
ഉത്സവാന്തരീക്ഷത്തിൽ മുടവൻമുകൾ-സത്യൻ നഗർ പാലം ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: 50 വർഷമെടുത്താൽ തീർക്കാൻ കഴിയാത്തത്ര വികസനം 10 കൊല്ലത്തിനകം പൂർത്തിയാക്കാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം സൃഷ്ടിച്ച സാമ്പത്തിക ഉപരോധത്തിനിടക്കാണ് ഇത്രയും നേട്ടം സംസ്ഥാനത്ത് കൈവരിക്കാനായത്. അർഹതപ്പെട്ടതുപോലും കേന്ദ്രത്തിൽ നിന്ന് കിട്ടിയില്ല.
മുടവൻമുകൾ-സത്യൻ നഗർ പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിലെ പ്രതിപക്ഷം 10 വർഷത്തിനിടെ സർക്കാർ നടത്തിയ എല്ലാ പ്രവർത്തനങ്ങളോടും മുഖംതിരിഞ്ഞു നിൽക്കുകയായിരുന്നു. ഏതെങ്കിലും പദ്ധതിയെ അവർ അനുകൂലിച്ചതായി പറയാനാകുമോ.
വികസനത്ത തടസ്സപ്പെടുത്തും വിധം കേരളത്തെ സാമ്പത്തികമായി ഞെരുക്കാനാണ് കേന്ദ്രം എപ്പോഴും ശ്രമിച്ചത്. വായ്പയെടുക്കുന്നത് പോലും തടസ്സപ്പെടുത്തി. ബി.ജെ.പിയേയും ആർ.എസ്.എസിനേയും കേരളം സ്വീകരിക്കാത്തതിന്റെ പകയും വിദ്വേഷവുമാണ് കേരളത്തോട് കേന്ദ്രം കാട്ടുന്നത്. ഇവരാണ് മാരീച വേഷംകെട്ടി നാടിന് പലതും ചെയ്യുന്നുവെന്ന് പറയുന്നതെന്നും ഓർക്കണം. 100 പാലം പൂർത്തിയാക്കണമെന്ന ലക്ഷ്യത്തോടെയാണ് ഇടതുസർക്കാർ വന്നത്. മൂന്നുവർഷം കൊണ്ടുതന്നെ അത് നേടാനായി. ഇപ്പോൾ 200 എന്ന സംഖ്യയിലേക്ക് നീങ്ങുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാലങ്ങളും റോഡുകളും ഉൾപ്പെടെ നേമം മണ്ഡലത്തിൽ 1000 കോടിയുടെ വികസന പദ്ധതികളാണ് നടപ്പാക്കിയതെന്ന് അദ്ധ്യക്ഷത വഹിച്ച മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. പ്രദേശവാസികളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യത്തിനാണ് സത്യൻനഗറിനെ മുടവൻമുകളുമായി ബന്ധിപ്പിക്കുന്ന പാലം പൂർത്തിയായതിലൂടെ സാക്ഷാത്കരിച്ചതെന്നും ശിവൻകുട്ടി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |