
കല്ലറ: വിഷുപ്പുലരിയെത്തും മുൻപേ പാതയോരങ്ങളിൽ പൂത്തുലഞ്ഞ് കണിക്കൊന്നകൾ. നാട്ടിൻപുറങ്ങൾക്കൊപ്പം നഗരവും മഞ്ഞപ്പട്ട് വിരിച്ചിരിക്കുകയാണ്.പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായും മറ്റും നഗരത്തിൽ വൻ തോതിൽ കൊന്ന തൈകൾ നട്ടുപിടിപ്പിച്ചിരുന്നു. വേനലിൽ നഗരം ചുട്ടുപൊള്ളാൻ തുടങ്ങിയതോടെ കണിക്കൊന്നകൾ പതിവിലും നേരത്തേ ഒന്നായി പൂക്കുകയായിരുന്നു.
കണ്ണിനും മനസിനും ഒരുപോലെ കുളിർമ നൽകുന്ന തരത്തിൽ മരം നിറയെ പൂത്തു നിൽക്കുകയാണ്. വിഷുവിന് ഒരു മാസം കൂടി ബാക്കി നിൽക്കേ മിക്കയിടങ്ങളിലും കൊന്ന പൂവിട്ടു കഴിഞ്ഞിട്ടുണ്ട്.33 ഡിഗ്രി അന്തരീക്ഷ താപനിലയിലാണ് കണിക്കൊന്നകൾ പൂക്കുന്നത്.
മാർച്ച് മാസം അവസാനത്തോടെ തളിർത്ത് പൂവിടേണ്ട കണിക്കൊന്നകളാണ് വേനൽ കടുത്തതിനാൽ ഇത്തവണ നേരത്തേ പൂത്തത്.തുലാവർഷം കുറയുകയും വേനൽ കടുക്കുകയും ചെയ്താൽ കണിക്കൊന്ന നേരത്തെ പൂക്കുമെന്ന് പരിസ്ഥിതി പ്രവർത്തകരും പറയുന്നു.വിഷുക്കണി ഒരുക്കുന്നതിൽ മറ്റ് ഫലങ്ങൾക്കൊപ്പം കണിക്കൊന്നയും പ്രധാനിയാണ്. എന്നാൽ നേരത്തേ പൂത്തതിനാൽ പലതും കൊഴിഞ്ഞു തുടങ്ങിയിട്ടുണ്ട്. അതിനാൽ ഇത്തവണ വിഷുക്കണി ഒരുക്കുന്നതിന് പൂ ലഭിക്കുമോ എന്ന ആശങ്കയുമുണ്ട്.
ഇക്കൊല്ലം കാലംതെറ്റി പൂത്തതിനാൽ,വിഷുവിന് പൂക്കൾ ലഭിക്കാനുള്ള സാദ്ധ്യത കുറവാണ്.അതുകൊണ്ട് ഇത്തവണ ഡിമാൻഡും വിലയും വർദ്ധിക്കാനാണ് സാദ്ധ്യത.ഒരു കെട്ട് പൂവിന് 30 മുതൽ 50 രൂപ വരെയാണ് കഴിഞ്ഞ വർഷം ഈടാക്കിയിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |