
ന്യൂഡൽഹി: പശ്ചിമബംഗാളിലെ തീവ്ര വോട്ടർപ്പട്ടിക പുതുക്കൽ (എസ്.ഐ.ആർ) പ്രക്രിയ പൂർത്തിയാക്കാൻ സിവിൽ ജഡ്‌ജിമാരെയും നിയോഗിക്കാൻ സുപ്രീംകോടതി അനുമതി നൽകി. സംസ്ഥാനത്തെ ജില്ലാ ജഡ്‌ജി, അഡിഷണൽ ജില്ലാ ജഡ്‌ജി പദവിയിലുള്ള സിറ്റിംഗ് ജഡ്‌ജിമാരെയും ഇതേസ്ഥാനത്തു നിന്ന് വിരമിച്ചവരെയും നിയോഗിക്കാൻ ഫെബ്രുവരി 20ന് ഉത്തരവിട്ടിരുന്നു. പ്രക്രിയയ്‌ക്ക് സ്‌തംഭനാവസ്ഥ സൃഷ്‌ടിച്ച് മമത സർക്കാരും, തിരഞ്ഞെടുപ്പ് കമ്മിഷനും തമ്മിലടിക്കുന്ന സാഹചര്യത്തിലായിരുന്നു അസാധാരണ ഇടപെടൽ. എസ്.ഐ.ആറുമായി ബന്ധപ്പെട്ട ഹർജികൾ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വിപുൽ എം. പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ച് ഇന്നലെ വീണ്ടും പരിഗണിച്ചു. കൂടുതൽ ജുഡിഷ്യൽ ഓഫീസർമാരെ ആവശ്യമാണെന്ന കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ കത്ത് സുപ്രീംകോടതി മുഖവിലയ്‌ക്കെടുത്തു. വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ട 50 ലക്ഷത്തിൽപ്പരം വോട്ടർമാരുടെ പരാതികൾ പരിശോധിച്ചു തീരുമാനമെടുക്കാൻ 250 ജില്ലാ ജഡ്‌ജി, അഡിഷണൽ ജില്ലാ ജഡ്‌ജി പദവിയിലുള്ളവരെ നിയോഗിച്ചു. അവർ പ്രതിദിനം 250 കേസുകൾ തീർപ്പാക്കിയാലും പ്രക്രിയ തീരാൻ 80 ദിവസം കൂടി വേണ്ടി വരുമെന്ന് ഹൈക്കോടതി അറിയിച്ചു. ഇതോടെ, മൂന്നു വർഷമെങ്കിലും സർവീസുള്ള സിവിൽ ജഡ്‌ജിമാരെയും പ്രകിയയ്‌ക്കായി പ്രയോജനപ്പെടുത്താൻ സുപ്രീംകോടതി അനുമതി നൽകുകയായിരുന്നു.
ബംഗാളിന് പുറത്തുള്ള ജഡ്‌ജിമാരെയും പ്രയോജനപ്പെടുത്താം
കൂടുതൽ ജഡ്‌ജിമാരെ ആവശ്യമുണ്ടെങ്കിൽ ഒഡിഷ, ജാർഖണ്ഡ് ഹൈക്കോടതികളെയും കൽക്കട്ട ഹൈക്കോടതിക്ക് സമീപിക്കാവുന്നതാണ്. അവിടുത്തെ സിറ്റിംഗ്, റിട്ടയേർഡ് ജഡ്‌ജിമാരെയും നിയോഗിക്കാവുന്നതാണ്. യാത്ര, താമസം തുടങ്ങിയവയുടെ ചെലവുകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ വഹിക്കണമെന്നും നിർദ്ദേശിച്ചു. മുൻനിശ്ചയിച്ച പ്രകാരം ഫെബ്രുവരി 28ന് കമ്മിഷന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കാമെന്ന് ആവർത്തിച്ചു. അതിനു ശേഷം സപ്ലിമെന്ററി ലിസ്റ്റുകൾ പ്രസിദ്ധീകരിക്കാവുന്നതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |