
സീസണിലെ ആദ്യ ജയം തേടി കേരള ബ്ളാസ്റ്റേഴ്സും ഗോകുലം കേരളയും
ബ്ളാസ്റ്റേഴ്സ് ഐ.എസ്.എല്ലിൽ ഈസ്റ്റ് ബംഗാനെ നേരിടുന്നു
ഗോകുലം ഐ.എഫ്.എല്ലിൽ ശ്രീനിധി ഡക്കാനെ നേരിടുന്നു
കൊൽക്കത്ത : വൈകിത്തുടങ്ങിയ ഐ.എസ്.എൽ സീസണിൽ കേരള ബ്ളാസ്റ്റേഴ്സിനരികിലേക്ക് വിജയവുമെത്താൻ വൈകുന്നു. സീസണിലെ ആദ്യ നാലുമത്സരങ്ങളിൽ ഒന്നിപ്പോലും വിജയിക്കാൻ കഴിയാത്ത ബ്ളാസ്റ്റേഴ്സിന് ഇന്ന് അഞ്ചാം മത്സരം. എതിരാളികൾ ഈസ്റ്റ് ബംഗാൾ. മത്സരവേദി കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്റ്റേഡിയം. ഇന്ന് വൈകിട്ട് അഞ്ചുമണിക്കാണ് കിക്കോഫ്.
ഇതുവരെ കളിച്ച നാലുമത്സരങ്ങളും തോറ്റവരാണ് കേരള ബ്ളാസ്റ്റേഴ്സ്. ഇതിൽ മൂന്ന് കളികളും ഹോം ഗ്രൗണ്ടായ കൊച്ചി കലൂർ സ്റ്റേഡിത്തിലായിരുന്നു. ബ്ളാസ്റ്റേഴ്സിനെക്കൂടാതെ എല്ലാ കളിയും തോറ്റ ടീമായി ലീഗിൽ അവസാനസ്ഥാനക്കാരായ മൊഹമ്മദൻസ് മാത്രമാണുള്ളത്. പോയിന്റ് പട്ടിക തുറക്കാൻ കഴിയാത്ത ബ്ളാസ്റ്റേഴ്സ് മൊഹമ്മദൻസിന് തൊട്ടുമുകളിൽ 13-ാം സ്ഥാനത്താണ്.
ഈ സീസണിന്റെ ഉദ്ഘാടനമത്സരത്തിൽ കൊൽക്കത്ത സാൾട്ട് ലേക്കിൽ വച്ച് മോഹൻ ബഗാനോട് മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് തോറ്റാണ് ഡേവിഡ് കറ്റാല പരിശീലിപ്പിക്കുന്ന മഞ്ഞപ്പടയുടെ തുടക്കം. പിന്നാലെ കൊച്ചിയിലെത്തി മുംബയ് സിറ്റി എഫ്.സിയോട് 1-0ത്തിനും ഇന്റർ കാശിയോട് 2-1നും ചെന്നൈയിനോട് 1-0ത്തിനും തോൽവി. നാലു മത്സരങ്ങളിൽ നിന്ന് ആകെ നേടിയത് ഒരൊറ്റ ഗോൾ. വാങ്ങിയത് ആറെണ്ണം.
മുൻ സീസണുകളിൽ തോൽവി ശീലമാക്കിയ ഈസ്റ്റ് ബംഗാൾ ഇക്കുറി കുറച്ച് മെച്ചപ്പെട്ട സ്ഥിതിയിലാണ്.നാലുകളികളിൽ രണ്ടുവിജയങ്ങൾ നേടാനായി. ഒന്നിലേ തോറ്റുള്ളൂ. ഒന്ന് സമനിലയിലായി. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 3-0ത്തിന് തോൽപ്പിച്ചാണ് തുടക്കം. തുടർന്ന് സ്പോർടിംഗ് ഡൽഹിയെ 4-1ന് തകർത്തു. ജംഷഡ്പുരിനോട് 2-1നായിരുന്നു തോൽവി.കഴിഞ്ഞ കളിയിൽ എഫ്.സി ഗോവയുമായി ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. നാലുമത്സരങ്ങളിൽ നിന്ന് എട്ടുഗോളുകൾ നേടാനായി. വഴങ്ങിയത് മൂന്ന് ഗോളുകൾ മാത്രവും. ഏഴ് പോയിന്റുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്ത്.
8 മത്സരങ്ങളിലാണ് ഇതുവരെ ബ്ളാസ്റ്റേഴ്സും ഈസ്റ്റ് ബെംഗാളും ഏറ്റുമുട്ടിയത് . ഇതിൽ മൂന്നു തവണ ബ്ളാസ്റ്റേഴ്സ് ജയിച്ചു. രണ്ടുതവണ ഈസ്റ്റ് ബംഗാൾ ജയിച്ചു. മൂന്ന് കളികൾ സമനിലയിലായി.
5.30 pm മുതൽ സോണി സ്പോർട്സിൽ ലൈവ്
നിധി തേടി ഗോകുലം
പയ്യനാട് : സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലം ജയിക്കാൻ കഴിയാതിരുന്ന ഗോകുലം കേരളയ്ക്ക് ഇന്ത്യൻ ഫുട്ബാൾ ലീഗിൽ (മുമ്പത്തെ ഐ ലീഗ്) ശ്രീനിധി ഡെക്കാനെതിരെ ആദ്യ വിജയം നേടിയെടുക്കാൻ കഴിയുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഇന്ന് വൈകിട്ട് നാലിന് ഗോകുലത്തിന്റെ തട്ടകമായ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് ഇരുടീമുകളും തമ്മിലുള്ള പോരാട്ടം.
കളിച്ച രണ്ട് മത്സരങ്ങളിലും ജയിക്കാനായില്ലെങ്കിലും ബ്ളാസ്റ്റേഴ്സിനെപ്പോലെ തോൽവി വഴങ്ങിയില്ല ഗോകുലം. രണ്ട് സമനിലകൾ. ആദ്യമത്സരത്തിൽ ചന്മാരിയുമായി ഗോൾരഹിതം. അടുത്ത മത്സരത്തിൽ നാംധാരിയുമായി പയ്യനാടുവച്ച് ഓരോന്നടിച്ച് പിരിഞ്ഞു. ശ്രീനിധി രണ്ട് മത്സരങ്ങളിൽ ഒന്ന് ജയിച്ചു.ഒന്നുതോറ്റു. ആദ്യ മത്സരത്തിൽ കൊൽക്കത്ത ക്ളബ് ഡയമണ്ട് ഹാർബറിനെ 1-0ത്തിന് തോൽപ്പിച്ചു. രണ്ടാം മത്സരത്തിൽ ചന്മാരിയോട് 2-1ന് തോറ്റു. 10 ടീമുകളടങ്ങുന്ന ലീഗിൽ മൂന്നുപോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ശ്രീനിധി. ഗോകുലം രണ്ടു പോയിന്റുമായി ഒൻപതാമതും.
8 മത്സരങ്ങളിൽ ശ്രീനിധിയും ഗോകുലവും ഏറ്റുമുട്ടിയപ്പോൾ 5 ജയം ഗോകുലത്തിന്. മൂന്നുജയം ശ്രീനിധിക്ക്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |