
റിപ്പോർട്ട് ഹൈക്കോടതിയിൽ
കൊച്ചി: തൊണ്ടിമുതൽ കേസിൽ മുൻമന്ത്രി ആന്റണി രാജുവിനെ പ്രതി ചേർത്തത് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് കാട്ടി സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. രാഷ്ട്രീയ ജീവിതം തകർക്കാൻ കെട്ടിച്ചമച്ച കേസാണെന്ന ആന്റണി രാജുവിന്റെ വാദം അടിസ്ഥാനരഹിതമാണെന്നും വ്യക്തമാക്കി. കേസിൽ കുറ്റക്കാരനാണെന്ന വിചാരണക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ആന്റണി രാജു സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സർക്കാർ റിപ്പോർട്ട് സമർപ്പിച്ചത്.
കോടതി നിർദ്ദേശിച്ച പുനരന്വേഷണത്തിൽ സാക്ഷിമൊഴികളും തെളിവുകളും കൃത്യമായി ശേഖരിച്ചാണ് പ്രതിചേർത്തത്. തൊണ്ടി ക്ലാർക്കായിരുന്ന ജോസ് ഒന്നാം പ്രതിയും ആന്റണി രാജു രണ്ടാം പ്രതിയുമാണ്. കോടതി ഉത്തരവില്ലാതെയാണ് ആന്റണി രാജുവിന് ഒന്നാം പ്രതി തൊണ്ടിമുതലായ അടിവസ്ത്രം കൈമാറിയത്.
ആന്റണി രാജുവിന്റെ കൈവശമിരുന്ന സമയത്താണ് തൊണ്ടിമുതലിൽ കൃത്രിമം നടന്നതെന്ന് പ്രോസിക്യൂഷൻ തെളിയിച്ചിട്ടുണ്ട്. മയക്കുമരുന്ന് കേസിൽ പ്രതിയായ വിദേശിയെ രക്ഷിക്കാനായി കോടതി ജീവനക്കാരുമായി ചേർന്ന് ഗൂഢാലോചന നടത്തുകയായിരുന്നു. നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണിതെന്നും റിപ്പോർട്ടിൽ.
ഹർജി തള്ളണം
ഹർജിക്കാരൻ ജനപ്രതിനിധിയാകുന്നതിന് മുമ്പ് അഭിഭാഷകൻ എന്ന നിലയിലാണ് ഈ കുറ്റകൃത്യം ചെയ്തതെന്നത് ഗൗരവം വർദ്ധിപ്പിക്കുന്നു. വിചാരണക്കോടതി എല്ലാ തെളിവുകളും പരിശോധിച്ച ശേഷമാണ് ശിക്ഷ വിധിച്ചത്
തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ഹർജിക്കാരന്റെ ആഗ്രഹം ശിക്ഷ സ്റ്റേ ചെയ്യാനുള്ള അസാധാരണ സാഹചര്യമായി കണക്കാക്കാനാവില്ല. അതിനാൽ, ഹർജി തള്ളണമെന്നും സർക്കാർ വാദം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |