
കൊടുങ്ങല്ലൂർ: റമദാൻ കടുത്തവേനലിന്റെ ആരംഭത്തിലെത്തിയതിനാൽ വിലക്കയറ്റത്തിൽ പഴവിപണി. റോഡരികിലെ മരച്ചുവട്ടിലും മറ്റും താത്കാലികമായി തുടങ്ങിയ പഴക്കടകൾ ധാരാളമുണ്ട്. വാഴക്കുളത്ത് നിന്നുൾപ്പെടെയെത്തുന്ന നാടൻ പൈനാപ്പിൾ നോമ്പുതുറയുടെ ഇഷ്ടവിഭവമാണ്. ഇതോടൊപ്പം തണ്ണിമത്തനും മുന്തിരിക്കും ആവശ്യക്കാരേറെ. അതിർത്തി പ്രദേശങ്ങളിൽ നിന്നാണ് പഴവർഗങ്ങളെത്തുന്നത്. മൂന്നാറിൽ നിന്നും നെല്ലിയാമ്പതിയിൽ നിന്നുമൊക്കെ എത്തിയിരുന്ന നാടൻ ഓറഞ്ച് കഴിഞ്ഞവട്ടം സുലഭമായിരുന്നു. നൂറ് രൂപയ്ക്ക് നാല് കിലോ വരെ ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ കിലോയ്ക്ക് 120 രൂപയാണ് വില. തണ്ണിമത്തനും വേനൽ കടുത്തതോടെ ഇരട്ടി വിലയായി. വിദേശരാജ്യങ്ങളിൽ നിന്നുള്ള ആപ്പിളാണ് വിപണിയിൽ അധികവും. നാടൻമാങ്ങ വിപണിയിലെത്തിയിട്ടുണ്ടെങ്കിലും മാമ്പഴപ്പാകം ആയിട്ടില്ല. വരവ് മാങ്ങയ്ക്ക് വില അൽപ്പം കൂടുതലാണ്.
വേനൽക്കാലത്ത് ജലാംശം കൂടുതലുള്ള പഴങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. പ്രത്യേകിച്ചും പകൽ മുഴുവൻ നോമ്പെടുക്കുന്നവർക്ക്. 92 ശതമാനം ജലം അടങ്ങിയ തണ്ണിമത്തനാണ് ഇക്കൂട്ടത്തിൽ മുമ്പിൽ. പപ്പായ 88 ശതമാനവും ഓറഞ്ച് 87 ശതമാനവും പൈനാപ്പിൾ - ആപ്പിൾ 86 ശതമാനവും മാങ്ങ 83 ശതമാനവും ജലാംശം ധാരാളമായി അടങ്ങിയവയാണ്.
പഴവിപണിയിൽ വിലയേറ്റം
(വില കിലോഗ്രാമിന്)
തണ്ണിമത്തൻ വ40
ആപ്പിൾ 240-280
പേരക്ക 120
സാധാരണ മുന്തിരി 80
കറാച്ചി മുന്തിരി 200
പച്ച മുന്തിരി 120
പൈനാപ്പിൾ 65
മാമ്പഴം 160
റെക്കാഡിടാൻ പൈനാപ്പിൾ
ഉൽപ്പാദനക്കുറവും ഡിമാൻഡ് വർദ്ധനവും ഒരുമിച്ചെത്തിയതോടെ പൈനാപ്പിൾ വില കുതിപ്പിൽ. 2016ൽ ആയിരുന്നു ചരിത്രത്തിൽ ആദ്യമായി വലിയ വില ലഭിച്ചത്. 76.50 രൂപയായിരുന്നു അന്ന് വില. ഇത്തവണ 80ൽ എത്തുമെന്ന കണക്കുകൂട്ടലിലാണ് എറണാകുളം വാഴക്കുളത്തെ കർഷകർ. മറ്റ് സംസ്ഥാനങ്ങളിലേക്കും ഇവിടെ നിന്ന് പൈനാപ്പിൾ കയറ്റിപ്പോകുന്നുണ്ട്.
പഴങ്ങൾ മിക്കതും പെട്ടെന്ന് വിറ്റുപോകുന്നുണ്ട്. ഒരാഴ്ച്ചയ്ക്കുള്ളിൽ വില കൂടാൻ സാദ്ധ്യതയുണ്ട്.
- റോബർട്ട്, കച്ചവടക്കാരൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |