
തിരുവനന്തപുരം : മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ശമ്പള കുടിശ്ശിക അനുവദിക്കുന്ന കാര്യത്തിലും ആശുപത്രികളുടെ നിലവാരം വർദ്ധിപ്പിക്കുന്ന കാര്യത്തിലും സർക്കാർ നൽകിയ ഉറപ്പിനെത്തുടർന്ന്, രോഗികളുടെയും വിദ്യാർത്ഥികളുടെയും ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് നിലവിലെ സമരപരിപാടികൾ താൽക്കാലികമായി നീട്ടിവെക്കാൻ കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ തീരുമാനിച്ചു.
ഒ.പി , അധ്യയനം, മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ എന്നിവയിൽ നിന്നുള്ള വിട്ടുനിൽക്കൽ അടുത്ത ഒരാഴ്ച്ചത്തേക്ക് താൽക്കാലികമായി മാറ്റിവെച്ചു. നിരാഹാര സമരവും നിർത്തിവച്ചു. .ആരോഗ്യവകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുമായി കെ.ജി.എം.സി.ടി.എ സംസ്ഥാന ഭാരവാഹികൾ നടത്തിയ ചർച്ചകളിലാണ് അനുകൂല തീരുമാനമുണ്ടായത്. 18 മാസത്തെ കുടിശ്ശിക ഇപ്പോൾ തന്നെ അനുവദിക്കുവാനുള്ള നടപടികൾ എടുക്കാമെന്നും, ബാക്കി 39 മാസത്തെ തുക നിയമപരമായ തീരുമാനങ്ങൾക്ക് അനുസരിച്ച് നൽകാമെന്നും ഗവൺമെൻ്റിന് വേണ്ടി ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രേഖാമൂലം ഉറപ്പു നൽകി. 18 മാസത്തെ കുടിശ്ശിക നൽകുന്നതിന് മറ്റ് നിയമപരമായ തടസ്സങ്ങളില്ലെന്ന് വ്യക്തമാക്കിയ അഡീഷണൽ ചീഫ് സെക്രട്ടറി, തുക എത്രയും വേഗം ലഭ്യമാക്കുന്നതിന് ആരോഗ്യവകുപ്പ് ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും സംഘടനാ പ്രതിനിധികളെ അറിയിച്ചു.
തസ്തികകളുടെ എണ്ണം വർദ്ധിപ്പിക്കൽ ഉൾപ്പെടെ ആശുപത്രികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള നടപടികൾ കാര്യക്ഷമമായി നടപ്പിലാക്കാമെന്ന് നേരത്തെ തന്നെ അധികൃതർ ഉറപ്പു നൽകിയിരുന്നു. സമരം തുടങ്ങിയതിനു ശേഷം ഇതിന്റെ ഭാഗമായി കുറച്ചെങ്കിലും പുതിയ തസ്തികകൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. കാസർഗോഡ്, വയനാട് മെഡിക്കൽ കോളേജുകളിലായി ഡോക്ടർമാരുടെ 44 തസ്തികകൾ സമരത്തെ തുടർന്ന് 2025 നവംബറിൽ സൃഷ്ടിച്ചിരുന്നു. പൊതുസമൂഹത്തിനായി ഈ സമരം നൽകിയ സംഭാവനയായി ഇതിനെ വിലയിരുത്തണം. മെഡിക്കൽ കോളേജുകളുടെ പ്രവർത്തന നിലവാരം വർദ്ധിപ്പിക്കുവാൻ കൂടുതൽ തസ്തികകൾ സൃഷ്ടിക്കുന്ന കാര്യം പരിഗണിക്കാമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. പ്രവേശന തസ്തികയിലെ ശമ്പള കുറവ് സമരത്തിന്റെ ആദ്യഘട്ടത്തിൽ പരിഹരിച്ചത് മെഡിക്കൽ കോളജുകളിലേക്ക് കൂടുതൽ യുവ ഡോക്ടർമാർ എത്താനും അതുവഴി ഒഴിഞ്ഞുകിടക്കുന്ന തസ്തികകളും പുതുതായി സൃഷ്ടിക്കാൻ പോകുന്ന തസ്തികകളും നികത്താനും കാരണമാകും . അത് മെഡിക്കൽ കോളജുകൾ തകർച്ചയിലേക്ക് പോകുന്നത് ഒഴിവാക്കാൻ സഹായിക്കും. മെഡിക്കൽ കോളേജുകളുടെ നിലവാരം ഉയർത്തുവാൻ വേണ്ടിയുള്ള മറ്റ് ക്രിയാത്മകമായ നിർദ്ദേശങ്ങളുമായി ഇനിയും മുന്നോട്ടു പോകുമെന്നും സംഘടന അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |