
കട്ടപ്പന: അയ്യപ്പൻകോവിൽ ഇടപ്പൂക്കുളത്ത് വീടിന് ചുറ്റും പെട്രോൾ ഒഴിച്ച് സാമൂഹ്യ വിരുദ്ധർ തീയിട്ടു. ഇടപ്പൂക്കുളം കൊച്ചുപുരക്കൽ ബെന്നിയുടെ വീടാണ് തീയിട്ട് നശിപ്പിക്കാൻ ശ്രമം നടന്നത്. തീ പിടിക്കുന്നത് അറിഞ്ഞ് ഓടിമാറിയതിനാൽ വീട്ടിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ 2.45നായിരുന്നു സംഭവം. ബെന്നിയുടെ മകൻ ലിബിനാണ് വീട്ടിൽ തീ ആളിപ്പടരുന്നത് ആദ്യം കണ്ടത്. ഉടനെ വീട്ടിലുള്ളവരെ വിളിച്ചെഴുന്നേൽപിച്ചു. അപ്പോഴേക്കും ആരോ ഓടി മറയുന്നത് ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ വീട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് നാട്ടുകാരെത്തി തീ അണച്ചു. കാറിന്റെ ഭാഗത്തേക്ക് തീ പടരും മുന്നെ തീ അണക്കാൻ കഴിഞ്ഞു. മുൻവശത്ത് തീ കത്തുന്നത് കണ്ട് കുഴഞ്ഞ് വീണ ബെന്നിയെ ആശുപത്രിയിൽ പ്രവേപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. മുൻവശത്ത് മാത്രമാണ് തീ പടർന്ന് പിടിച്ചത്. മുൻവശത്തെ ചുവരുകൾക്കും കതകിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് ചാക്കിൽ കുപ്പിനിറച്ച ശേഷം മുൻവശത്തെയും പിന്നിലെയും വാതിലിന് മുന്നിൽ കൊണ്ടുവച്ച ശേഷമാണ് തീയിട്ടത്. വീടിന് ചുറ്റും കതകിലും ജനാലയിലും കാർപ്പോർച്ചിൽ കിടന്ന കാറിലും പെട്രോൾ ഒഴിച്ചിരുന്നു. ബെന്നിയുടെ ഭാര്യ ബീനയുടെ മകൾ ബെർലിനും വീട്ടിൽ ഉണ്ടായിരുന്നു. തീകത്തുന്നത് തുടക്കത്തിൽ തന്നെ അറിഞ്ഞതിനാൽ വലിയ അപകടമാണ് ഒഴിവായത്. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് രാത്രി തന്നെ വീട്ടിലെത്തി കേസെടുത്തു. വിരൽ അടയാള വിദഗ്ദരും പൊലീസ് നായുമെത്തി പരിശോധന നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |