
കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എ.ഐ) രംഗത്തെ പ്രമുഖ സ്‌റ്റാർട്ടപ്പ് സ്ഥാപനമായ അന്ത്രോപിക്കിന് നിരോധനം ഏർപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ യുദ്ധ വകുപ്പുമായുള്ള ഇടപാടുകളിൽ നിന്ന് അന്ത്രോപിക്കിനെ ഒഴിവാക്കാനുള്ള തീരുമാനം ദൂര വ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്. അമേരിക്കൻ സർക്കാരുമായി യോജിച്ച് പ്രവർത്തിക്കുന്ന അന്ത്രോപിക്കിന്റെ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്ന പല കമ്പനികളുടെയും പ്രവർത്തനത്തെ ട്രംപിന്റെ നീക്കം പ്രതികൂലമായി ബാധിക്കും.
പൗരന്മാരെ നിരീക്ഷിക്കുന്നതിനും യുദ്ധ ആവശ്യങ്ങൾക്കും എ.ഐ സേവനങ്ങൾ ഉപയോഗിക്കുന്നതിനെതിരെ അന്ത്രോപിക് നിലപാടെടുത്താണ് നിരോധനത്തിന് കാരണം. ആറു മാസത്തിനുള്ളിൽ സർക്കാർ സേവനങ്ങളിൽ നിന്ന് അന്ത്രോപിക് ഉത്പന്നങ്ങൾ ഒഴിവാക്കാനാണ് നിർദേശം. ദേശീയ സുരക്ഷയ്ക്ക് അന്ത്രോപിക് സേവനങ്ങൾ വെല്ലുവിളിയാണെന്ന് പെന്റഗൺ യുദ്ധ മന്ത്രാലയത്തിന് നിർദേശം നൽകി.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാണ് മഡൂറയെ ബന്ദിയാക്കി യു.എസിൽ എത്തിച്ച സൈനിക നടപടിയിൽ അന്ത്രോപിക്കിന്റെ എ.ഐ സേവനങ്ങൾ ഉപയോഗപ്പെടുത്തിയിരുന്നു.
അന്ത്രോപിക്കിന്റെ കുറ്റം
ദേശീയ സുരക്ഷയ്ക്ക് മാത്രമേ എ.ഐ സേവനങ്ങൾ ഉപയാേഗപ്പെടുത്താവൂവെന്നാണ് അന്ത്രോപിക്കിന്റെ നിലപാട്. സമഗ്ര ആഭ്യന്തര നിരീക്ഷണങ്ങൾക്കും സ്വയം പ്രവർത്തിക്കുന്ന ആയുധങ്ങൾക്കും എ.ഐ ഉപയോഗിച്ചാൽ മനുഷ്യ കുലത്തിന്റെ നിലനിൽപ്പിന് വെല്ലുവിളിയാകുമെന്ന് ട്രംപുമായുള്ള ചർച്ചകളിൽ അന്ത്രോപിക് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറും സ്ഥാപകരിലൊരാളുമായ ഡാരിയോ അമോഡേ വ്യക്തമാക്കിയിരുന്നു. ജനാധിപത്യ മൂല്യങ്ങൾക്ക് ഈ നടപടി വിരുദ്ധമാണെന്നും അദ്ദേഹം പറയുന്നു.
യുദ്ധത്തിൽ എ.ഐ വേണ്ടെന്ന് ടെക്നോക്രാറ്റ്‌സ്
സൈനിക നടപടികളിൽ എ.ഐ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നതിന് എതിരെ അമേരിക്കൻ സിലിക്കൺ വാലിയിലെ വിവിധ കമ്പനികളിലെ സാങ്കേതികവിദഗ്ദ്ധർ രംഗത്തെത്തി. അന്ത്രോപിക്കിനെതിരെയുള്ള പെന്റഗൺ നടപടി നീതീകരിക്കാവുന്നതല്ലെന്നും അവർ പറയുന്നു. പെന്റഗണിന്റെ സമ്മർദ്ദത്തിന് വഴങ്ങി സൈനിക ആവശ്യത്തിന് എ.ഐ ഉപയോഗിക്കാൻ അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ഗൂഗിളിലെ നൂറ് ജീവനക്കാർ കഴിഞ്ഞ ദിവസം മെമ്മോറാണ്ടം നൽകിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |