
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ സി.പി.എം സംഘടന പിളർപ്പിലേക്കെന്ന് സൂചന. ദേവസ്വത്തിന്റെ പത്ത് ഗ്രൂപ്പുകളിലും സംഘടന ഭിന്നിച്ചു നിൽക്കുകയാണ്.
സി.പി.എം നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയും ജനറൽ സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും പ്രവർത്തനത്തിലുള്ള എതിർപ്പുമാണ് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷനെ ഈ അവസ്ഥയിൽ എത്തിച്ചത് . ബോർഡിലെ ഏക അംഗീകൃത സംഘടനയാണിത്. പ്രസിഡന്റും ജന.സെക്രട്ടറിയും ഒരു ചേരിയിലും വൈസ് പ്രസിഡന്റും ട്രഷറും അടക്കം എതിർചേരിയിലുമാണ്.
തിങ്കളാഴ്ച സംസ്ഥാന കമ്മിറ്റി യോഗത്തിൽ 15 പേർ മാത്രമാണ് പങ്കെടുത്തത്. 65 അംഗ കമ്മിറ്റിയിലെ ട്രഷറർ, ജോയിന്റ് സെക്രട്ടറിമാർ, വൈസ് പ്രസിഡന്റുമാർ എന്നിവരടക്കം 45 പേർ വിട്ടുനിന്നു. പ്രശ്നം പരിഹരിക്കാനുള്ള സി.പി.എം നേതൃത്വത്തിന്റെ നീക്കവും പരാജയപ്പെട്ടു.
ഭൂരിപക്ഷം മറികടന്ന് എസ്.എൽ.കൃഷ്ണകുമാറിനെ ജനറൽ സെക്രട്ടറിയാക്കിയപ്പോൾ തുടങ്ങിയതാണ് തർക്കം. പാർട്ടിയുടെ തീരുമാനമെന്നായിരുന്നു സി.പി.എം നിലപാട്. ഇതോടെ താളംതെറ്റി. ചുമതലക്കാരനായ മുൻ മന്ത്രി കെ.രാധാകൃഷ്ണനും ഇടപെടാനാകുന്നില്ല. നവംബറിൽ എ.കെ.ജി സെന്ററിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പങ്കെടുത്ത യൂണിയൻ ഫ്രാക്ഷനിന്റെ യോഗത്തിലും പരിഹാരം കാണാനായില്ല.
ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർമാർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലുമുണ്ട്. സംഘടനാതീരുമാനങ്ങൾ നടപ്പാക്കേണ്ടത് ഇവരിലൂടെയാണ്. ഇവരിൽ മിക്കവരും സംഘടനാ പ്രവർത്തനം നിർത്തിവെച്ചു. പ്രവർത്തകരിൽ പലരും ബി.ജെ.പി സംഘടനയിലേക്ക് മാറി. മറ്റു ചിലർ സ്വതന്ത്ര സംഘടനയായ എംപ്ലോയീസ് ഫെഡറേഷനിൽ ചേർന്നു.
മൂന്നു മാസത്തിനകം ദേവസ്വം ബോർഡിൽ ഹിത പരിശോധന നടക്കും. 2001 ൽ ഹിതപരിശോധനയിൽ വിജയിച്ച ശേഷം 2021ലാണ് പിന്നീട് വിജയിക്കാനായത്. സംഘടനയിലുള്ളവരെ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കാനാണ് കോൺഗ്രസ്, ബി.ജെ.പി സംഘടനകളുടെ നീക്കം. ക്ഷേത്രങ്ങളിലെ ആർ.എസ്.എസിനെ ഇടപെടലിനെ നേരിടാനാണ് സി.പി.എം സംഘടന രൂപീകരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |