കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 2025-27 ബാച്ച് (2026 ഫെബ്രുവരി സെഷൻ) എം.ബി.എ, എം.സി.എ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി മാർച്ച് 1 വരെ നീട്ടി. വിദൂര വിദ്യാഭ്യാസ രീതിയിലുള്ള ഈ പ്രോഗ്രാമുകൾക്ക് രണ്ട് വർഷമാണ് (നാല് സെമസ്റ്ററുകൾ) കാലാവധി.
സീറ്റുകൾ: എം.ബി.എ- 100, എം.സി.എ- 100. യോഗ്യത: യു.ജി.സി അംഗീകാരമുള്ള സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. യൂണിവേഴ്സിറ്റി നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. അപേക്ഷാ ഫീസ്: ജനറൽ, എസ്.ഇ.ബി.സി വിഭാഗം: 1000 രൂപ. എസ്.സി/ എസ്.ടി/ ഭിന്നശേഷിക്കാർ: 500 രൂപ. 40 ശതമാനമോ അതിലധികമോ കാഴ്ചപരിമിതിയുള്ള ഭിന്നശേഷി വിഭാഗത്തിലുള്ളവർക്ക് അപേക്ഷാ ഫീസില്ല. lbscentre.kerala.gov.in വഴി അപേക്ഷിക്കണം. അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കാം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ പഠന സഹായ കേന്ദ്രങ്ങളുണ്ട്. ഫോൺ: 0474-2966841, 9188909901, 9188909903.
സംസ്കൃത സർവകലാശാലയിൽ നാല് വർഷ ബി.എഡ്
തിരുവനന്തപുരം: സംസ്കൃത സർവകലാശാലയിൽ നാല് വർഷ ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യൂക്കേഷൻ പ്രോഗ്രാമിലെ (ഐ.ടി.ഇ.പി) വിവിധ നാല് വർഷ ബി. എ - ബി. എഡ് കോഴ്സുകൾക്ക് അപേക്ഷിക്കാം.
ഏപ്രിൽ 17ന് നടത്തുന്ന ദേശീയ പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ബി. എ - ബി. എഡ് (ഇംഗ്ലീഷ്), ബി. എ - ബി. എഡ് (ഹിന്ദി), ബി. എ - ബി. എഡ് (ഹിസ്റ്ററി), ബി. എ - ബി. എഡ് (മലയാളം), ബി. എ - ബി. എഡ് (സംസ്കൃതം - ജനറൽ, ന്യായം, സാഹിത്യം, വ്യാകരണം, വേദാന്തം) പ്രോഗ്രാമുകളാണുള്ളത്. നാല് വർഷം കൊണ്ട് ബിരുദവും ബി. എഡും ലഭിക്കുന്ന പ്രോഗ്രാമുകളാണിവ. ആകെ 50 സീറ്റുകൾ. കുറഞ്ഞത് 50% മാർക്ക് നേടിയുള്ള പ്ലസ് ടുവാണ് യോഗ്യത. ഈ വർഷം പ്ലസ് ടു പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല. ബിരുദവും അദ്ധ്യാപക യോഗ്യതയും ഒരുമിച്ച് നേടാനാകും എന്നതാണ് ഈ പ്രോഗ്രാമിന്റെ പ്രത്യേകത. സെക്കൻഡറി ക്ലാസുകളിൽ (ഒൻപതാം ക്ലാസ് മുതൽ പ്ലസ് ടു വരെ) അദ്ധ്യാപകരാകാൻ ആഗ്രഹിക്കുന്നവർക്ക് ഈ പ്രോഗ്രാമുകൾ തിരഞ്ഞെടുക്കാം. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ദേശീയ പൊതുപ്രവേശന പരീക്ഷയിൽ ആകെ 181 ചോദ്യങ്ങളുണ്ട്. ഇതിൽ 160 ചോദ്യങ്ങൾക്ക് ഉത്തരം മാർക്ക് ചെയ്യണം. ശരിയുത്തരത്തിന് നാല് മാർക്ക്. തെറ്റിന് ഒരു മാർക്ക് കുറയ്ക്കും. പ്രവേശന പരീക്ഷയുടെ വിശദമായ സിലബസ്, മാർക്ക് വിതരണം എന്നീ വിവരങ്ങൾ www.exams.nta.nic.in/ncet ൽ. https://exams.nta.nic.in/ncet/ ൽ മാർച്ച് 10ന് രാത്രി 11.50 വരെ അപേക്ഷിക്കാം. മാർച്ച് 11ന് രാത്രി 11.50 വരെ ഫീസടയ്ക്കാം. മാർച്ച് 12 മുതൽ 14 വരെ അപേക്ഷയിലെ തെറ്റുതിരുത്താനുള്ള അവസരമുണ്ടാകും. എൻ. ടി.എ ഹെൽപ്പ് ഡെസ്ക്: 011-40759000, 011-69227700; ഇ മെയിൽ: ncet@nta.ac.in.
മൾട്ടിമീഡിയ ഡിപ്ലോമ കോഴ്സ്
തിരുവനന്തപുരം: സി-ആപ്റ്റിന്റെ തിരുവനന്തപുരത്തെ ട്രെയിനിംഗ് ഡിവിഷനിൽ മൾട്ടിമീഡിയ ഡിപ്ലോമ കോഴ്സിൽ സീറ്റൊഴിവ്. പട്ടികജാതി/ പട്ടികവർഗ/ മറ്റർഹ വിദ്യാർത്ഥികൾക്ക്നിയമാനുസൃത ഫീസ് സൗജന്യമായിരിക്കും. സ്റ്റൈപ്പന്റും ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും. അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് &ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റിസെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം- 695024 ഫോൺ: 0471-2474720, 0471-2467728 വിലാസത്തിൽ ഹാജരാകണം. വെബ്സൈറ്റ്: www.captkerala.com .
എം.ബി.എ അഭിമുഖം 28ന്
തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ എം.ബി.എ (ഫുൾടൈം) 2026-28 ബാച്ചിലേക്കുള്ള അഭിമുഖം 28 ന് ഓൺലൈനായി നടത്തും. അഭിമുഖത്തിൽ പങ്കെടുക്കാനുളള ലിങ്ക്: meet.google.com/wrz-qwdg-oms. യോഗ്യത- ബിരുദം. അവസാന വർഷ ബിരുദവിദ്യാർത്ഥികൾക്കും കെ-മാറ്റ്/സി-മാറ്റ്/ക്യാറ്റ് പ്രവേശന പരീക്ഷകൾക്ക് തയ്യാറാകുന്നവർക്കും പങ്കെടുക്കാം. വിവരങ്ങൾക്ക്: 9496366741/8547618290, www.kicma.ac.in.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |