SignIn
Kerala Kaumudi Online
Friday, 27 February 2026 3.38 AM IST

പട്ടയ വിതരണത്തിൽ ചരിത്ര നേട്ടം,​ പുതിയ ഭൂമിയുടെ അവകാശികൾ

Increase Font Size Decrease Font Size Print Page
s

ചരിത്രം രേഖപ്പെടുത്തൽ ഒരു സാങ്കേതികത്വമാണ്; ചരിത്രദൗത്യം നിറവേറ്റൽ വലിയൊരു പ്രയത്നവും. കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ മുതലിങ്ങോട്ട് പരിശോധിച്ചാൽ ചരിത്രപരമായ നടപടികളും, ആ ചരിത്രം സൃഷ്ടിക്കാനെടുത്ത പ്രയത്നങ്ങളും കാണാം. ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം,​ കഴിഞ്ഞദിവസം നടന്ന സംസ്ഥാന പട്ടയമേളയിൽ അടക്കം ഇതുവരെ 2,79,678 ലക്ഷം കുടുംബങ്ങളെയാണ് ഭൂമിയുടെ അവകാശികളാക്കിയത്. ഇത് സർവകാല റെക്കാർഡും,​ അതിലുപരി ചരിത്രവുമാണ്.

ഭവനരഹിതരും ദൂരഹിതരുമില്ലാത്ത കേരളം എന്ന വാഗ്ദാനം മുന്നോട്ടുവച്ചാണ് 2016-ൽ ഇടതു സർക്കാർ അധികാരത്തിൽ വന്നത്. അതിന്റെ ഭാഗമായി ഒന്നാം ഇടതുപക്ഷ സർക്കാർ 1, 77,011 പേർക്ക് പട്ടയം നൽകി. രണ്ടാം എൽ.ഡി.എഫ് സർക്കാർ അധികാരമേറ്റ ശേഷം ഭൂമിയും വീടും ഇല്ലാത്തവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കൂടുതൽ ഗൗരവമായ ഇടപെടലാണ് നടത്തിയത്. ഇതിന്റെ ഭാഗമായി സർക്കാരിന്റെ ആദ്യ നൂറുദിന കർമ്മപദ്ധതിയിൽത്തന്നെ 54,535 കടുംബംങ്ങൾക്ക് പട്ടയം വിതരണം ചെയ്തു. രണ്ടാം നൂറുദിന പദ്ധതിക്കാലത്ത് 67,069 പട്ടയങ്ങളാണ് നൽകിയത്.

നാലാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി മാത്രം 43,058 പട്ടയങ്ങളും,​ തുടർന്ന് അടുത്ത ഘട്ടത്തിൽ 10,000 പട്ടയങ്ങൾ കൂടിയും വിതരണം ചെയ്തു. കഴിഞ്ഞ ദിവസത്തെ സംസ്ഥാന പട്ടയമേളയിൽ 14 ജില്ലകളിലായി 45,731 കുംബങ്ങളെക്കൂടി ഭൂമിയുടെ അവകാശികളാക്കി. ഈ സർക്കാർ പ്രഖ്യാപിച്ച ലക്ഷ്യത്തിലെത്താൻ ഇനി 43,311 പട്ടയങ്ങൾ കൂടി വിതരണം ചെയ്താൽ മതി. എസ്.ഐ.ആർ നടപടികളുമായി റവന്യു ഉദ്യോഗസ്ഥർക്ക് കഴിഞ്ഞ മൂന്ന് മാസക്കാലം വിനിയോഗിക്കേണ്ടി വന്നില്ലായിരുന്നെങ്കിൽ ഈ ലക്ഷ്യം ഇതിനകം തന്നെ മറികടക്കാനാവുമായിരുന്നു.

നിയമ നിർമ്മാണം,​

നിയമ ഭേദഗതി

നിലവിലുണ്ടായിരുന്ന പട്ടയ അപേക്ഷകളിൽ കണ്ണടച്ച് തീർപ്പുണ്ടാക്കുകയല്ല സർക്കാർ ചെയ്തത്. പതിറ്റാണ്ടുകൾ പഴക്കമുള്ള, അതിസങ്കീർണമായ പട്ടയ പ്രശ്നങ്ങൾ നിയമം വഴിയും,​ നിയമ ഭേദഗതികളിലൂടെയും കേന്ദ്ര- സംസ്ഥാന ചർച്ചകളിലൂടെയുമാണ് പരിഹരിച്ചത്. നിയമവും ചട്ടങ്ങളും സാധാരണക്കാർക്ക് ഗുണം ചെയ്യുന്ന രീതിയിൽ പ്രയോഗിച്ച് നിരവധി ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി എന്നത് അഭിമാനകരമാണ്.

മലയോര, ആദിവാസി മേഖലകളിലെ പട്ടയ വിതരണത്തിന് മുൻഗണന നൽകി, പട്ടയ മിഷന് രൂപം നൽകിയതാണ് ആദ്യ നടപടി. വില്ലേജ് തലം മുതൽ സെക്രട്ടേറിയറ്റ് വരെയുള്ള ഉദ്യോഗസ്ഥരും പഞ്ചായത്ത് അംഗം മുതൽ എം.എൽ.എമാർ വരെയുള്ള ജനപ്രതിനിധികളും ഉൾപ്പെട്ട പട്ടയ മിഷൻ സജീവമായി ഇക്കാര്യത്തിൽ ഇടപെട്ടു. പട്ടയ അസംബ്ലികൾ നടത്തി,​ അതിൽ കണ്ടെത്തുന്ന പട്ടയ പ്രശ്നങ്ങളാണ് പട്ടയ മിഷനിലൂടെ പരിഹരിച്ചത്. മന്ത്രിയെന്ന നിലയിൽ ഞാൻ ഓൺലൈനായും നേരിട്ടും ജില്ലാ പട്ടയ അദാലത്തുകളും സംഘടിപ്പിച്ചു.

ലക്ഷ്യപ്രാപ്തിയുടെ

ചാരിതാർത്ഥ്യം

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ രക്തസാക്ഷിയായ അത്തൻകുട്ടി കുരിക്കളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 'ഏറനാട് സത്രം വക ഭൂമി" എന്ന 36.49 ഏക്കർ ഭൂമിയും സംസ്ഥാന റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ തിരിച്ചുപിടിച്ചത് കേരള ചരിത്രത്തിന്റെ തന്നെ ഭാഗമായി മാറി. ഇത് ബ്രിട്ടീഷുകാരുടെ അടിച്ചമർത്തലിന് രാഷ്ട്രീയ കേരളത്തിലെ ജനാധിപത്യ സർക്കാർ നൂറ്റാണ്ടിനിപ്പുറം നൽകിയ മറുപടിയാണ്. കൊടയ്ക്കൽ ടൈൽസ് ഫാക്ടറി ഭൂമി പ്രശ്നം, മൊറാഴ പട്ടയ പ്രശ്നം, പ്രകാശ് പ്ലാന്റേഷൻ പ്രശ്നം, പെരുമ്പെട്ടി പട്ടയ പ്രശ്നം, പെരുമ്പാവൂർ ട്രാവൻകൂർ റയോൺസ് തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിഞ്ഞു എന്നത് വളരെ അഭിമാനം തോന്നിയ ഇടപെടലും ലക്ഷ്യപ്രാപ്തിയുമാണ്.

2016 മുതൽ 2025 വരെ വനാവകാശ നിയമപ്രകാരം 4,690 ആദിവാസി കുടുംബങ്ങൾക്കാണ് ഭൂമി ലഭ്യമാക്കിയത്. അങ്ങനെ 6,288 ഏക്കർ ഭൂമി പതിച്ചു നൽകി. 213 കുടുംബങ്ങൾക്ക് റവന്യു ഭൂമിയുടെ പട്ടയവും 3,426 കുടുംബങ്ങൾക്ക് 2,106 ഏക്കർ നിക്ഷിപ്ത വനഭൂമിക്കുള്ള അവകാശ രേഖയും നൽകി. കൂടാതെ, ലാൻഡ്

പർച്ചേസ് മുഖേന 274 കുടുംബങ്ങൾക്കായി 149 ഏക്കർ ഭൂമി ലഭ്യമാക്കി. ലാൻഡ് ബാങ്ക് പദ്ധതി പ്രകാരം 422 കുടുംബങ്ങൾക്കാണ് ഭൂമി വാങ്ങി നൽകിയത്. 171 കുടുംബങ്ങൾക്ക് പ്രളയ പുനരധിവാസത്തിന്റെ ഭാഗമായും ഭൂമി ലഭ്യമാക്കി. ഇത്തരത്തിൽ 9,196 കുടുംബങ്ങൾക്കായി 8,690 ഏക്കർ ഭൂമിയമാണ് ലഭ്യമാക്കിയത്.

പട്ടയം വിതരണം ചെയ്യുന്നതിൽ മാത്രമല്ല, വിവിധ ഭൂനിയമങ്ങൾ പ്രകാരം നൽകിയ പട്ടയത്തിന്റെ അസൽ നഷ്ടപ്പെട്ടവർക്ക് നിജസ്ഥിതി സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള നടപടികളും സ്വീകരിച്ചു. പട്ടയ വിതരണ മേളകൾക്കും പട്ടയ പ്രശ്നപരിഹാര നടപടികൾക്കും മറ്റ് പൊതുപരിപാടികൾക്കുമായി മന്ത്രി എന്ന നിലയിൽ പോകുന്ന ഇടങ്ങളിൽവച്ച് നിരവധി അപേക്ഷകളാണ് പട്ടയം കൈമോശം വന്നതുമായി ബന്ധപ്പെട്ട് ലഭിച്ചത്. ഇതേത്തുടർന്നാണ് നിജസ്ഥിതി സർട്ടിഫിക്കറ്റിനുള്ള സാദ്ധ്യത ഗൗരവമായി പരിശോധിച്ചത്.

ഡിജിറ്റൽ റവന്യു

കാർഡ്

പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ നൽകാൻ പ്രതിജ്ഞാബദ്ധമായ ഈ സർക്കാർ,​ വില്ലേജുകൾ സ്മാർട്ട് ആക്കുന്നതിനോടൊപ്പം സ്മാർട്ട് സേവനങ്ങൾ സാക്ഷാത്കരിക്കുന്നതിനും മുൻഗണന നൽകുന്നു. വില്ലേജ് ഓഫീസുകളിൽ നിന്നുള്ള എല്ലാ സേവനങ്ങളും ഓൺലൈനായാണ് നൽകുന്നത്. എങ്കിലും വിവിധ ആവശ്യങ്ങൾക്ക് വിവിധ തരം സാക്ഷ്യപത്രങ്ങൾ വർഷത്തിൽ പലതവണ വേണ്ടിവരുന്ന അവസരത്തിൽ ഓരോ തവണയും അപേക്ഷ നല്കേണ്ട സ്ഥിതിയുണ്ട്. ഇത് പരിഹരിക്കുവാനാണ് 'ഡിജിറ്റൽ റവന്യു കാർഡ്" എന്ന ആശയത്തിന് സർക്കാർ രൂപം നൽകിയത്.

എ.ടി.എം കാർഡിന്റെ മാതൃകയിൽ ചിപ്പും, ക്യുആർ കോഡും,​ യുണീക് നമ്പരും ഉൾപ്പെടുന്ന ഡിജിറ്റൽ റവന്യു കാർഡിൽ വ്യക്തിഗത വിവരങ്ങളും ഭൂമി സംബന്ധമായ വിവരങ്ങളും ലഭ്യമാകും. ഡിജിറ്റൽ സർവേ പൂർത്തിയാകുന്ന വില്ലേജുകളിൽ പ്രാബല്യത്തിൽ വരത്തക്ക വിധമാണ് നടപടികൾ പുരോഗമിക്കുന്നത്.

'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്" എന്ന മുദ്രാവാക്യം അടയാളപ്പെടുത്തി ജനകീയമായ ഒരു മുന്നേറ്റം തന്നെയാണ് റവന്യു വകുപ്പ് നടത്തിയത്. ജനങ്ങൾക്കൊപ്പം നിന്ന്, അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ കഴിഞ്ഞത് ഇടതു സർക്കാരിന്റെ ഇച്ഛാശക്തിയാണ്.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.