
ഇന്ത്യയിലെ അധികാര വികേന്ദ്രീകരണത്തിന്റെ തുടക്കത്തിൽ തന്നെ പല സംസ്ഥാന സർക്കാരുകളും വിനോദ നികുതി ചുമത്താനും പിരിക്കാനുമുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിയിരുന്നു. 1961ലെ കേരള ലോക്കൽ അതോറിറ്റീസ് എന്റർടൈൻമെന്റ് ആക്ട് പ്രകാരം 1961 മുതൽ കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾ വിനോദ നികുതി പിരിച്ചുവരുന്നുണ്ട്. ഏതൊരു വിനോദപരിപാടികൾക്കുള്ള ടിക്കറ്റുകളുടെ 24 ശതമാനത്തിൽ കുറയാത്തതും 48 ശതമാനത്തിൽ കൂടാത്തതുമായ നിരക്കിൽ നികുതി പിരിക്കാനുള്ള അധികാരം ഈ നിയമം നൽകുന്നു. സിനിമാ പ്രദർശനങ്ങൾ, എക്സിബിഷനുകൾ, അമ്യൂസ്‌മെന്റ് പാർക്കുകൾ തുടങ്ങിയ വിനോദപരിപാടികൾക്കുള്ള പ്രവേശന തുകയിലാണ് വിനോദ നികുതി ചുമത്തുന്നതും പിരിക്കുന്നതും. ചരക്ക് സേവന നികുതി നടപ്പിലാക്കുന്നതിന് മുമ്പ് കേരളത്തിൽ തദ്ദേശ സ്ഥാപനങ്ങൾ സിനിമാ ടിക്കറ്റുകളിൽ 30% നിരക്കിൽ വിനോദ നികുതി പിരിച്ചിരുന്നു.
ജിഎസ്ടി രൂപീകരിക്കുന്ന സമയത്ത് പല സംസ്ഥാന നികുതികളും അതിൽ ലയിപ്പിക്കപ്പെട്ടു. എന്നാൽ, 2014ലെ ഭരണഘടനാ ഭേദഗതി ബില്ലിനെക്കുറിച്ചുള്ള സെലക്ട് കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം, ഭരണഘടനയുടെ ആർട്ടിക്കിൾ 243ഒ, 243ത എന്നിവയിൽ നിന്ന് ലഭിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ വിനോദ നികുതി പിരിക്കാനുള്ള അധികാരത്തിൽ കൈകടത്തേണ്ടതില്ലെന്ന് വ്യക്തമാക്കിയിരുന്നു. അതിനാൽ, 2016ലെ 101ാം ഭരണഘടനാ ഭേദഗതി നിയമം സംസ്ഥാന പട്ടികയിലെ (ഏഴാം ഷെഡ്യൂൾ) എൻട്രി 62നെ ഭേദഗതി ചെയ്തു. തദ്ദേശ സ്ഥാപനങ്ങൾ ചുമത്തുന്നതൊഴികെയുള്ള വിനോദ നികുതികൾ ജി.എസ്.ടിയിൽ ലയിപ്പിച്ചെങ്കിലും, വിനോദ നികുതി ചുമത്താനുള്ള തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം സംരക്ഷിക്കപ്പെട്ടു. അങ്ങനെ കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾ വിനോദ നികുതി പിരിക്കുന്നത് തുടർന്നു.
ജി.എസ്.ടി വരുന്നതിന് മുമ്പ്, 2016-17 കാലയളവിൽ സിനിമാ ടിക്കറ്റുകളിലേത് ഉൾപ്പെടെയുള്ള വിനോദ നികുതിയിൽ നിന്ന് തിരുവനന്തപുരം കോർപ്പറേഷന് 924.05 ലക്ഷം രൂപയും, കൊച്ചിക്ക് 1133.15 ലക്ഷം രൂപയും, കോഴിക്കോടിന് 781.52 ലക്ഷം രൂപയും, കൊല്ലത്തിന് 383.38 ലക്ഷം രൂപയും, തൃശ്ശൂർ കോർപ്പറേഷന് 408.08 ലക്ഷം രൂപയും വരുമാനം ലഭിച്ചിരുന്നു.
2017ൽ ജി.എസ്.ടി നിരക്ക് 28% ആയിരുന്നപ്പോൾ, സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങൾ വിനോദ നികുതി പിരിച്ചില്ല. ഇത് തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനത്തിൽ വലിയ ഇടിവുണ്ടാക്കുകയും, 2018-19 ൽ ഈ നികുതിയിൽ നിന്നുള്ള വരുമാനം തീർത്തും ഇല്ലാതാകുകയും ചെയ്തു.
പിന്നീട് 2019ൽ, കുറഞ്ഞ നിരക്കിൽ വിനോദ നികുതി പിരിക്കുന്നത് പുനരാരംഭിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകി. സിനിമാ ടിക്കറ്റുകളിൽ 5 മുതൽ 8 ശതമാനം വരെ നിരക്കിലാണ് കേരളം വിനോദ നികുതി പിരിച്ചത്. നികുതി നിരക്ക് 30 ശതമാനത്തിൽ നിന്ന് 8 ശതമാനമായി കുറഞ്ഞപ്പോൾ തദ്ദേശ സ്ഥാപനങ്ങൾക്ക് വലിയ വരുമാന നഷ്ടമുണ്ടായി. ഇത് തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെയും ക്ഷേമവികസന പ്രവർത്തനങ്ങളെയും ബാധിച്ചു.നിലവിൽ കേരളത്തിൽ സിനിമാ ടിക്കറ്റ് നിരക്കിനനുസരിച്ച് 5% മുതൽ 18% വരെയാണ് വിനോദത്തിനുള്ള ജി.എസ്.ടി നിരക്ക്. ജി.എസ്.ടി നിരക്ക് 18% ആണെങ്കിൽ സിനിമാ ഓപ്പറേറ്റർക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ക്ലെയിം ചെയ്യാവുന്നതാണ്. ജി.എസ്.ടിയും തദ്ദേശ സ്ഥാപനങ്ങളുടെ വിനോദ നികുതിയും ഉൾപ്പെടെ ഒരു സിനിമാ ടിക്കറ്റിന്മേലുള്ള മൊത്തം നികുതി 26% വരെ മാത്രമേ വരുന്നുള്ളൂ. ഇത് 2017ലെ (ജി.എസ്.ടിയ്ക്ക് മുമ്പുള്ള) 30% നികുതിയെക്കാൾ കുറവാണ്. ബുക്ക് മൈ ഷോ പോലുള്ള സംവിധാനങ്ങൾ വന്നതോടെ, വിനോദ നികുതി നിരീക്ഷിക്കാനും പിരിച്ചെടുക്കാനും കഴിയാത്തതുൾപ്പെടെ നിരവധി വെല്ലുവിളികൾ തദ്ദേശ സ്ഥാപനങ്ങൾ നേരിടുന്നുണ്ട്.
മഹാരാഷ്ട്ര, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾ കേരളത്തിൽ നിലവിലുള്ളതിനേക്കാൾ ഉയർന്ന നിരക്കിൽ വിനോദ നികുതി പിരിക്കുന്നുണ്ട്. പല സംസ്ഥാനങ്ങളിലും തദ്ദേശ സ്ഥാപനങ്ങൾ 20% വരെ വിനോദ നികുതി ചുമത്തുകയും പിരിക്കുകയും ചെയ്യുന്നു. 'സ്റ്റേറ്റ് ഓഫ് കേരള, ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്" എന്ന കേസിൽ ബഹുമാനപ്പെട്ട സുപ്രീം കോടതി ഇപ്രകാരം വിധിച്ചു: 'ഒരേ പ്രവർത്തനത്തിന്റെ വ്യത്യസ്ത വശങ്ങൾ രണ്ട് വ്യത്യസ്ത നിയമനിർമ്മാണ സഭകൾ രണ്ട് വ്യത്യസ്ത നിയമങ്ങൾക്ക് കീഴിൽ നികുതി ചുമത്തുന്നതിനാൽ, വസ്തുതാപരമായോ നിയമപരമായോ ഇവിടെ യാതൊരു ഓവർലാപ്പിംഗും ഇല്ല. പ്രക്ഷേപണം എന്നത് ഒരു സേവനമായതിനാൽ പാർലമെന്റ് ചുമത്തുന്ന സേവന നികുതിക്കും (യൂണിയൻ ലിസ്റ്റ് എൻട്രി 97), വിനോദം എന്നത് സംസ്ഥാന പട്ടികയിൽ (എൻട്രി 62) വരുന്ന വിഷയമായതിനാൽ അതിനും വെവ്വേറെ ബാധ്യതയുണ്ട്."
സിനിമാ ടിക്കറ്റുകളുടെ കാര്യത്തിൽ, വിനോദത്തിന്മേൽ വിനോദ നികുതി പിരിക്കുകയും സേവനങ്ങളുടെ വിതരണത്തിന്മേൽ ജി.എസ്.ടി ചുമത്തുകയും ചെയ്യുന്നു. ഇത് വ്യത്യസ്ത നികുതികൾ ചുമത്താൻ വ്യത്യസ്ത നിയമനിർമ്മാണ സഭകളുടെ അധികാരപരിധിയിൽ വരുന്നതിനാൽ ഇരട്ട നികുതി എന്ന പ്രശ്നം ഉദിക്കുന്നില്ല. സിനിമാ ടിക്കറ്റുകളിൽ ചുമത്തുന്ന വിനോദ നികുതി പ്രേക്ഷകരിൽ (ഉപഭോക്താക്കളിൽ) നിന്നാണ് ഈടാക്കുന്നത്, ഇത് തിയേറ്റർ ഉടമകൾ തദ്ദേശ സ്ഥാപനങ്ങൾക്ക് നേരിട്ട് അടയ്ക്കുന്നു. ഈ നികുതി പൂർണ്ണമായും വഹിക്കുന്നത് ഉപഭോക്താക്കളാണ്. സിനിമാ വ്യവസായത്തിലെ നിർമ്മാതാക്കൾക്ക് ഇതിൽ നികുതി ബാധ്യതയില്ല. സിനിമാ വ്യവസായത്തിന്റെ മൊത്തമൂല്യം കണക്കിലെടുക്കുമ്പോൾ ഇതൊരു ചെറിയ തുക മാത്രമാണ്. സർക്കാർ വിനോദ നികുതി ഒഴിവാക്കിയാൽ പോലും, തിയേറ്റർ ഉടമകൾ ടിക്കറ്റ് നിരക്ക് കുറച്ചാൽ മാത്രമേ ഉപഭോക്താക്കൾക്ക് അതിന്റെ ഗുണം ലഭിക്കൂ. മുൻകാലങ്ങളിൽ ചില സംസ്ഥാനങ്ങൾ സ്വന്തം ഭാഷാ സിനിമകൾക്ക് നികുതി ഇളവുകൾ നൽകിയിരുന്നു. എന്നാൽ ജി.എസ്.ടി നടപ്പിലാക്കിയതിന് ശേഷം തദ്ദേശ സ്ഥാപനങ്ങൾക്കുണ്ടായ വരുമാന നഷ്ടം കണക്കിലെടുത്ത്, പല സംസ്ഥാനങ്ങളും ഇത്തരം ഇളവുകൾ പിൻവലിക്കുകയും മറ്റുള്ളവർ നിയമങ്ങളിൽ ഭേദഗതി വരുത്താൻ തയ്യാറെടുക്കുകയുമാണ്.
ഏറ്റവും പ്രധാനമായി, ഇതിൽ നിയമപരമായ തടസ്സങ്ങളില്ല, രണ്ട് വ്യത്യസ്ത എന്റിറ്റികൾ ആയതിനാൽ ഇരട്ട നികുതിയുമില്ല, മാത്രമല്ല പഴയ നികുതി നിരക്കിനേക്കാൾ കുറവുമാണ് ഇപ്പോഴത്തെ നിരക്ക്. സിനിമാ ടിക്കറ്റുകളിൽ നിന്നുള്ള വിനോദ നികുതി തദ്ദേശ സ്ഥാപനങ്ങളുടെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ്. കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ പ്രാദേശിക വികസന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി തനത് ഫണ്ട് സമാഹരിക്കാൻ ഇത് സഹായിക്കുന്നു. വിനോദ നികുതി നിരക്കിൽ ഇനിയും കുറവ് വരുത്തുന്നത് തദ്ദേശ സ്ഥാപനങ്ങളുടെ, പ്രത്യേകിച്ച് കോർപ്പറേഷനുകളുടെയും മുനിസിപ്പാലിറ്റികളുടെയും നിലവിലുള്ള വരുമാന നഷ്ടം വർദ്ധിപ്പിക്കുകയേയുള്ളൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |