
ചേർത്തല: വാഹനാപകടത്തിൽ പരിക്കേറ്റയാളുടെ മുറിവിൽ നിന്നും 63 ദിവസത്തിനു ശേഷം ശസ്ത്രക്രിയയിലുടെ ചില്ലു കഷ്ണങ്ങൾ പുറത്തെടുത്ത സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസ് അന്വേഷണം തുടങ്ങി. ഇന്നലെ ആശുപത്രിയിലെത്തിയ ജില്ലാ സർവൈലൻസ് ഓഫീസർ ഡോ.എസ്. ദിലീപ്കുമാർ പരാതിക്കാരനായ രാധാകൃഷ്ണപിള്ളയിൽ നിന്നും മൊഴിയെടുത്തു. ആശുപത്രിയിലെ ചികിത്സാരേഖകളും പരിശോധിച്ചു. അപകടശേഷം രാധാകൃഷ്ണപിള്ളയെ നോക്കിയ ഡോക്ടറിൽ നിന്നും സൂപ്രണ്ട്, ആർ.എം.ഒ,മറ്റു ഡോക്ടർമാർ എന്നിവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ നാലു ദിവസത്തിനകം ആരോഗ്യവകുപ്പിനു റിപ്പോർട്ട് നൽകും.
ഡിസംബർ 16ന് കളവംകോടത്ത് ഓട്ടോമറിഞ്ഞുണ്ടായ അപകടത്തിലാണ് രാധാകൃഷ്ണപിള്ള പരിക്കേറ്റ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സതേടിയെത്തിയത്. അപകടത്തിൽ ഓട്ടോയുടെ ചില്ലുകൾ രാധാകൃഷ്ണപിള്ളയുടെ വലതു കൈയുടെ മുട്ടിന്റെ മുകളിൽ തറച്ചുകയറി. ഡോക്ടർ വിശദമായി പരിശോധിക്കാതെ മുറിവിൽ ഡ്രസ് ചെയ്തു വിടുകയാണുണ്ടായതെന്നാണ് പരാതി. ഇതിനു ശേഷം രണ്ടു തവണ ഡ്രസുചെയ്യാനെത്തിയിട്ടും ചില്ലുകൾ കണ്ടെത്താനായില്ല. രണ്ട് മാസം പിന്നിട്ടിട്ടും മുറിവ് ഉണങ്ങാതെ വന്നപ്പോഴാണ് സ്വകാര്യാശുപത്രിയിൽ ചികിത്സ തേടിയത്. ഇവിടെ നടത്തിയ പരിശോധനയിലാണ് ചില്ലുകഷണങ്ങൾ പുറത്തെടുത്തത്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് സൂപ്രണ്ട് ഡോ.എസ്.ആർ. ആമിന പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |