
തിരുവനന്തപുരം: ക്രൈസ്തവ ജനവിഭാഗങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ. ബി. കോശി കമ്മിഷൻ റിപ്പോർട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. വിവിധ ക്രിസ്ത്യൻ സഭാ പ്രതിനിധികളുടെ യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനം പ്രഖ്യാപിച്ചത്. ഇതുവരെ നടപ്പിലാക്കിയ ശുപാർശകൾ യോഗത്തിൽ മുഖ്യമന്ത്രി വിശദീകരിച്ചു. ഇവ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. ബാക്കിയുള്ളവ നടപ്പാക്കാൻ കേന്ദ്ര സംസ്ഥാന നയങ്ങളും ചട്ടങ്ങളും പരിഷ്‌കരിക്കണം.
ശുപാർശകൾ സർക്കാരുമായി ചർച്ച ചെയ്യാൻ മേൽനോട്ട സമിതിയെ നിയോഗിക്കണമെന്ന് ആവശ്യം ഉയർന്നു. ഇക്കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. ചർച്ചയിൽ ഉയർന്ന അഭിപ്രായങ്ങളും എഴുതി നൽകുന്ന വിവരങ്ങളും വിശദമായി പഠിച്ച ശേഷം വീണ്ടും യോഗം ചേരും.
കമ്മിഷൻ റിപ്പോർട്ട് പുറത്തുവിട്ടതിനെ സ്വാഗതം ചെയ്യുന്നതായി കർദിനാൾ ക്ലീമിസ് കാതോലിക്ക ബാവ യോഗത്തിൽ പറഞ്ഞു. മന്ത്രിമാരായ വി. അബ്ദുറഹ്മാൻ , പി. രാജീവ്, ലത്തീൻ സഭ വികാരി ജനറൽ ഫാദർ യൂജീൻ പെരേര, ഫാദർ ജോൺ തെക്കേക്കര, ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപോലീത്ത, ആർച്ച് ബിഷപ്പ് മാർ സേവറിയോസ് കുര്യാക്കോസ്, ബിഷപ്പ് സിറിൽ മാർ ബെസേലിയോസ് മെത്രാപോലീത്ത, മാർ ഓഗിൻ കുര്യക്കോസ് മെത്രാപോലീത്ത തുടങ്ങിയവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |