കൊച്ചി: ഇല്ലാത്ത സേവനത്തിന് മുഖ്യമന്ത്രിയുടെ മകൾക്ക് പ്രതിഫലം നൽകിയെന്ന ആരോപണത്തിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ) രജിസ്റ്റർ ചെയ്ത കേസിൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിലുള്ള രേഖകൾ കൈമാറുന്നത് ഹൈക്കോടതി വിലക്കി. രേഖകൾ ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഷോൺ ജോർജ് നൽകിയ ഹർജിയിൽ പ്രത്യേക സെഷൻസ് കോടതി ഉത്തരവ് പുറപ്പെടുവിക്കാനിരിക്കേയാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സെഷൻസ് കോടതിക്ക് വിധിപറയാൻ തടസമില്ലെന്നും ജസ്റ്റിസ് സി.എസ്.ഡയസ് വ്യക്തമാക്കി.
എസ്.എഫ്.ഐ.ഒ റിപ്പോർട്ടിൽ രണ്ടാംപ്രതിയായ ആലുവ സ്വദേശി പി.സുരേഷ്‌കുമാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. സെഷൻസ് കോടതി ഷോൺ ജോർജിന് അനുകൂലമായി വിധിച്ചാലും ഹൈക്കോടതിയുടെ തുടർഉത്തരവ് ഉണ്ടാകാതെ രേഖകൾ കൈമാറരുതെന്നാണ് സിംഗിൾബെഞ്ച് നിർദ്ദേശം. വിഷയം മാർച്ച് 30ന് വീണ്ടും പരിഗണിക്കും. എസ്.എഫ്.ഐ.ഒ വിചാരണക്കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തോടൊപ്പമുള്ള കേസ് ഡയറിയടക്കം 775 പേജുകളുള്ള രേഖകൾ ആവശ്യപ്പെട്ടാണ് ഷോൺ ഹർജി നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |