
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എൺവയോൺമെന്റൽ സ്റ്റഡീസ്, പൊളിറ്റിക്കൽ സയൻസ് വകുപ്പുകൾ രൂപീകരിച്ച് 18 വർഷം കഴിഞ്ഞിട്ടും സ്ഥിര അദ്ധ്യാപക തസ്തികകൾ സൃഷ്ടിക്കാത്തത് ഗവേഷണത്തേയും പഠനത്തേയും ബാധിക്കുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റേയും സിൻഡിക്കേറ്റിന്റേയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ല. താത്കാലിക അദ്ധ്യാപകരെ നിയമിച്ചാണ് ഒരുവിധം മുന്നോട്ടുപോകുന്നത്.
മറ്റ് വകുപ്പുകളിലെ അദ്ധ്യാപകർക്ക് ചുമതലനൽകിയും പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ കോളേജ് അദ്ധ്യാപകർക്ക് ഗെെഡ്ഷിപ്പ് നൽകിയുമാണ് ഗവേഷണങ്ങൾ നടത്തുന്നത്. ഇതുമൂലം പിഎച്ച്.ഡി വിദ്യാർത്ഥികൾക്ക് വർക്ക് ക്ലാസുകൾ ലഭിക്കുന്നില്ല. അവരുടെ ഗവേഷണ നിലവാരത്തെ ഇത് സാരമായി ബാധിക്കുന്നു.
പ്രശ്നം പരിഹരിക്കാൻ സർവകലാശാലയുടെ ഭാഗത്തുനിന്ന് വേണ്ടത്ര ഇടപെടൽ ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. മറ്റു ചില വകുപ്പുകളിൽ 18വരെ അദ്ധ്യാപക തസ്തികകളുണ്ട്. ഇവ അധിക തസ്തികകളായതിനാൽ ഓഡിറ്റ് ഒബ്ജക്ഷൻ ഉണ്ടെന്നാണ് വിവരം. പല സർവകലാശാലകളും സർപ്ലസ് തസ്തികകൾ അദ്ധ്യാപകരില്ലാത്ത വകുപ്പുകളിലേക്ക് മാറ്റാറുണ്ടെങ്കിലും ഇവിടെ അതും നടക്കുന്നില്ലെന്നാണ് പരാതി.
അതേസമയം, പൊളിറ്റിക്കൽ സയൻസിൽ ഒഴിഞ്ഞുകിടക്കുന്ന തസ്തികയിലേക്ക് പുതിയ ആളെ തിരഞ്ഞെടുത്തിരുന്നെന്നും അവർക്ക് ജോയിൻ ചെയ്യാൻ സാധിക്കാതിരുന്നതിനാൽ പുതിയ ആളെ നിയമിക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്നും സർവകലാശാല അധികൃതർ വ്യക്തമാക്കി. അദ്ധ്യാപക തസ്തികകൾക്കായി സർക്കാരിന് അപേക്ഷ നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി.
സൃഷ്ടിക്കാനുള്ളത്
13 തസ്കികകൾ
2008ലാണ് ഈ വകുപ്പുകൾ ആരംഭിച്ചത്. 1:2:4 അനുപാതത്തിൽ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകൾ ഒരോ വകുപ്പിലും വേണമെന്നാണ് യു.ജി.സി നിഷ്കർഷിക്കുന്നത്. എന്നാൽ, പൊളിറ്റിക്കൽ സയൻസിൽ മാത്രമാണ് ഏക പ്രൊഫസർ തസ്തികയുള്ളത്. ഇതാകട്ടെ 2018 മുതൽ ഒഴിഞ്ഞുകിടക്കുകയാണ്. രണ്ട് വകുപ്പുകളിലുമായി പതിമൂന്ന് തസ്തികകൾ ഇനിയും സൃഷ്ടിക്കാനുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |