
തിരുവനന്തപുരം: കോടതി ഉത്തരവ് നടപ്പാക്കുന്നതിലെ ധനകാര്യ വകുപ്പിന്റെ എതിർപ്പ് മറികടക്കാൻ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായി ഭരണ പരിഷ്‌കാര വകുപ്പ് നാലംഗ വിദഗ്‌ദ്ധ സമിതി രൂപീകരിച്ചു. ധനകാര്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി, നിയമവകുപ്പ് സെക്രട്ടറി, ബന്ധപ്പെട്ട ഭരണവകുപ്പ് സെക്രട്ടറി എന്നിവരാണ് സമിതി അംഗങ്ങൾ.
മതിയായ ബഡ്‌ജറ്റ് വിഹിതമില്ലാതിരിക്കുക, സാമ്പത്തിക സ്ഥിതിക്ക് താങ്ങാനാവാത്ത പദ്ധതി, സംസ്ഥാനത്തെ സാമ്പത്തിക ബുദ്ധിമുട്ട് എന്നീ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ധനകാര്യ വകുപ്പിന്റെ എതിർപ്പ്. എന്നാലിത് സർക്കാരിനെതിരായ കോടതിയലക്ഷ്യകേസായി മാറുന്നുവെന്നാണ് വിലയിരുത്തൽ. ഇതു വകുപ്പിന്റേയും സർക്കാരിന്റേയും പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുന്നുമുണ്ട്.
നിയമനം, ആനുകൂല്യ വിതരണം, സ്ഥലമേറ്റെടുപ്പ്, പെൻഷൻ, ശമ്പളം തുടങ്ങിയ വിഷയങ്ങളിലാണ് ധനകാര്യ വകുപ്പിന്റെ എതിർപ്പ്. കോടതികളുടെ നിർദ്ദേശങ്ങളും ഉത്തരവുകളും നിശ്ചിത സമയത്തിനുള്ളിൽ നടപ്പാക്കുന്നതിൽ താമസമുണ്ടാകുന്നതായി ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.
ഉത്തരവുകൾ വേഗത്തിൽ നടപ്പാക്കും
നാലംഗ വിദഗ്‌ദ്ധ സമിതി കോടതി ഉത്തരവുകൾ സമയബന്ധിതമായി നടപ്പാക്കും. സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്ന കേസുകളിൽ അപ്പീലിന് സാദ്ധ്യതയുണ്ടോയെന്ന് നിയമോപദേശം തേടും. അപ്പീലിന് സാദ്ധ്യതയില്ലെന്ന് ഉപദേശം കിട്ടിയിട്ടുള്ള കോടതി ഉത്തരവുകൾ നിർബന്ധമായും നടപ്പാക്കണം. ഇതിൽ ധനകാര്യ വകുപ്പ് എതിരഭിപ്രായം രേഖപ്പെടുത്തിയാൽ വിദഗ്‌ദ്ധ സമിതി പരിശോധിക്കും. സമിതിയിലെ ഭൂരിപക്ഷമനുസരിച്ച് ധനവകുപ്പിന്റെ എതിർപ്പ് തള്ളി കോടതി ഉത്തരവ് നടപ്പാക്കാൻ സമിതിക്ക് കഴിയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |