SignIn
Kerala Kaumudi Online
Wednesday, 25 February 2026 2.46 AM IST

ഇന്ത്യൻ ഐ.ടി മേഖല പുതു ഉയരങ്ങളിലേക്ക്

Increase Font Size Decrease Font Size Print Page
it-sector

ഐ.ടി വരുമാനം 30,000 കോടി ഡോളറിലേക്ക്

കൊച്ചി: ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ(എ.ഐ) ഭീഷണിയും മറികടന്ന് നടപ്പു സാമ്പത്തിക വർഷം ഇന്ത്യൻ ഐ.ടി മേഖലയുടെ വരുമാനം ചരിത്രത്തിലാദ്യമായി 30,000 കോടി ഡോളർ(27.6 ലക്ഷം കോടി രൂപ) കവിഞ്ഞേക്കും. തീരുവ പ്രതിസന്ധി ഒഴിയുന്നതും എ.ഐ നിക്ഷേപത്തിലെ വർദ്ധനയും ഇന്ത്യയുടെ ഐ.ടി സേവന മേഖലയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടുമെന്ന് ഈ രംഗത്തെ കമ്പനികളുടെ കൂട്ടായ്മയായ നാസ്‌കോം വ്യക്തമാക്കി. നടപ്പു സാമ്പത്തിക വർഷം കമ്പനികളുടെ വരുമാനം 6.1 ശതമാനം വളർച്ചയോടെ 31,500 കോടി ഡോളറിലെത്തുമെന്ന് നാസ്‌കോമിന്റെ വൈസ് ചെയർപേഴ്‌സൺ ശ്രീകാന്ത് വേലമക്കാണി വ്യക്തമാക്കി. എ.ഐയുടെ വളർച്ച പരമ്പരാഗത ഐ.ടി സേവനങ്ങൾക്ക് സമ്മർദ്ദമുണ്ടാക്കിയെങ്കിലും പുതിയ മേഖലകളിലേക്ക് വ്യാപിക്കാൻ കമ്പനികൾക്ക് അവസരമുണ്ട്. നിലവിൽ ലോകത്തിൽ എ.ഐയുടെ സാദ്ധ്യത ഉപയോഗിക്കാതെ ഒരു പ്രൊപ്പോസൽ പോലും കമ്പനികൾ സമർപ്പിക്കുന്നില്ല. ഐ.ടി മേഖലയിലെ അവിഭാജ്യ ഘടകമായി എ.ഐ മാറിയെന്നും അദ്ദേഹം പറഞ്ഞു.

ജീവനക്കാരുടെ എണ്ണം കൂടുന്നു

നടപ്പു സാമ്പത്തിക വർഷം ഇന്ത്യയിലെ ഐ.ടി മേഖലയിൽ പുതിയ 1.35 ലക്ഷം തൊഴിലുകളാണ് സൃഷ്‌ടിച്ചത്. ഇതോടെ മൊത്തം ജീവനക്കാരുടെ എണ്ണം 59.5 ലക്ഷമായി. ബംഗളൂരു, ഹൈദരാബാദ്, പൂനെ തുടങ്ങിയ നഗരങ്ങളിലാണ് പുതിയ തൊഴിലവസരങ്ങൾ കുത്തനെ ഉയരുന്നത്.

പ്രധാന വളർച്ചാ മേഖലകൾ

1. എ. ഐ അധിഷ്ഠിത ഐ.ടി സേവനങ്ങൾ

2. ഡിജിറ്റൽ ട്രാൻസ്‌മിഷൻ

3. ഗ്ളോബൽ കാപ്പബിലിറ്റി സെന്ററുകൾ

കളം മാറ്റി ഐ.ടി കമ്പനികൾ

എ.ഐയുടെ വരവോടെ പരമ്പരാഗത സേവന രീതികളിൽ നിന്ന് മാറി പുതിയ അവസരങ്ങൾ തേടുകയാണ് ഇന്ത്യൻ ഐ.ടി കമ്പനികൾ. രാജ്യത്തെ മുൻനിര കമ്പനികളായ ടി.സി.എസ്, ഇൻഫോസിസ്, വിപ്രോ, ടെക്ക് മഹീന്ദ്ര, എച്ച്.സി.എൽ ടെക്ക് തുടങ്ങിയ കമ്പനികളെല്ലാം പ്രവർത്തന രീതികളിൽ മാറ്റം വരുത്തുകയാണ്. പ്രമുഖ എ.ഐ കമ്പനിയായ അന്ത്രോപിക്കുമായി ചേർന്ന് ബിസിനസ് സംരംഭങ്ങൾക്കായി പുതിയ ഉത്പന്നം വികസിപ്പിക്കാൻ ഇൻഫോസിസ് കഴിഞ്ഞ ദിവസം കരാറിലെത്തിയിരുന്നു.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.