SignIn
Kerala Kaumudi Online
Wednesday, 25 February 2026 2.28 AM IST

എ.ഐ ഉച്ചകോടിയിലെ പ്രതിഷേധം, യൂത്ത് കോൺ. ദേശീയ അദ്ധ്യക്ഷൻ അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
e

ന്യൂഡൽഹി: എ.ഐ ഉച്ചകോടിയിലെ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ ദേശീയ അദ്ധ്യക്ഷൻ ഉദയ് ഭാനു ചിബിനെ അറസ്റ്റ് ചെയ്‌ത് ഡൽഹി പൊലീസ്. അദ്ദേഹമാണ് മുഖ്യ സൂത്രധാരനെന്നും ആരോപിച്ചു. 15 മണിക്കൂറിലേറെ ചോദ്യംചെയ്‌ത ശേഷമാണ് ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഡൽഹി പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കി. ഏഴ് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും നാല് ദിവസത്തെ കസ്റ്റഡി അനുവദിച്ചു. വിദ്വേഷം പടർത്താൻ ശ്രമിച്ചു, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. കൂടുതൽ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കേസ് ഡൽഹി പൊലീസിലെ ക്രൈംബ്രാഞ്ച് വിഭാഗത്തിന് വിട്ടു. ഡൽഹി ഭാരത് മണ്ഡപത്തിലെ ഉച്ചകോടി വേദിയിൽ പ്രതിഷേധക്കാർ ഉയർത്തിക്കാട്ടിയ ടീ ഷർട്ട് പ്രിന്റ് ചെയ്‌തത് എവിടെയെന്ന് കണ്ടെത്തണം. പ്രതിഷേധത്തിൽ പങ്കെടുത്ത ജമ്മു, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രവർത്തകരെയും പിടികൂടാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. ഫെബ്രുവരി 20നാണ് ഡൽഹി ഭാരത് മണ്ഡപത്തിലെ ഉച്ചകോടി വേദിയിൽ ഷർട്ടൂരി പ്രതിഷേധമുണ്ടായത്. ഇന്ത്യ-യു.എസ് കരാറിനെതിരെയും മോദിക്കെതിരെയും മുദ്രാവാക്യം മുഴക്കിയിരുന്നു.

പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചു

ആഗോള വേദിയിൽ ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചുവെന്ന് പൊലീസ് ഇന്നലെ കോടതിയെ അറിയിച്ചു. നിരവധി വിദേശ പ്രതിനിധികൾ ആ സമയത്ത് അവിടെയുണ്ടായിരുന്നു. രാജ്യാന്തര പ്രതിഫലനങ്ങളുണ്ടാക്കുന്ന പ്രവൃത്തിയാണുണ്ടായത്. പ്രതിഷേധത്തിനു പിന്നിൽ ഗൂഢാലോചനയുണ്ട്. ഫണ്ട് അടക്കം വന്നുവെന്നും സംശയിക്കുന്നു. പ്രതിഷേധക്കാരെ തടഞ്ഞപ്പോൾ അവർ പൊലീസിനെയും ആക്രമിച്ചെന്ന് ആരോപിച്ചു.

എതിർത്ത് ചിബ്

പൊലീസ് കസ്റ്റഡിയിൽ വിടുന്നതിനെ ചിബിന്റെ അഭിഭാഷകൻ എതിർത്തു. സമാധാനപരമായ പ്രതിഷേധമാണ് നടന്നത്. ആയുധമോ, വടിയോ ഒന്നുമില്ലായിരുന്നു. കലാപ സമാന അന്തരീക്ഷമുണ്ടാക്കിയെന്ന് ആരോപിക്കുന്നത് തെറ്റാണെന്നും ചൂണ്ടിക്കാട്ടി. ജനാധിപത്യത്തിന്റെ കൊലപാതകമെന്ന് പിതാവ് ഹരിസംഗ് ചിബ് പ്രതികരിച്ചു.

ഏകാധിപതികളെ ഭയപ്പെടുന്നില്ല

അറസ്റ്റ് രാഷ്ട്രീയപ്രേരിതമെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. തങ്ങൾ രാജ്യത്തിന്റെ ശബ്‌ദമാണെന്നും,ഏകാധിപതികളെ ഭയപ്പെടുന്നില്ലെന്നും യൂത്ത് കോൺഗ്രസ് പ്രതികരിച്ചു. രാജ്യത്തെ നാണംകെടുത്താൻ കോൺഗ്രസ് ചാവേർ സംഘങ്ങളെ രൂപീകരിക്കുകയാണെന്ന് ബി.ജെ.പി തിരിച്ചടിച്ചു.

സിംഹക്കുട്ടികളെ ഓർത്ത് അഭിമാനം

രാജ്യതാത്പര്യത്തിനായി ഭയരഹിതരായി ശബ്‌ദമുയർത്തിയ യൂത്ത് കോൺഗ്രസിലെ സിംഹക്കുട്ടികളെ ഓർത്ത് അഭിമാനിക്കുന്നതായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. ദേശീയ അദ്ധ്യക്ഷന്റെയും പ്രവർത്തകരുടെയും അറസ്റ്റുകൾ സ്വേച്ഛാധിപത്യ പ്രവണതകളുടെയും ഭീരുത്വത്തിന്റെയും തെളിവാണ്. രാജ്യതാത്പര്യത്തിന് എതിരാണ് യു.എസുമായുള്ള വ്യാപാരകരാർ. വിട്ടുവീഴ്ച ചെയ്യുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ഈ സത്യം രാജ്യത്തിനു മുന്നിൽ കൊണ്ടുവന്നതിനാണ് അറസ്റ്റുകൾ. അധികാരികളുടെ മുഖത്തേക്ക് സത്യത്തിന്റെ കണ്ണാടി പിടിക്കുന്നത് കുറ്റകൃത്യമല്ല, ദേശസ്‌നേഹമാണെന്നും കൂട്ടിച്ചേർത്തു.

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.