
മലപ്പുറം: പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ഗൾഫിൽ നിന്ന് കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികളെ ചൂഷണം ചെയ്ത് വിമാനക്കമ്പനികൾ. അവസരം മുതലെടുത്ത് ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയിലധികം വർദ്ധിപ്പിച്ചു. റിയാദിൽ നിന്ന് കേരളത്തിലേക്ക് കഴിഞ്ഞദിവസം ഒരു ലക്ഷം രൂപവരെ ഈടാക്കിയിരുന്നു.
സീസണല്ലാത്ത സമയങ്ങളിൽ ജിദ്ദയിൽ നിന്ന് 15,000 രൂപയ്ക്കുവരെ ലഭിക്കുന്ന ടിക്കറ്റിന് ഇപ്പോൾ ഇടാക്കുന്ന കുറഞ്ഞ നിരക്ക് 65,000 രൂപ. ദുബായിൽനിന്ന് അരലക്ഷം രൂപ. സാധാരണ സമയങ്ങളിൽ ഇടാക്കാറുള്ളത് 8,000-10,000 രൂപവരെ. സാധാരണ സർവീസുകൾ നിറുത്തി പ്രത്യേക സർവീസുകൾ ആരംഭിച്ചതിന്റെ മറവിലാണ് കൊള്ള. മിക്ക വിമാനങ്ങളിലും ഇക്കോണമി ടിക്കറ്റിന് പകരം ഉയർന്ന നിരക്കുള്ള ബിസിനസ് ടിക്കറ്റുകളാണുള്ളത്.
ഇത് താങ്ങാനാവാതെ കുട്ടികളെയും സ്ത്രീകളെയും നാട്ടിലെത്തിക്കാനുള്ള ശ്രമം മിക്കവരും ഉപേക്ഷിച്ചു. മലയാളികൾ ഏറെയുള്ള സൗദി, യു.എ.ഇ സെക്ടറിലാണ് നിരക്ക് വർദ്ധന കൂടുതൽ. എയർഇന്ത്യ, ഇൻഡിഗോ, ഇത്തിഹാദ്, എമിറേറ്റ്സ്, ഫ്ളൈ ദുബായ്, എയർഅറേബ്യ എന്നിവയാണ് കേരളത്തിലേക്കും തിരിച്ചും സർവീസ് നടത്തുന്നത്.
പ്രവാസികളെ പിഴിയുന്നതിൽ വിദേശ വിമാനക്കമ്പനികളാണ് മുന്നിൽ. താരതമ്യേന നിരക്ക് കുറവ് എയർഇന്ത്യ എക്സ്‌പ്രസിലാണെങ്കിലും അതും താങ്ങാനാവില്ല. കേരളത്തിലേക്ക് ദിവസത്തിൽ രണ്ട് സർവീസുകളാണ് മിക്ക കമ്പനികളും നടത്തുന്നത്. ഇതുതന്നെ എല്ലാ ദിവസവുമില്ല. സുരക്ഷാഭീഷണിയിൽ ദുബായിൽ നിന്നുള്ള സർവീസുകൾ ഗണ്യമായി വെട്ടിക്കുറച്ചിട്ടുണ്ട്. മറ്റ് ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് സൗദിയിൽനിന്ന് കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ടെങ്കിലും അവസരം മുതലെടുത്ത് ഉയർന്ന നിരക്കാണ് ഈടാക്കുന്നത്.
വിദേശ വിമാനങ്ങളിലെ
ടിക്കറ്റ് നിരക്ക്
(രൂപയിൽ)
ദുബായ്- കോഴിക്കോട്....................50,000- 55,000
ദുബായ്- കൊച്ചി..............................55,000- 59,000
ദുബായ്- തിരുവനന്തപുരം ...........64,000- 66,000
അബുദാബി-തിരുവനന്തപുരം......26,000- 28,000
അബുദാബി- കോഴിക്കോട്............36,000- 37,000
അബുദാബി- കൊച്ചി .....................35,000- 37,000
ജിദ്ദ- കൊച്ചി.....................................65,000- 70,000
എയർ ഇന്ത്യ നിരക്ക്
ദുബായ്- കോഴിക്കോട്...................35,000- 40,000
ദുബായ്- കൊച്ചി.............................35,000- 42,000
ദുബായ്- തിരുവനന്തപുരം ..........39,000- 42,000
അബുദാബി- കോഴിക്കോട്............31,500- 33,500
അബുദാബി- കൊച്ചി......................35,000- 38,000
റാസൽഖൈമ- കൊച്ചി...................42,000- 51,000
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |