SignIn
Kerala Kaumudi Online
Wednesday, 11 March 2026 9.25 PM IST

ഒരു മാപ്പുണ്ടെങ്കിൽ എല്ലാം കഴിഞ്ഞില്ലെ

Increase Font Size Decrease Font Size Print Page
s

ഭഗവാൻ ശ്രീകൃഷ്ണൻ ഇപ്പോഴുണ്ടായിരുന്നെങ്കിൽ മന്ത്രി ഗണേശ് കുമാറിന് അദ്ദേഹത്തോട് ഒരുകൈ നോക്കാമായിരുന്നു. പ്രണയം ഒരു 'കോംപറ്റീഷൻ ഐറ്രം' ആക്കുകയും അതിനായൊരു കലാമേള സംഘടിപ്പിക്കുകയും ചെയ്തിരുന്നെങ്കിൽ 'ഗപ്പ് ' ആരു നേടും എന്നത് വലിയ ആകാംക്ഷ ആയേനെ. രാധ ആയിരുന്നു ഭഗവാൻ കൃഷ്ണന്റെ അംഗീകൃത പ്രണയിനി എങ്കിലും 'സിക്സ്റ്റി തൗസൻഡ് ആൻഡ് എബൗ' ആയിരുന്നു കൃഷ്ണപ്രണയത്തിന്റെ സ്ട്രൈക്ക് റേറ്റ്. അറുപതാം വയസിലേക്ക് എത്താൻ രണ്ടുമാസം മാത്രം ശേഷിക്കുന്ന മന്ത്രി കെ.ബി.ഗണേഷ് കുമാറിന് 'ഫൈവ് തൗസൻഡിൽ' എത്താനേ ഇതുവരെ സാധിച്ചിട്ടുള്ളു. എങ്കിലും ഇനിയും ഈശ്വരൻ ആയുർദൈർഘ്യം നൽകിയാൽ അദ്ദേഹം ഗപ്പ് അടിക്കാനുള്ള പോരാട്ടം ഊർജ്ജിതമായി തുടരുമെന്ന് പ്രതീക്ഷിക്കാം.

പ്രണയവും പ്രണയലീലകളുമൊക്കെ ഓരോരുത്തരുടെയും സ്വകാര്യതയാണ്. വിവാഹിതനാണെങ്കിൽ അതിനെ ചോദ്യം ചെയ്യാൻ ഭാര്യയ്ക്ക് ധാർമിക അവകാശമുണ്ടെങ്കിലും മറ്റാർക്കും അങ്ങനെയൊരു അവകാശമില്ല. പക്ഷെ അഭിനവ ശ്രീകൃഷ്ണൻ കളിച്ചു നടക്കുന്ന ആൾ സംസ്ഥാനത്തെ ഒരു മന്ത്രിയായിരിക്കുകയും അദ്ദേഹത്തിന്റെ സ്വന്തം ഭവനത്തിൽ അരുതാത്തത് നടന്നുവെന്ന് അദ്ദേഹത്തിന്റെ രണ്ടാമത്തെ അംഗീകൃത ധർമ്മ പത്നി മാദ്ധ്യമങ്ങൾക്ക് മുന്നിൽ വിലപിക്കുകയും ചെയ്യുന്നത് ജനാധിപത്യ കേരളത്തിന്റെ കേൾവി കേട്ട പാരമ്പര്യത്തിന് നിരക്കുന്നതോ എന്ന സംശയം മാത്രം. യാതൊരുവിധ ഉളുപ്പുമില്ലാതെ നെഞ്ചും വിരിച്ചു ചാനൽ ക്യാമറകൾക്ക് മുന്നിൽ വന്നു നിന്ന് 'ഞാൻ മാപ്പു പറഞ്ഞു, എല്ലാം കോംപ്ളിമെന്റാക്കി ' എന്നു പറയുന്ന മാന്യന്റെ ദേഹത്തുള്ളത് തൊലിയോ ടാർപ്പൊളിനോ എന്ന സംശയവും ശേഷിക്കുന്നു. മാത്രമല്ല താൻ വീണ്ടും മത്സരിക്കുമെന്നും വലിയ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നുംകൂടി പറയുന്നത് തലയ്ക്ക് വെളിവുണ്ടെന്ന് കരുതുന്ന ആ മണ്ഡലത്തിലെ ജനങ്ങളോടുള്ള കൊഞ്ഞനം കുത്തലോ എന്നതും ആലോചിക്കേണ്ടതാണ്.

പക്ഷെ ആരോപണവിധേയൻ മുഖ്യമന്ത്രിയ കണ്ട് കാര്യങ്ങൾ വിശദീകരിച്ചു. തീർത്തും കുടുംബപ്രശ്നമായതിനാൽ രാജിയേ ആവശ്യമില്ലെന്ന നിലപാടും സർക്കാർ സ്വീകരിച്ചു. അല്ലെങ്കിലും ഭാര്യയും ഭർത്താവുമൊക്കെ ആവുമ്പോൾ ചട്ടിയും കലവും പോലെ തട്ടിയും മുട്ടിയുമൊക്കെ ഇരിക്കും. അതിൽ ആർക്ക് ചേതം.

മുമ്പൊരിക്കൽ ഇതുപോലെ മന്ത്രിയായിരിക്കുമ്പോഴായിരുന്നു ആദ്യ അംഗീകൃത ഭാര്യയുടെ പരാതിയും മന്ത്രി സ്ഥാനത്തു നിന്നുള്ള മാറ്റവും. അന്ന് പക്ഷെ, എൽ.ഡി.എഫ് മന്ത്രിയായിരുന്നില്ല, യു.ഡി.എഫ് മന്ത്രിയായിരുന്നു എന്നതാണ് വ്യത്യാസം. പക്ഷെ വിഷയത്തിൽ വ്യത്യാസമില്ലെന്നു മാത്രം. പൊതുസമൂഹത്തിന് കൗതുകമുണർത്തുന്ന ചില ദൃശ്യങ്ങൾ അന്ന് ചാനലുകളിലൂടെ ആസ്വദിക്കാനും സാധിച്ചു. ചാമ്പയ്ക്ക പൊളിച്ചുവച്ചപോലുള്ള മുഖവുമായി, നാരിഹസ്തേന താഡന വിധേയനായിരിക്കുന്ന മന്ത്രിമുഖം അന്ന് ഏറെ ചർച്ചചെയ്യപ്പെട്ടതുമാണ്. അന്ന്, ഗണേഷകുമാരന്റെ പിതാവ്, അന്തരിച്ച ആർ.ബാലകൃഷ്ണപിള്ള ഇടപെട്ടാണ് തർക്കങ്ങൾ 'കോംപ്ളിമെന്റാക്കി 'യത്. ആദ്യ അംഗീകൃത ഭാര്യ സലാം പറഞ്ഞു പോകുകയും മന്ത്രിസ്ഥാനം നഷ്ടപ്പെടുകയും ചെയ്തതായിരുന്നു ക്ളൈമാക്സ്.

നഷ്ടത്തിലേക്ക് കൂപ്പുകുത്തി മുങ്ങിത്താണുകൊണ്ടിരുന്ന കെ.എസ്.ആർ.ടി.സിയെ ഒരുവിധം രക്ഷപ്പെടുത്തി, ഒരുവിധം നല്ല നിലയിലേക്ക് കൊണ്ടുവരുന്നതിനാൽ പൊതുവെ നല്ല മന്ത്രി എന്നൊരു ഇമേജ് ഉണ്ടാക്കിയെടുക്കാൻ സാധിച്ചു. ഇക്കാരണത്താലാവണം മുഖ്യമന്ത്രിക്കും ഗണേഷകുമാരനോട് നല്ല മമതയായിരുന്നു. ബസിന് മുന്നിൽ , കുടിവെള്ളം കൊണ്ടുവന്ന കുപ്പി കാണപ്പെട്ടു എന്ന കാരണത്തിന് കെ.എസ്.ആർ.ടി.സി ബസ് ‌ഡ്രൈവറെ വളഞ്ഞിട്ടു പിടിച്ച് ശാസിച്ചതോടെ നല്ല ഇമേജിന് ചെറിയ കോട്ടംതട്ടി. എങ്കിലും നഷ്ടത്തിൽ നിന്ന് കോർപ്പറേഷനെ കരകയറ്റുന്ന ദൈവദൂതൻ എന്ന മട്ടിൽ ജീവനക്കാർ പോലും മന്ത്രിയുടെ ഈ ധാർഷ്ട്യത്തെ സഹിച്ചു.

സോളാർ നായിക സരിതയുടെ കണക്കുപുസ്തകത്തിലെ അധികപേജുകളുടെ പേരിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടിഉമ്മൻ സമീപകാലത്ത് നടത്തിയ ചില പരാമർശങ്ങൾ വിവാദമായിരുന്നു. ഇതിനെതിരെ തന്റെ ന്യായവാദങ്ങളുമായി മന്ത്രി രംഗത്തുവരികയും ചെയ്തതാണ്. ഏതാണ്ട് ഈ വിവാദത്തിന്റെ പരിസമാപ്തിയിലാണ് അപ്രതീക്ഷിതമായി പുതിയ വിവാദം ഉരുത്തിരിഞ്ഞത്. അംഗീകൃത രണ്ടാം ഭാര്യ ഓർക്കാപ്പുറത്തു നടത്തിയ 'ഇൻസ്പെക്ഷനിലാണ് ' പുതിയ വിവാദം ഉരുത്തിരിഞ്ഞത്. സംസ്ഥാനം വീണ്ടും ഒരു നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. നമ്മുടെ കഥാപുരുഷനാവട്ടെ തുടർച്ചയായ ആറാം വിജയം ലക്ഷ്യമിട്ടു നീങ്ങുകയുമായിരുന്നു. മന്ത്രി എന്ന നിലയ്ക്കുള്ള ഗണേഷിന്റെ പ്രവർത്തനങ്ങളെ അംഗീകരിക്കുമ്പോൾ പോലും ഇപ്പോഴുണ്ടായിട്ടുള്ള ഈ സംഭവവികാസങ്ങൾ ഒരു പൊതു പ്രവർത്തകന് യോജിച്ചതോ എന്നതാണ് ധാർമ്മികതയുടെ പ്രശ്നം. പ്രായപൂർത്തി വോട്ടവകാശം സിദ്ധിച്ച പുതുതലമുറയ്ക്ക് മുന്നിലേക്ക് വോട്ടഭ്യർത്ഥിച്ചു ചെല്ലുമ്പോൾ, ഈ നേതാവിനാണോ വോട്ടു ചെയ്യേണ്ടത് എന്ന ചോദ്യമുണ്ടായാൽ അവിടെ തീർന്നില്ലെ സർവ ഇമേജും. മന്ത്രിസഭയുടെ കാലാവധി തീരാൻ ദിവസങ്ങൾ മാത്രം അവശേഷിക്കുന്നതിനാൽ രാജിവച്ച് മാതൃക കാട്ടിയില്ലെങ്കിലും സഹിക്കാം. പക്ഷെ ജനങ്ങളുടെ പ്രതിനിധിയാവാൻ ഇറങ്ങിത്തിരിച്ചാൽ ഉളുപ്പില്ലായ്മ എന്നല്ലാതെ എന്തുപറയാൻ.

ഇതുകൂടി കേൾക്കണേ

സദാചാരത്തെ തൊട്ടു കഴിഞ്ഞാൽ പത്തിവിടർത്തിയാടുന്ന സാംസ്കാരിക നായകരൊക്കെ എവിടെ പോയോ എന്തോ, ആരും തൊള്ളതുറന്നു കണ്ടില്ല ഇതുവരെ.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.