
ടെഹ്റാൻ : അയത്തൊള്ള അലി ഖമനേയിയുടെ പിൻഗാമിയെ ഇറാനിലെ പുരോഹിത സമിതിയായ അസംബ്ലി ഓഫ് എക്സ്പേർട്സ് തിരഞ്ഞെടുത്തതായി റിപ്പോർട്ട്. എന്നാൽ നേതാവിനെ തിരഞ്ഞെടുത്തെങ്കിലും പേര് പ്രഖ്യാപിക്കാൻ ഇറാൻ തയ്യാറായില്ല. അയത്തൊള്ള അലി ഖമനേയിയുടെ രണ്ടാമത്തെ മകൻ മൊജ്തബാ ഖമനേയി തന്നെയാകാം പിൻഗാമിയെന്ന് അഭ്യൂഹമുണ്ട്. ആദ്യത്തെ പരമോന്നത നേതാവായ റുഹൊള്ള ഖൊമേനിയുടെ ചെറുമകൻ ഹസൻ ഖൊമേനി, ഉന്നത മതപണ്ഡിതൻ അയത്തൊള്ള അലിറേസ അറാഫി, നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി തുടങ്ങിയവരുടെ പേരുകളും ഉയർന്നു കേൾക്കുന്നു.
പരസ്യ പ്രഖ്യാപനത്തിന് മുമ്പ് 'ചില തടസങ്ങൾ' നീങ്ങേണ്ടതുണ്ടെന്നാണ് സമിതി പ്രതിനിധികൾ പ്രതികരിച്ചത്. 88 അംഗങ്ങളാണ് അസംബ്ലി ഒഫ് എക്സ്പേർട്സിലുള്ളത്. അതേസമയം ഖമനേയിയുടെ പിൻഗാമി ആരായിരുന്നാലും ഇല്ലാതാക്കുമെന്നാണ് ഇസ്രയേലിന്റെ ഭീഷണി.
ഇറാനിലെ അടുത്ത നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ യു.എസിന് പങ്കുണ്ടാകണമെന്നും അല്ലാത്തവരെ അംഗീകരിക്കില്ലെന്ന് ട്രംപിന്റെ ഭീഷണിയും ഉണ്ട്. ഖമനേയിയുടെ മകൻ മൊജ്തബ ഖമനേയിയെ അംഗീകരിക്കില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. 37 വർഷം ഇറാനെ നയിച്ച പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയെ യുദ്ധത്തിന്റെ ആദ്യ ദിനമായ ഫെബ്രുവരി 28ന് ഇസ്രയേലും യു.എസും ചേർന്ന് വ്യോമാക്രമണത്തിൽ വധിച്ചിരുന്നു. പിൻഗാമികളെയും ഇല്ലാതാക്കുമെന്നാണ് ഇസ്രയേൽ നിലപാട് .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |