
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരവിപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ ചൊല്ലി ആർ.എസ്.പിയിലുണ്ടായ തർക്കത്തിൽ സമവായം. എൻ.കെ. പ്രേമചന്ദ്രൻ എം,പിയുടെ മകൻ കാർത്തിക് പ്രേമചന്ദ്രനെ സ്ഥാനാർത്ഥിയാക്കേണ്ടെന്ന് ഇന്ന് ചേർന്ന പാർട്ടി സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. കാർത്തിക്കിനെ സ്ഥാനാർത്ഥിയാക്കുന്നതിന് എതിരെ ഷിബു ബേബിജോൺ പക്ഷം നിലപാടെടുത്തതോടെയാണ് തീരുമാനം. സമവായ സ്ഥാനാർത്ഥിയായി ആർ.വൈ.എഫ് സംസ്ഥാന സെക്രട്ടറി അഡ്വ. വിഷ്ണു മോഹനെ സെക്രട്ടേറിയറ്റ് യോഗം നിർദ്ദേശിച്ചു.
ഷിബു ബേബിജോണിനും എൻ.കെ. പ്രേമചന്ദ്രനും സെക്രട്ടേറിയറ്റ് യോഗത്തിൽ വിമർശനമേൽക്കേണ്ടി വന്നുവെന്നാണ് വിവരം. നേതാക്കൻമാർ തമ്മിലുള്ള തർക്കം പാർട്ടിയുടെ അച്ചടക്കത്തെയും കെട്ടുറപ്പിനെയും വരുന്ന തിരഞ്ഞെടുപ്പിലെ പാർട്ടി സ്ഥാനാർത്ഥികളുടെ പ്രകടനത്തെയും ബാധിക്കുന്ന തരത്തിലേക്കെത്തി എന്നാണ് വിമർശനമുയർന്നത്. കുടുംബത്തിന് വേണ്ടി നിലകൊള്ളുന്നുവെന്നാണ് എൻ.കെ. പ്രേമചന്ദ്രനെതിരെ ഒരു വിഭാഗം വിമർശനം ഉയർത്തിയത്. ഇരവിപുരത്ത് സ്വന്തം മകൻ മത്സരിക്കണമെന്ന നിലപാട് പ്രേമചന്ദ്രൻ സ്വീകരിക്കുന്നത് ശരിയല്ലെന്നാണ് ഒരു പക്ഷം വിമർശിക്കുന്നത്. ഷിബു ബേബി ജോണിനും സംസ്ഥാന കമ്മിറ്റി യോഗത്തിൽ കടുത്ത വിമർശനം ഏറ്റുവാങ്ങേണ്ടി വന്നു. ചവറയിലെ സ്ഥാനാർത്ഥി കൂടിയായ ഷിബു പാർട്ടിയെ രണ്ട് വിഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്നത് ശരിയല്ലെന്നാണ് നേതാക്കൾ പറഞ്ഞത്. വിഭാഗീയത ഇല്ലാതാക്കാനുള്ള ഉത്തരവാദിത്വം ഉള്ളയാളാണ് അദ്ദേഹമെന്നും അഭിപ്രായം ഉയർന്നു,
അതേസമയം കുന്നത്തൂരിൽ ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ മത്സരിക്കുമെന്നാണ് വിവരം. ആറ്റിങ്ങലിൽ സന്തോഷ് ഭദ്രനും വിധി തേടും. മട്ടന്നൂരിന് പകരം വിജയ സാദ്ധ്യതയുള്ള മറ്റൊരു മണ്ഡലം ആവശ്യപ്പെടാനും ഇന്ന് ചേർന്ന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |