
കൊച്ചി: എസ്.എൻ.ഡി.പി യോഗം ഡയറക്ടർമാരുടെ നിയമനത്തിന് സംസ്ഥാന സർക്കാർ നൽകുന്ന ഡി.ഐ.എൻ (ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പർ) നിർബന്ധമാണെന്ന് ഹൈക്കോടതി. ഇതോടെ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനടക്കം അയോഗ്യരായി. പ്രസിഡന്റ് ഡോ.എം.എൻ. സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് എന്നിവരും അയോഗ്യരായവരിൽ ഉൾപ്പെടുന്നു. പൊതുയോഗം ചേർന്ന് പുതിയ ഡയറക്ടർമാരെ തിരഞ്ഞെടുക്കുന്നതു വരെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഡയറക്ടർമാരെ നിയമിക്കാൻ സംസ്ഥാന സർക്കാരിന് കോടതി നിർദ്ദേശം നൽകി.
കമ്പനി ഡയറക്ടർമാരാകാൻ ഡി.ഐ.എൻ അനിവാര്യമാകയാൽ അതില്ലാത്ത ആർക്കും യോഗം ഡയറക്ടർമാരായി തുടരാനോ നിയമിതരാകാനോ യോഗ്യതയില്ലെന്ന് സിംഗിൾബെഞ്ച് വ്യക്തമാക്കി. വാർഷിക റിട്ടേണുകൾ തുടർച്ചയായ മൂന്നുവർഷം സമർപ്പിച്ചില്ലെങ്കിൽ 5 വർഷം അയോഗ്യത കൽപ്പിക്കണമെന്ന കമ്പനി നിയമത്തിലെ സെക്‌ഷൻ 164(2) കൂടി കണക്കിലെടുത്താണ് ഹൈക്കോടതി ഉത്തരവ്. 2020ലെ കമ്പനീസ് ഫ്രഷ് സ്റ്റാർട്ട് സ്കീം പ്രകാരം പിന്നീട് റിട്ടേണുകൾ സമർപ്പിച്ച് അംഗീകാരം നേടിയിരുന്നതായി യോഗം കോടതിയെ അറിയിച്ചിരുന്നു.
നിലവിലെ ഭരണസമിതി 2006 മുതൽ കണക്കുകൾ സമർപ്പിച്ചിട്ടില്ലെന്നും അതിനാൽ ഡയറക്ടർമാരെ നീക്കണമെന്നും ആവശ്യപ്പെട്ട് പ്രൊഫ. എം.കെ. സാനു, അഡ്വ. എസ്. ചന്ദ്രസേനൻ, ഡോ.കെ. രഘു എന്നിവർ നേരത്തെ നൽകിയ ഹർജികൾ തീർപ്പാക്കിയാണ് ജസ്റ്റിസ് ടി.ആർ. രവിയുടെ ഉത്തരവ്. രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ ഈ ആവശ്യം നിരസിച്ച സാഹചര്യത്തിലാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. എസ്.എൻ.ഡി.പി യോഗം പബ്ലിക് ലിമിറ്റഡ് കമ്പനിയായാണ് പ്രവർത്തിക്കുന്നതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
ഡയറക്ടർമാർ സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിൽ രജിസ്ട്രേഷൻ ഐ.ജി ആവശ്യമായ തുടർനടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
അപ്പീൽ നൽകും: വെള്ളാപ്പള്ളി
ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് വെള്ളാപ്പള്ളി നടേശൻ അറിയിച്ചു. ഡി.ഐ.എൻ വേണമെന്നത് നിയമമാണ്. എന്നാൽ, അത് നൽകാനുള്ള സംവിധാനം കേരള സർക്കാരിനില്ല. കേന്ദ്ര സർക്കാരിന്റെ ഡി.ഐ.എൻ ഞങ്ങൾക്കെല്ലാമുണ്ട്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |