SignIn
Kerala Kaumudi Online
Thursday, 05 March 2026 3.51 AM IST

ആർ.നാസറിനെ മത്സരിപ്പിക്കൽ ജില്ലാ സെക്രട്ടറി സ്ഥാനം കൈയടക്കാനുള്ള നീക്കം ?

Increase Font Size Decrease Font Size Print Page
ldf

ആലപ്പുഴ: നിയമസഭ മണ്ഡലങ്ങളിൽ സിറ്റിംഗ് എം.എൽ.എമാരെ മത്സരിപ്പിക്കാൻ സി.പി.എം സംസ്ഥാനനേതൃത്വത്തിന്റെ നിർദേശമുണ്ടായിട്ടും ജില്ലാ സെക്രട്ടറിയായ ആർ.നാസറിനെ മത്സരരംഗത്തിറക്കാനുള്ള സമ്മർദ്ദം പാർട്ടിയെ കൈപ്പിടിയിലൊതുക്കാനുള്ള ഒരു വിഭാഗത്തിന്റെ തന്ത്രമെന്ന സംശയമുയരുന്നു. പാർട്ടി സംസ്ഥാന ഘടകത്തിന്റെ അഭിപ്രായങ്ങളും നിർദേശങ്ങളും ചർച്ച ചെയ്യാൻ തിങ്കളാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ആർ.നാസറിനെ സ്ഥാനാർത്ഥിയാക്കാൻ സെക്രട്ടേറിയറ്റംഗങ്ങളിൽ ഒരുവിഭാഗം ശക്തമായി സമ്മർദ്ദം ചെലുത്തി. അരൂരിൽ ദലീമ ജോജോയ്ക്ക് പകരം നാസറിനെ പരിഗണിക്കണമെന്നാണ് ആവശ്യം. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് ആർ. നാസർ 'നോ' പറഞ്ഞിട്ടുമില്ല. മൗനം പാർലമെന്ററി രാഷ്ട്രീയത്തോടുള്ള സമ്മതമായി കണ്ടാണ് നാസറിനെ സ്ഥാനാർത്ഥിയാക്കാൻ കൊണ്ടുപിടിച്ച ശ്രമം നടക്കുന്നത്.

ആർ.നാസറിന് അനായാസം ജയിച്ചുപോരാവുന്ന മണ്ഡലമല്ല നിലവിൽ അരൂർ. യു.ഡി.എഫും ബി.ജെ.പിയും മണ്ഡലത്തിലെ പല പഞ്ചായത്തുകളിലും ഭരണത്തിലുണ്ട്. മാത്രമല്ല, തീരദേശ മേഖലയിലെ നിർണായക വോട്ട് ബാങ്കായ ലത്തീൻ സമുദായത്തിൽ നിന്നുള്ള ദലീമയെ മാറ്റി നിർത്തുകയും പകരം ഒരു സീറ്റ് ആലപ്പുഴ ജില്ലയിൽ ലത്തീൻ വിഭാഗത്തിന് നൽകാൻ കഴിയാതെ വരികയും ചെയ്താൽ അരൂരിനൊപ്പം മറ്റ് മണ്ഡലങ്ങളിലും ഇടതുമുന്നണിയ്ക്ക് ദോഷമുണ്ടാക്കും. ഇത്തരം കാര്യങ്ങളെല്ലാം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിർണായകമായിട്ടും ജില്ലയിലെ പ്രബല സമുദായത്തിൽ നിന്നും പാർട്ടി ലീഡർഷിപ്പിൽ തുടരുന്നയാളെ വിജയം സുനിശ്ചിതമല്ലാത്ത മണ്ഡലത്തിൽ പരീക്ഷിക്കുന്നത് രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാനുള്ളനീക്കത്തിന്റെ ഭാഗമാണെന്നും ചർച്ചകൾ ഉയരുന്നുണ്ട്.

സ്ഥാനാർത്ഥിയാകുന്നതിന്റെ പേരിൽ നാസർ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയേണ്ടിവന്നാൽ ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളെന്ന നിലയിൽ കെ.പ്രസാദ്, കെ.എച്ച്. ബാബുജാൻ, മനു.സി.പുളിയ്ക്കൽ എന്നിവരെയാകും പകരം പരിഗണിക്കുക. കൺട്രോൾ കമ്മിഷനംഗമെന്ന നിലയിൽ ബാബുജാനെയും പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ പദവിയുടെ പേരിൽ കെ.പ്രസാദിനെയും മാറ്റിനിർത്തിയാൽ സജിചെറിയാന്റെ വിശ്വസ്തനായ മനു സി.പുളിയ്ക്കലിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരാൻ കഴിയും. സെക്രട്ടറി പദവിയൊഴികെ ജില്ലയിലെ പാർട്ടിയെ കൈപ്പിടിയിലൊതുക്കിയ സജി ചെറിയാന് മനു സി. പുളിയ്ക്കലിലൂടെ ജില്ലയിലെ പാർട്ടിയുടെ സാരഥ്യവും സ്വന്തമാക്കാനുള്ള നീക്കമാണിതെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.

തിരുവനന്തപുരത്ത് വി.ജോയിക്ക് പകരം എ.എ.റഹിം സെക്രട്ടറി സ്ഥാനത്തു വന്നതിനുശേഷം ആലപ്പുഴയിൽ ആർ.നാസറിനു പകരം മനു സി.പുളിയ്ക്കൽ കൂടി വന്നാൽ പ്രബല സമുദായമായ ഈഴവ സമുദായത്തിന് രണ്ട് ജില്ലാ സെക്രട്ടറി സ്ഥാനങ്ങൾ നഷ്ടപ്പെടുന്ന അവസ്ഥ വരും.

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.