
ചേർത്തല: എസ്.എൻ.ഡി.പി യോഗ നേതൃത്വ തിരഞ്ഞെടുപ്പ്, വാർഷിക പൊതുയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമ വിഷയങ്ങളിൽ സംഘടനയുടെ നിലപാടുകൾ സംരക്ഷിക്കാൻ നേതൃത്വം നടത്തിയ പ്രവർത്തനങ്ങൾക്ക് ഡയറക്ടർ ബോർഡ് യോഗം പൂർണ പിന്തുണ പ്രഖ്യാപിച്ചു.
ഐക്യവും സ്ഥിരതയും നിലനിറുത്തുന്നതിന് നേതൃത്വം സ്വീകരിച്ച നടപടികൾ അഭിനന്ദനാർഹമാണെന്ന് യോഗം വിലയിരുത്തി. സംഘടനയുടെ അവകാശങ്ങളും പാരമ്പര്യവും സംരക്ഷിക്കുന്നതിന് നിയമ പോരാട്ടം ശക്തമായി മുന്നോട്ട് കൊണ്ടു പോകണം. എല്ലാ പോരാട്ടങ്ങൾക്കും നടപടികൾക്കും ഡയറക്ടർ ബോർഡ് പൂർണ പിന്തുണ നൽകും.
നിയമസഭാ തിരഞ്ഞെടുപ്പിൽ പിന്നാക്ക സമുദായങ്ങളെയും അടിസ്ഥാന വർഗങ്ങളേയും സ്ഥാനാർത്ഥികളാക്കുന്നതിൽ മുന്നണികൾ യാതൊരു അവഗണനയും കാട്ടരുതെന്ന് ഡയറക്ടർ ബോർഡ് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച പ്രമേയം അംഗീകരിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികൾ പിന്നാക്ക വിഭാഗങ്ങളെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും സ്ഥാനാർത്ഥിത്വങ്ങളിലും അധികാര ഘടനകളിലും അവരെ ഒഴിവാക്കുന്നത് ആശങ്കാജനകമാണ്. കേരളത്തിന്റെ സാമൂഹിക ഘടനയിൽ നിർണായക പങ്കു വഹിക്കുന്ന പിന്നാക്ക സമുദായങ്ങൾക്ക് യുക്ത്യാനുസൃതമായ രാഷ്ട്രീയ പ്രാതിനിത്യം ഉറപ്പാക്കേണ്ടത് ജനാധിപത്യത്തിന്റെ അടിസ്ഥാന ബാദ്ധ്യതയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാമുന്നണികളും ഇതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും സി.വി. ഷാജി അവതാരകനായ പ്രമേയം ആവശ്യപ്പെട്ടു.
ചേർത്തല കരപ്പുറം റസിഡൻസിയിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് എം.എൻ. സോമൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം നിർവഹിച്ചു. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് നന്ദി പറഞ്ഞു.യോഗം കൗൺസിലർമാരായ പി.ടി. മന്മഥൻ,പി.സുന്ദരൻ,വിപിൻരാജ്, ബേബിറാം,പി.കെ.പ്രസന്നൻ,ഇ.എസ്.ഷീബ,പി. എസ്.എൻ ബാബു,സന്ദീപ് പച്ചയിൽ,സി.എം.ബാബു,എബിൻ അമ്പാടി എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |