SignIn
Kerala Kaumudi Online
Sunday, 15 March 2026 3.08 PM IST

ഇതുപോലൊരു കുറ്റം ഇതാദ്യം, ലഭിച്ച ശിക്ഷയും അതുപോലെ; ഇന്ത്യക്കാരായ സഹോദരന്മാർക്ക് ലഭിച്ചത് 835 വർഷത്തെ തടവ്

Increase Font Size Decrease Font Size Print Page
savani-brothers

ന്യൂയോർക്ക്: അമേരിക്കൻ മലയാളികൾക്കിടയിലും പ്രവാസി സമൂഹത്തെയും അമ്പരിച്ച സംഭവങ്ങളാണ് പെൻസിൽവാനിയയിൽ നിന്നുള്ള സവാനി സഹോദരന്മാരുടെ തട്ടിപ്പ് കഥകൾ. ദശലക്ഷക്കണക്കിന് ഡോളറുകളുടെ വമ്പൻ തട്ടിപ്പാണ് ഇന്ത്യൻ വംശജർ കൂടിയായ ഭാസ്‌കർ സവാനിയും അരുൺ സവാനിയും ചെയ്തത്.

എന്താണ് സവാനി സഹോദരന്മാർ ചെയ്ത കുറ്റം?

ദന്തഡോക്ടറായ ഭാസ്‌കറും ബിസിനസുകാരനായ അരുണും ചേർന്ന് തങ്ങളുടെ സവാനി ഗ്രൂപ്പ് എന്ന സ്ഥാപനം വഴി വൻ തട്ടിപ്പാണ് നടത്തിയിരുന്നത്. പ്രധാനമായും രണ്ട് തരം തട്ടിപ്പുകളായിരുന്നു ഇവരുടേത്. ഒന്ന് എച്ച്1ബി-വിസ തട്ടിപ്പും രണ്ടാമത് മെഡിക്കെയ്ഡ് തട്ടിപ്പും. നിരഞ്ജൻ സവാനി, ആമേൻ ധില്ലൺ, സുനിൽ ഫിലിപ്പ്, സൂസൻ മാൽപാർട്ടിഡ എന്നിവരുൾപ്പെടെ നിരവധി പേർ ഈ സംഘവുമായി ബന്ധപ്പെട്ട് കുറ്റക്കാരാണെന്ന് ദി ഡെയ്ലി വോയ്സ് റിപ്പോർട്ട് ചെയ്യുന്നു.


ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികളെ ചൂഷണം ചെയ്താണ് ഇവർ വിസ തട്ടിപ്പ് നടത്തിയത്. വ്യാജ രേഖകൾ ചമച്ച് തൊഴിലാളികളെ അമേരിക്കയിലെത്തിക്കുകയും, പിന്നീട് ഇവരുടെ ശമ്പളത്തിന്റെ ഒരു ഭാഗം നിർബന്ധപൂർവ്വം തിരിച്ച് വാങ്ങുകയും ചെയ്യും. ഇമിഗ്രേഷൻ നിയമങ്ങൾ കാറ്റിൽ പറത്തിയായിരുന്നു ഇവരുടെ പ്രവർത്തനങ്ങൾ. തട്ടിപ്പിന് ഇരയായവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്.

സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിക്കെയ്ഡിനെ വഞ്ചിച്ചതാണ് മറ്റൊരു കുറ്റം. ഇൻഷുറൻസ് കരാറുകൾ റദ്ദാക്കപ്പെട്ട ശേഷവും വ്യാജ ഉടമസ്ഥരെ ഉപയോഗിച്ച് ക്ലിനിക്കുകൾ പ്രവർത്തിപ്പിക്കുകയും 30 മില്യൺ ഡോളറിലധികം (ഏകദേശം 250 കോടി രൂപ) സർക്കാരിൽ നിന്ന് തട്ടിയെടുക്കുകയും ചെയ്തു. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനിൽ നിന്ന് അനുമതി ലഭിക്കാത്ത ഡെന്റൽ ഇംപ്ലാന്റുകൾ രോഗികളിൽ അവരുടെ അനുവാദമില്ലാതെ ഉപയോഗിച്ചുവെന്നും അന്വേഷണത്തിൽ വ്യക്തമായി.

ബാങ്ക് അക്കൗണ്ടുകൾ വഴി തട്ടിപ്പ് പണം വകമാറ്റുകയും സ്വന്തം മക്കളുടെ കോളേജ് ഫീസും വീടിന്റെ അറ്റകുറ്റപ്പണികൾക്ക് വന്ന ചെലവ് ബിസിനസ് ചെലവായി കാണിച്ച് നികുതി വെട്ടിക്കുകയും ചെയ്തു. ഏകദേശം 13 കോടി രൂപ (1.6 മില്യൺ ഡോളർ) വ്യക്തിഗത വരുമാനത്തിനുള്ള നികുതിയും, കണക്കിൽ കാണിക്കാത്ത ജീവനക്കാരുടെ ശമ്പളമായ ഒമ്പത് കോടിയുടെ (1.1 മില്യൺ ഡോളർ) നികുതിയും ഇവർ വെട്ടിച്ചുവെന്ന് അധികൃതർ കണ്ടെത്തി.


അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എഫ്.ബി.ഐ ഡയറക്ടർ സ്ഥാനത്തേക്ക് നിർദ്ദേശിച്ച കാഷ് പട്ടേലുമായുള്ള ഇവരുടെ ബന്ധമാണ് കേസിന് രാഷ്ട്രീയ പ്രാധാന്യം നൽകിയത്. 2023-ൽ കേസുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുമ്പോൾതന്നെ കാഷ് പട്ടേലിനൊപ്പമുള്ള ചിത്രങ്ങൾ ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. തന്റെ സുഹൃത്തുക്കളായ സവാനി സഹോദരന്മാർ നിരപരാധികളാണെന്ന് കാഷ് പട്ടേൽ അന്ന് അവകാശപ്പെട്ടിരുന്നു.


നിലവിൽ എല്ലാ തട്ടിപ്പുകൾക്കുമായി കടുത്ത ശിക്ഷയാണ് ഇരുവർക്കും കോടതി വിധിച്ചിരിക്കുന്നത്. ഭാസ്‌കർ സവാനിക്ക് 420 വർഷവും അരുൺ സവാനിക്ക് 415 വർഷവുമാണ് തടവ്. ഇരുവരുടെയും ശിക്ഷാകാലം ഒരുമിച്ച് കൂട്ടിയാൽ ആകെ 835 വർഷം. ഇവരുടെ കൂട്ടാളി അലക്സാന്ദ്ര റഡോമിക്കിന് 40 വർഷം തടവും കോടതിവിധിച്ചു. അമേരിക്കൻ ഫെഡറൽ പ്രോഗ്രാമുകളെയും പാവപ്പെട്ട രോഗികളെയും വഞ്ചിച്ച ഇവർക്ക് അർഹമായ ശിക്ഷയാണ് ലഭിച്ചതെന്ന് പ്രോസിക്യൂട്ടർമാർ വ്യക്തമാക്കി.

TAGS: EXPLAINER, LATESTNEWS, FRAUD CASE, SENTENCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.