്ഞാനികം' ആർ.എം.പരമേശ്വരന് നൽകി ജെ.ആർ.പത്മകുമാറും പ്രകാശനം ചെയ്തു. മേയർ വി.വി.രാജേഷ് പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |