
കൊച്ചി: യുണൈറ്റ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) മുൻ പ്രസിഡന്റ് തൃശൂർ സ്വദേശി ജാസ്‌മിൻ ഷാ, ഭാര്യ എം.എ. ഷബാന, സംഘടന ഭാരവാഹികൾ എന്നിവരുടെ പേരിലുള്ള 1.44 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. സംഘടനയുടെ വരുമാനം സ്വന്തം ആവശ്യങ്ങൾക്ക് വിനിയോഗിച്ചെന്ന കേസിലാണ് നടപടി. 2017-19 കാലത്താണ് മെമ്പർഷിപ്പ് തുക, മറ്റു ഫണ്ടുകൾ എന്നിവയിൽ തിരിമറി നടത്തിയത്. സംഘടനയുടെ ഭരണസ്ഥാനത്തുനിന്ന് മാറിയെങ്കിലും നഴ്സുമാരുടെ നിലവിലെ സമരത്തിന് നേതൃത്വം നൽകുന്നത് ജാസ്‌മിൻ ഷായാണ്!
യു.എൻ.എ നേതാക്കളായ ഷോബി ജോസഫ്, നിഥിൻ മോഹൻ, പി.ഡി. ജിത്തു, എ.കെ. സുജന പെെ, ബിബിൻ എം. പോൾ, എം.വി. സുധീപ് എന്നിവരുടെ സ്വത്തുക്കളും കണ്ടുകെട്ടിയതിൽ ഉൾപ്പെടുന്നു. മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി ജില്ലകളിലെ ഫ്ളാറ്റ് ഉൾപ്പെടെ അഞ്ചു ഭൂസ്വത്തുക്കൾ, നാലു സ്ഥിര നിക്ഷേപങ്ങൾ എന്നിവയാണ് കണ്ടുകെട്ടിയതെന്ന് ഇ.ഡി അധികൃതർ പറഞ്ഞു.
സംഘടനാചട്ടങ്ങൾക്കു വിരുദ്ധമായി ഇയാൾ വാഹനം, ഫ്ളാറ്റ് എന്നിവയുടെ വായ്പ തിരിച്ചടയ്‌ക്കാനും മറ്റു വ്യക്തിപരമായ ആവശങ്ങൾക്കും ഫണ്ടുകൾ വിനിയോഗിച്ചു. മിനിട്ട്സുകളിൽ തിരിമറി നടത്തിയാണ് തുക വകമാറ്റിയത്.
തൃശൂർ ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത് സമർപ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡിയും കേസെടുത്തത്. തട്ടിയെടുത്ത 1.44 കോടി രൂപയിൽ ഭൂരിഭാഗവും ബാങ്കുകളിൽ നിന്ന് പണമായാണ് എടുത്തതെന്ന് ഇ.ഡി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |