SignIn
Kerala Kaumudi Online
Friday, 27 February 2026 3.39 AM IST

'കേരള സ്റ്രോറി 2',​ കഥയിലും ചോദ്യമുണ്ട്

Increase Font Size Decrease Font Size Print Page
s

കേരളം മതേതര സംസ്ഥാനമാണെന്നും വളരെ സൗഹാർദ്ദത്തോടെയാണ് ഇവിടെ ജീവിതമെന്നുമാണ് 'കേരള സ്റ്റോറി 2- ഗോസ് ബിയോൺഡ് " കേസിൽ ഹൈക്കോടതി പരാമർശിച്ചത്. കേരളത്തെ മോശമായി ചിത്രീകരിക്കുന്നത് തെറ്റായ സന്ദേശം നൽകും. കേരളീയർക്ക് ആശങ്കയുണ്ടായെന്നും കോടതി വാദത്തിനിടെ പറഞ്ഞു. സിനിമയുടെ ടീസറും ഉള്ളടക്കത്തെക്കുറിച്ചുള്ള സൂചനകളും വിലയിരുത്തിയായിരുന്നു പരാമർശം. സിനിമയുടെ പ്രദർശനാനുമതി റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവതികൾ നിർബന്ധിത മതപരിവർത്തനത്തിനും തീവ്രവാദ പ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കപ്പെടുന്നതിന്റെ കഥ പറയുന്ന സിനിമയ്ക്ക് 'കേരള സ്റ്റോറി" എന്ന് പേരിട്ടത് ബോധപൂർവമാണെന്നും ഇത് സാമുദായിക ചേരിതിരിവിന് കാരണമാകുമെന്നുമാണ് ഹർജിക്കാരുടെ ആരോപണം. സിനിമയുടെ ടീസറും ട്രെയിലറും പ്രകോപനപരമാണെന്നും വാദിച്ചു.

സിനിമ പോലുള്ള കലാസൃഷ്ടികളിൽ സാധാരണ ഇടപെടാറില്ലെന്ന് പറഞ്ഞ കോടതി, ഹർജിക്കാർ പറയുന്നതിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും വിലയിരുത്തി. യഥാർത്ഥ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് സിനിമയെന്ന് പറഞ്ഞശേഷം 'കേരള സ്റ്റോറി" എന്ന് പേരു നൽകുന്നു. ലോകം മുഴുവനുള്ള കേരളീയരെ ബാധിക്കുന്നതാണിത്. സാമുദായിക സംഘർഷത്തിനും കാരണമായേക്കുമെന്നും കോടതി ഉത്കണ്ഠ രേഖപ്പെടുത്തി. സിനിമ കണ്ടു വിലയിരുത്താനും താത്പര്യം പ്രകടിപ്പിച്ചു. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചു കഴിഞ്ഞ സിനിമയുടെ കാര്യത്തിൽ ഇനി കോടതി ഇടപെടരുതെന്നാണ് നിർമ്മാതാക്കൾ വാദിച്ചത്. ടീസറിലെ ഉള്ളടക്കം സിനിമയിൽ ഇല്ലെന്നും ചൂണ്ടിക്കാട്ടി. യഥാർത്ഥ്യമെന്ത്? വിലയിരുത്തേണ്ടത് പ്രേക്ഷകരാണ്.

കുഴപ്പിച്ച ഒന്നാം ഭാഗം

വ്യാപക പ്രതിഷേധവും അതിലേറെ വരവേൽപ്പും ഏറ്റുവാങ്ങിയ ചിത്രമാണ് ഹിന്ദി മുഖ്യഭാഷയാക്കി ഇറക്കിയ 'കേരള സ്റ്റോറി 1". ബോക്സോഫീസിൽ എങ്ങുമെത്താതെ പോകുമെന്ന് കരുതിയിരുന്ന സിനിമ നെഗറ്റീവായും പോസിറ്റീവായും പ്രചാരം നേടി. ട്രെയ്ലറും ടീസറും സമൂഹമാദ്ധ്യമങ്ങളിൽ ദശലക്ഷങ്ങൾ കണ്ടു. ചില സംസ്ഥാനങ്ങൾ സിനിമ നിരോധിച്ചു. സുപ്രീം കോടതി വരെ കയറിയ നിർമ്മാതാക്കൾ ഉപാധികളോടെ പ്രദർശനാനുമതി നേടി. ലൗ ജിഹാദും ഐസിസ് റിക്രൂട്ട്മെന്റും അടക്കം പ്രമേയമായ സിനിമ കേരളത്തിലെ പള്ളി അരമനകളിൽ വരെ പ്രദർശിപ്പിച്ചു. എന്നാൽ നിർമ്മാതാക്കളായ സൺഷൈൻ പിക്ചേഴ്സിന് ചില നിലപാടുകളിൽ മലക്കം മറിയേണ്ടിവന്നു. സിനിമ യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണെന്ന വാദം പിൻവലിച്ച് 'ഫിക്‌ഷൻ" എന്നാക്കി. കേരളത്തിൽ നിന്ന് 32,000 യുവതികളെ വശീകരിച്ച് തീവ്രവാദ സംഘടനകളിൽ ചേ‌ർത്തുവെന്ന് സിനിമയുടെ ആദ്യഭാഗത്തിൽ ഉണ്ടായിരുന്നു. ഇത് ആധികാരിക വിവരങ്ങളുടെ അടിസ്ഥാനത്തിലല്ലെന്ന് അണിയറക്കാർ കോടതിയിൽ സമ്മതിച്ചിരുന്നു. പ്രദർശനത്തിനൊപ്പം ഇതുസംബന്ധിച്ച് പ്രത്യേക അറിയിപ്പും കൊടുക്കേണ്ടിയും വന്നു. സിനിമ കണ്ടവർക്കിടയിൽ ഭിന്നാഭിപ്രായമുണ്ടായി. ഇത് കേരളത്തിൽ നടക്കുന്ന കാര്യമല്ലെന്ന് ഒരു വിഭാഗം ആരോപിച്ചു. 'റിയൽ കേരള സ്റ്റോറി" എന്നൊരു പ്രയോഗമുണ്ടായി. മതസൗഹാർദ്ദവും നന്മയും പ്രതിഫലിക്കുന്ന യഥാർത്ഥ സംഭവങ്ങളെ റിയൽ കേരള സ്റ്റോറിയായി വിശേഷിക്കപ്പെട്ടു. ഉത്തരേന്ത്യയിൽ കന്യാസ്ത്രീകളും വൈദികരും ആക്രമിക്കപ്പെട്ടപ്പോൾ, മുമ്പ് സിനിമ പ്രദർശിപ്പിച്ച പിതാക്കന്മാർ എയറിലായി. വിവാദം ക്രമേണ കെട്ടിടങ്ങിയപ്പോഴാണ് സിനിമയുടെ രണ്ടാം ഭാഗം ചർച്ചകളിൽ നിറയുന്നത്.

തനിയാവർത്തനം

ഒന്നാം ഭാഗത്തിന്റെ അതേ കെട്ടിലും മട്ടിലുമാണ് കേരള സ്റ്റോറി രണ്ടാം ഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. യഥാർത്ഥ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് സിനിമയെന്നാണ് അവകാശവാദം. ടീസർ പുറത്തുവന്നതോടെ വലിയ പൊട്ടിത്തെറികളുണ്ടായി. ഹിന്ദുവായ വധുവിന്റെ വായിൽ ബീഫ് നിർബന്ധിച്ച് കുത്തിക്കയറ്റുന്ന ദൃശ്യങ്ങളടക്കമുണ്ട്. ഇതെല്ലാം കേരളത്തിൽ എവിടെ നടക്കുമെന്ന ചോദ്യമുണ്ടായി. സിനിമ കുഴപ്പങ്ങളുണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജിയുമെത്തി. കേരളത്തിന്റെ പേരിലെടുത്ത സിനിമ ആഗോള മലയാളികളുടെ സത്കീർത്തിക്ക് കളങ്കമാണെന്ന് ഹർജിക്കാർ വാദിച്ചു. തുടർന്ന് ഡൽഹിയിൽ സംവിധായകനും നിർമ്മാതാവും വാർത്താസമ്മേളനം നടത്തി. നിർബന്ധിത മതപരിവർത്തനത്തിനും തീവ്രവാദ പ്രവർത്തനത്തിനും ഇരകളായ അനേകം യുവതികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് സിനിമ എഴുതിയതെന്ന് വിശദീകരിച്ചു. എതാനും യുവതികളെ ഇരകളെന്ന പേരിൽ വാർത്താസമ്മേളനത്തിനെത്തിച്ചു. എന്നാൽ ഇതിൽ ഒരു മലയാളിപോലും ഉണ്ടായില്ല. സിനമയ്ക്ക് പിന്നെന്തിന് കേരള സ്റ്റോറിയെന്ന് പേരിട്ടുവെന്ന് ചോദ്യമുയർന്നു. പാൻ ഇന്ത്യ മൂവിയാണെന്നായിരുന്നു ഉത്തരം. ടീസറിന് സെൻസർ ബോർഡിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. ടീസറിൽ ഉള്ളത് സിനിമയിൽ ഇല്ലെന്നാണ് നിർമ്മാതാക്കൾ പറഞ്ഞത്. ഇതിലും ദുരൂഹതയുണ്ടെന്നാണ് എതിർക്കുന്നവരുടെ വാദം. വിദ്വേഷം ഏതുവിധേനയും പ്രചരിപ്പിക്കുകയെന്ന ഗൂഢലക്ഷ്യം ഇതിലുണ്ടെന്നും പിന്നിൽ വർഗീയ രാഷ്ട്രീയമാണെന്നും അവർ ആരോപിക്കുന്നു. തിന്മകളും തീവ്രവാദവും എല്ലായിടത്തുമുണ്ടല്ലോ എന്നും ചോദ്യമുയരുന്നുണ്ട്. ഇഷ്ടമുള്ളവർ സിനിമ കണ്ടാൽ മതിയെന്നാണ് കേന്ദ്ര ഭരണപക്ഷത്തുള്ള മലയാളി നേതാവ് ഇതേക്കുറിച്ച് പ്രതികരിച്ചത്.

സിനിമയ്ക്ക് ഹൈക്കോടതി ഒരു ഇടക്കാല സ്റ്റേ ഉത്തരവ് നൽകിയതോടെ വിഷയം സപ്രീം കോടതി കയറുകയാണ്. കഥയിൽ ചോദ്യമില്ലെന്നു പറയും. എന്നാൽ നിയമനടപടി പൂർത്തിയായാലും കേരള സ്റ്റോറിയുടെ കഥയിൽ ചോദ്യങ്ങൾ തുടരും. കുറഞ്ഞപക്ഷം തിരഞ്ഞെടുപ്പ് പൂർത്തിയാകുന്ന വരെയെങ്കിലും. കേരളത്തെക്കുറിച്ച് കുറേപ്പേരുടെ മനസിലെങ്കിലും ധാരണകളും തെറ്റിദ്ധാരണകളും നിറയ്ക്കാൻ സിനിമ വഴിവയ്ക്കുകയും ചെയ്യും.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.